03:37pm 29 April 2026
NEWS
ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ ശേഷവും ബിജെപിക്കുള്ള സംഭാവനയിൽ വൻ കുതിപ്പ്
21/12/2025  11:04 AM IST
nila
ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ ശേഷവും ബിജെപിക്കുള്ള സംഭാവനയിൽ വൻ കുതിപ്പ്

ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഭരണകക്ഷിയായ ബിജെപിക്ക് ലഭിക്കുന്ന സംഭാവനയിൽ വൻ കുതിപ്പ്. ഇലക്ടറൽ ബോണ്ട് പദ്ധതി അവസാനിപ്പിച്ചതിന് ശേഷമുള്ള ആദ്യ പൂർണ്ണ സാമ്പത്തിക വർഷമായ 2024–25ൽ പാർട്ടിയുടെ വരുമാനം വലിയ തോതിൽ ഉയർന്നു എന്നാണ് റിപ്പോർട്ട്. ദി ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമർപ്പിച്ച സംഭാവന റിപ്പോർട്ട് പ്രകാരം, 2024–25 സാമ്പത്തിക വർഷത്തിൽ പാർട്ടിക്ക് ലഭിച്ചത് 6,073 കോടി രൂപയാണ്. മുൻവർഷം ലഭിച്ച 3,967 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 53 ശതമാനം വർധനവാണ്. 2023–24ൽ ലഭിച്ച മൊത്തം വരുമാനത്തിന്റെ 42 ശതമാനവും ഇലക്ടറൽ ബോണ്ടുകൾ വഴിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് ഈ വർഷം ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്. വിവിധ സ്രോതസ്സുകളിൽ നിന്നായി ട്രസ്റ്റുകൾ സമാഹരിച്ച 3,811 കോടി രൂപയിൽ 3,112 കോടി രൂപയും ബിജെപിക്ക് ലഭിച്ചു. ശേഷിക്കുന്ന 2,961 കോടി രൂപ കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നുമായാണ് സമാഹരിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ സംഭാവനയാണിത്.

പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് ബിജെപിക്ക് സംഭാവന നൽകുന്നവരിൽ പ്രധാനികൾ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടി രൂപയും, റുങ്ത സൺസ് പ്രൈവറ്റ് ലിമിറ്റഡ് 95 കോടി രൂപയും, വേദാന്ത ലിമിറ്റഡ് 67 കോടി രൂപയും സംഭാവന നൽകി. മാക്രോടെക് ഡെവലപ്പേഴ്സ്, ലോട്ടസ് ഹോംടെക്സ്റ്റൈൽസ്, ഐടിസി ലിമിറ്റഡ്, മാൻകൈൻഡ് ഫാർമ, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് എന്നിവരും പ്രധാന ദാതാക്കളിൽ ഉൾപ്പെടുന്നു. 

ഡിസംബർ എട്ടിന് സമർപ്പിച്ച റിപ്പോർട്ടിൽ 20,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിഗത സംഭാവനകളുടെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച്, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ്, അല്ലെങ്കിൽ ബാങ്ക് കൈമാറ്റം വഴിയുമാത്രമേ കമ്പനികൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകാൻ കഴിയൂ. ഇത്തരം ഇടപാടുകൾ ഓഡിറ്റ് റിപ്പോർട്ടുകളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ട്.

2017–18 കാലഘട്ടത്തിലാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിയത്. രാഷ്ട്രീയ ഫണ്ടിംഗിലെ കള്ളപ്പണം തടയാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്നായിരുന്നു അന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വിശദീകരിച്ചത്. എന്നാൽ ദാതാക്കളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കണ്ടെത്തി 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി പദ്ധതി റദ്ദാക്കി. പദ്ധതി നിലനിന്ന കാലയളവിൽ ബോണ്ടുകൾ വഴി ലഭിച്ച 16,000 കോടി രൂപയിൽ വലിയ പങ്കും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img