04:59pm 02 November 2026
NEWS
വധുവിനെ തേടി ഏഴായിരം പേർ! പ്രതീക്ഷിച്ചത് ആയിരം പേരെ മാത്രം; വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ വൻ തിരക്ക്
02/11/2026  08:15 AM IST
nila
വധുവിനെ തേടി ഏഴായിരം പേർ! പ്രതീക്ഷിച്ചത് ആയിരം പേരെ മാത്രം; വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ വൻ തിരക്ക്

 

കോഴിക്കോട്: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കി കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം സംഘടിപ്പിച്ച സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ വൻ ജനത്തിരക്ക്. പരമാവധി ആയിരം പേരെങ്കിലും എത്തുമെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ കണക്കുകൂട്ടൽ. എന്നാൽ ഞായറാഴ്ച ക്യാമ്പിലെത്തിയത് ഏഴായിരത്തോളം പേർ. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണം സംഘാടകരെപ്പോലും അമ്പരപ്പിച്ചു.

ആദ്യഘട്ടത്തിൽ തയ്യാറാക്കിയ 1,500 അപേക്ഷാ ഫോമുകൾ നിമിഷങ്ങൾക്കകം തീർന്നതോടെ കൂടുതൽ ഫോമുകൾ ലഭ്യമാക്കാൻ ഭാരവാഹികൾ നെട്ടോട്ടമോടി. ഫോമുകളുടെ ഫോട്ടോകോപ്പി എടുത്താണ് പിന്നീട് വിതരണം തുടർന്നത്. അപേക്ഷ നൽകാനെത്തിയവരുടെ നിര ക്ഷേത്രവളപ്പും കടന്ന് ദേശീയപാതയിലെ രണ്ട് ബസ് സ്റ്റോപ്പുകൾക്കപ്പുറത്തേക്ക് നീണ്ടു. റോഡിലേക്കും തിരക്ക് വ്യാപിച്ചതോടെ ഗതാഗതവും ജനക്കൂട്ടവും നിയന്ത്രിക്കാൻ പൊലീസ് ഇടപെടേണ്ടിവന്നു.

സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്ന വിവരം രണ്ടാഴ്ച മുമ്പാണ് ക്ഷേത്രം അധികൃതർ പുറത്തുവിട്ടത്. വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് വ്യാപകമായി പ്രചരിച്ചതോടെ വിവിധ ജില്ലകളിൽനിന്ന് ആളുകൾ എത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെതന്നെ ദൂരസ്ഥലങ്ങളിൽനിന്നുള്ള അപേക്ഷകരും ക്ഷേത്രത്തിലെത്തി. രാവിലെ ഒൻപതിന് ആരംഭിക്കാനിരുന്ന ക്യാമ്പിൽ തിരക്ക് വർധിച്ചതോടെ ഏഴുമണിമുതൽ അപേക്ഷാ ഫോമുകൾ വിതരണം ചെയ്തു.

കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്യാനായി ഒൻപതുമണിയോടെ എത്തിയപ്പോഴേക്കും ക്ഷേത്രപരിസരം ജനസമുദ്രമായി മാറിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന ക്യാമ്പ് തിരക്ക് നിയന്ത്രിക്കാനാകാതെ സന്ധ്യവരെ നീണ്ടു.

അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് പട്ടിക തയ്യാറാക്കി അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി അപേക്ഷകർക്ക് കൈമാറാനാണ് ക്ഷേത്രഭാരവാഹികളുടെ തീരുമാനം. അപേക്ഷകരിൽ ഏകദേശം 80 ശതമാനവും പുരുഷന്മാരാണ്. മുപ്പത് വയസ്സ് പിന്നിട്ടിട്ടും വിവാഹം നടക്കാത്ത യുവാക്കളാണ് വധുവിനെ തേടി കൂടുതലായി എത്തിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്ത്രീകളുടെ അപേക്ഷകളിൽ വലിയൊരു വിഭാഗം രണ്ടാം വിവാഹത്തിന് താൽപര്യമുള്ളവരുടേതാണ്. വിവാഹാലോചനകൾ പലതും നടത്തിയിട്ടും അനുയോജ്യമായ ബന്ധം ലഭിക്കാത്തവരും ക്യാമ്പിനെ പ്രതീക്ഷയോടെയാണ് സമീപിച്ചത്.

'ഒരുപാട് അന്വേഷിച്ചിട്ടും ഒന്നും ശരിയായില്ല. മകന് അനുയോജ്യയായ പെൺകുട്ടിയെ ഇവിടെനിന്ന് കണ്ടെത്താനാകുമോ എന്ന പ്രതീക്ഷയിലാണ് മൂന്ന് മണിക്കൂർ കാത്തുനിന്ന് അപേക്ഷ നൽകിയത്' എന്നാണ് കുരുവട്ടൂർ സ്വദേശിനിയുടെ പ്രതികരണം.

വിവാഹബന്ധങ്ങൾ കണ്ടെത്താൻ പരമ്പരാഗത മാർഗങ്ങൾക്കൊപ്പം പുതിയൊരു കൂട്ടായ്മയെന്ന നിലയിലാണ് ക്ഷേത്രത്തിന്റെ ഈ സംരംഭത്തിന് വലിയ സ്വീകാര്യത ലഭിച്ചത്. പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ആളുകൾ എത്തിയതോടെ ക്യാമ്പ് പ്രദേശത്തെ ശ്രദ്ധേയമായ സംഭവമായി മാറുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img