06:01pm 02 September 2026
NEWS
ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; എച്ച്4 വീസക്കാർക്ക് ജോലി ചെയ്യാനുള്ള അനുമതി നിർത്തലാക്കാൻ ട്രംപിന്റെ നീക്കം
02/09/2026  02:58 PM IST
nila
ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; എച്ച്4 വീസക്കാർക്ക് ജോലി ചെയ്യാനുള്ള അനുമതി നിർത്തലാക്കാൻ ട്രംപിന്റെ നീക്കം

വാഷിങ്ടൺ: എച്ച്1ബി വീസയിൽ യുഎസിലെത്തി ജോലി ചെയ്യുന്നവരുടെ ആശ്രിതർക്ക് ലഭിച്ചിരുന്ന തൊഴിൽ അവസരങ്ങൾക്ക് നിയന്ത്രണം വരുത്താൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. എച്ച്1ബി വീസ ഉടമകളുടെ പങ്കാളികളും മക്കളും ഉൾപ്പെടുന്ന എച്ച്4 വീസക്കാർക്ക് ജോലി ചെയ്യാൻ അനുമതി നൽകുന്ന നിലവിലെ സംവിധാനം പുനഃപരിശോധിക്കുകയാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്. എച്ച്4 വീസക്കാർക്ക് തൊഴിൽ ചെയ്യുന്നതിനായി അനുവദിക്കുന്ന എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് സംവിധാനം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശമാണ് പുറത്തുവന്നത്. നിർദേശം ഓഫിസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരാൻ ഇനിയും സമയമെടുത്തേക്കും.

2015ൽ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്താണ് എച്ച്1ബി വീസക്കാരുടെ ആശ്രിതർക്ക് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമഭേദഗതി നിലവിൽ വന്നത്. എച്ച്4 വീസയുള്ളവർക്ക് യുഎസിൽ താമസിക്കാനും ഡ്രൈവിങ് ലൈസൻസ് നേടാനും ബാങ്ക് അക്കൗണ്ട് തുറക്കാനും സാധിക്കും. എന്നാൽ ജോലി ചെയ്യുന്നതിന് എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ്  നിർബന്ധമാണ്.

വിദേശ തൊഴിലാളികൾക്ക് കടുത്ത നിയന്ത്രണങ്ങൾ

യുഎസിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനുള്ള നിയമങ്ങളിൽ കടുത്ത മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശം വിലയിരുത്തപ്പെടുന്നത്. എച്ച്1ബി വീസയുടെ ഫീസ് 1,03,265 ഡോളറായി ഉയർത്താനുള്ള നിർദേശം ഉൾപ്പെടെയുള്ള നടപടികൾ ട്രംപ് ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എച്ച്1ബി ജോലി നഷ്ടപ്പെടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിനായി നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡ് ഒഴിവാക്കാനുള്ള നീക്കവും വിദേശ തൊഴിലാളികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

എച്ച്4 തൊഴിൽ അനുമതി ലഭിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ

എച്ച്1ബി വീസക്കാരുടെ പങ്കാളികൾക്കും 21 വയസ്സിന് താഴെയുള്ള അവിവാഹിതരായ മക്കൾക്കുമാണ് എച്ച്4 ആശ്രിതവീസ ലഭിക്കുന്നത്. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ EADയ്ക്കായി അപേക്ഷിച്ച എച്ച്4 വീസക്കാരിൽ 93 ശതമാനവും ഇന്ത്യക്കാരായിരുന്നു. ഇവരിൽ 94 ശതമാനം വനിതകളുമാണ്. അതിനാൽ എച്ച്4 തൊഴിൽ അനുമതി നിർത്തലാക്കാനുള്ള നീക്കം യുഎസിലെ ഇന്ത്യൻ കുടുംബങ്ങളെയാണ് പ്രധാനമായും ബാധിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img