07:54pm 31 August 2026
NEWS
അല്ലു അർജുൻ ത്രിപിൾ റോളിൽ; വില്ലൻ വേഷത്തിൽ ഐഷു: 'രാക്ക'യിൽ വമ്പൻ താരനിര!
30/08/2026  01:47 PM IST
സുരേഷ് വണ്ടന്നൂർ
അല്ലു അർജുൻ ത്രിപിൾ റോളിൽ; വില്ലൻ വേഷത്തിൽ ഐഷു: രാക്കയിൽ വമ്പൻ താരനിര!

അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാക്ക'യിൽ പ്രതിനായികയായി മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി എത്തും. ആദ്യമായാണ് ഐശ്വര്യ ലക്ഷ്മി അല്ലു അർജുൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രം അല്ലു അർജുന്റെയും അറ്റ്‌ലിയുടെയും കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിലൊന്നാണ്. അച്ഛനും രണ്ട് മക്കളുമായി മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് അല്ലു അർജുൻ ചിത്രത്തിൽ എത്തുന്നത്.
​ദീപിക പദുകോൺ, രശ്മിക മന്ദാന, മൃണാൾ താക്കൂർ, ജാൻവി കപൂർ തുടങ്ങി വമ്പൻ നായികനിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിൽ നിന്ന് ചെമ്പൻ വിനോദ്, ഫെമിന ജോർജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'പുഷ്‌പ 2' വിനുശേഷം എത്തുന്ന അല്ലു അർജുൻ ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ രാക്കയെ കാണുന്നത്.
​ഐശ്വര്യ ലക്ഷ്മിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്. 2022-ൽ ഒ.ടി.ടി റിലീസായ 'അമ്മു'വിലൂടെയായിരുന്നു താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം. സായ് ദുർഗ തേജ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ 'എസ്. വൈ.ജി (സാംബരാല യേതിഗട്ട്)' ആണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം.
​അടുത്തിടെ റിലീസ് ചെയ്ത 'ഗാട്ട കുസ്‌തി 2' 50 കോടി ക്ലബ്ബിൽ കയറിയതിന്റെ സന്തോഷത്തിലാണ് ഐഷു. നടിയുടെ കരിയറിൽ ആദ്യമായാണ് ഒരു ചിത്രം 50 കോടി നേടുന്നത്. ഉർവശി, ജോജു ജോർജ് എന്നിവർക്കൊപ്പം അഭിനയിക്കുന്ന 'ആശ'യാണ് മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ഐശ്വര്യ ലക്ഷ്മി ചിത്രം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img