
ദോഹ: നവ സാങ്കേതിക വിദ്യ എത്ര പുരോഗതി പ്രാപിച്ചാലും മനുഷ്യ വിഭവ ശേഷിയുടെ മൂല്യം കുറയുന്നില്ലെന്ന് നജീബ് കാന്തപുരം എംഎൽഎ അഭിപ്രായപ്പെട്ടു. പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വിപ്ലവവും, വ്യാവസായിക വിപ്ലവവും, കമ്പ്യൂട്ടർ വിപ്ലവവും നടന്നിട്ടും മനുഷ്യവിഭവശേഷിക്ക് ഏൽക്കാത്ത മൂല്യച്യുതി ആധുനിക കാലത്തെ എ ഐ വിപ്ലവത്തിൽ സംഭവിക്കുകയില്ല. സഹാനുഭൂതി, മനുഷ്യത്വം, സഹതാപം തുടങ്ങി മാനുഷിക വൈകാരിക ഭാവങ്ങൾ പ്രകടിപ്പിക്കാൻ മനുഷ്യവിഭവം തന്നെ ആവശ്യമാണ്. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വന്നാൽ മനുഷ്യരുടെ ജോലി അവസരം നഷ്ടപ്പെടുകയില്ല, മറിച്ച് വിദ്യാസമ്പന്നരായ ആളുകൾക്കുള്ള അവസരങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകക്രമം ദിനേന മാറിക്കൊണ്ടിരിക്കുകയാണ്. വേഗത കൂടിയ ഇക്കാലത്ത് നവ സാങ്കേതിക വിദ്യയുടെ പുത്തൻ പാഠങ്ങൾ പഠിച്ചെടുക്കാൻ പുതു തലമുറയെ പാകപ്പെടുത്തിയെടുക്കണം. പ്രശ്നങ്ങൾക്കു പിന്നിൽ അണിനിരക്കാതെ പരിഹാരങ്ങളുടെ ഭാഗമാകാൻ യുവതലമുറയെ സജ്ജരാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ ലോകത്തെ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വിചക്ഷകരും മുന്നിട്ടിറങ്ങി അവ സ്വായത്തമാക്കാൻ പരിശ്രമിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക അച്ചടക്കം ജീവിതത്തിൻ്റെ അവിഭാജ്യഘടകമാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്ത് വരുന്ന മാറ്റങ്ങൾക്കനുസരിച്ച് കുട്ടികൾക്ക് ആത്മവിശ്വാസം പകരാനും അവരവരുടെ നിയോഗം എന്താണെന്ന് മക്കൾക്ക് സ്വയം തിരിച്ചറിയാനും കഴിയുമ്പോഴാണ് സമൂഹം ശരിയായ ദിശയിൽ മുന്നേറുകയെന്നും നജീബ് കാന്തപുരം എംഎൽഎ വ്യക്തമാക്കി.
ഖത്തർ ഫൌണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ സി ഇ ഒ ഹാരിസ് പി ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്പോട്സ് കൗൺസിൽ (ഐ എസ് സി) പ്രസിഡണ്ട് ഇപി അബ്ദുറഹ്മാൻ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് സിറാജ് ഇരിട്ടി, ഫോക്കസ് ഇൻ്റർനാഷണൽ സി ഇ ഒ ഷബീർ വെള്ളാടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ സി ഒ ഒ അമീർ ഷാജി, ഡെപ്യൂട്ടി സി ഇ ഒ സഫീറുസലാം, സി എഫ് ഒ ഫാഇസ് എളയോടൻ, ഡോ. റസീൽ മൊയ്തീൻ, ആശിഖ് ബേപ്പൂർ എന്നിവർ സംസാരിച്ചു. മൊയ്ദീൻ ഷാ, ഹാഫിസ് ഷബീർ, റഷീഖ് ബക്കർ, അമീനുർറഹ്മാൻ എ എസ്, ഫഹ്സിർ റഹ്മാൻ, സിജില കെ സൈദു, സുആദ ഇസ്മാഈൽ അഷ്‌റഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.











