
തിരുവനന്തപുരം: വയനാട്ടിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം ഉണ്ടായ ദുരന്തത്തിന് പിന്നിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് ആരോപിച്ചു. ഇത് സ്വാഭാവിക മണ്ണിടിച്ചിലല്ല, മറിച്ച് മനുഷ്യനിർമിത ദുരന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴയെ തുടർന്ന് അപകടസാധ്യത ഉയരുമെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കൊങ്കൺ റെയിൽവേ അധികൃതർ പങ്കെടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ചയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ്, രജനീഷ്, തന്മയ് ഘോഷ് എന്നിവർ ചികിത്സയിൽ കഴിയുകയാണ്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്നത് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
രണ്ട് എൻഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടറുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ ഏകോപിതമായ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
തുരങ്കപാത നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാനും അപകടഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ എട്ട് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നേരത്തേ തന്നെ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.










