കൊച്ചി : എറണാകുളം നഗരസഭാ പരിധിയിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനിഷൻ (എ.എൻ.പി.ആർ) ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് നഗരസഭ നൽകണമെന്ന ജില്ലാ കളക്ടറുടെ ആവശ്യം നഗരസഭാ സെക്രട്ടറി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിൽ (സി.എസ്.എം.എൽ) ഫണ്ടിന്റെ അപര്യാപ്തതയുള്ള സാഹചര്യത്തിലാണ് ഗതാഗത സുരക്ഷ മുൻനിർത്തി ക്യാമറ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ കളക്ടർ നിർദ്ദേശിച്ചത്. പ്രവർത്തനക്ഷമമായ നാല് എ.എൻ.പി.ആർ ക്യാമറകൾക്ക് പുറമേ 57 ക്യാമറകൾ കൂടി സ്ഥാപിക്കണമെന്ന് വാഹനഗതാഗത വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം റോഡ് സേഫ്റ്റി കമ്മീഷണർക്ക് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് കമ്മീഷനെ അറിയിച്ചു. ക്യാമറകൾക്ക് പണമടക്കാത്തതിനാൽ കണക്ഷൻ റദ്ദാക്കാനുള്ള നടപടികൾ ബി.എസ്.എൻ.എൽ ആരംഭിച്ചിട്ടുണ്ടെന്നും വാഹന ഗതാഗത വകുപ്പ് കമ്മീഷനെ അറിയിച്ചു.നഗരപരിധിയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പ്രവർത്തന സജ്ജമാണോയെന്ന് പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ആർ.റ്റി.ഒ., റോഡ് സേഫ്റ്റി കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം. ട്രാഫിക് സിഗ്നലുകൾ പ്രവർത്തനക്ഷമമാണോയെന്നും പരിശോധിക്കണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവി സിറ്റി, ആർ.റ്റി.ഒ., നഗരസഭാ സെക്രട്ടറി എന്നിവർ മൂന്നാഴ്ചക്കകം സമർപ്പിക്കണം.
എ.സി.പി. (ട്രാഫിക്), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (തദ്ദേശ സ്വയംഭരണം), എറണാകുളം ആർ.റ്റി.ഒ. എന്നിവർ കേസ് പരിഗണിക്കുന്ന മാർച്ച് 3 ന് രാവിലെ 10 ന് പത്തടിപ്പാലം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം.








