06:35pm 09 November 2026
NEWS
ഡ്രൈവിങ് ടെസ്റ്റിൽ വൻ ഇളവ്; ഗണേഷ് കുമാർ കൊണ്ടുവന്ന ഉത്തരവിൽ മാറ്റം; സ്ലോട്ടുകൾ 50 ആയി ഉയർത്തി
26/07/2026  05:52 PM IST
NILA
ഡ്രൈവിങ് ടെസ്റ്റിൽ വൻ ഇളവ്; ഗണേഷ് കുമാർ കൊണ്ടുവന്ന ഉത്തരവിൽ മാറ്റം, സ്ലോട്ടുകൾ 50 ആയി ഉയർത്തി

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളിലെ കാലതാമസം പരിഹരിക്കാൻ മുൻ ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ നടപ്പാക്കിയ പ്രധാന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിച്ചതും വ്യാപക പരാതികളും പരിഗണിച്ചാണ് നടപടി.

പുതിയ ഉത്തരവ് പ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഓരോ ദിവസത്തെയും ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം 50 ആയും വർധിപ്പിച്ചിട്ടുണ്ട്. നടപടികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ മേൽനോട്ടം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.

പുതിയ ക്രമീകരണങ്ങൾ
പുതിയ ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് ബുക്കിങ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ടെസ്റ്റ് സ്ലോട്ട് ലഭ്യമാക്കും.
റീ-ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് എട്ട് ദിവസത്തിനുള്ളിൽ സ്ലോട്ട് അനുവദിക്കും.
ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്കുള്ള സ്ലോട്ട് മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
ഗണേഷ് കുമാറിന്റെ കാലത്തെ പരിഷ്കാരങ്ങളിൽ വീണ്ടും മാറ്റം

മുൻ ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ കാലത്ത് ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിൽ വ്യാപക പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്. 18 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കരുത്, ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ നിർബന്ധമാക്കുക തുടങ്ങിയ നിർദേശങ്ങൾ അന്ന് പുറത്തിറക്കിയിരുന്നു.

ഈ തീരുമാനങ്ങൾക്കെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ചില വ്യവസ്ഥകളിൽ പിന്നീട് ഇളവ് അനുവദിച്ചു. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരമാവധി പഴക്കം 18 വർഷത്തിൽ നിന്ന് 22 വർഷമായി ഉയർത്തുകയും, ഡ്രൈവിങ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ നിർബന്ധമായും ഹാജരാകണമെന്ന നിബന്ധനയിൽ ഇളവ് നൽകുകയും ചെയ്തിരുന്നു.

അതേസമയം, പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതും അപേക്ഷകർക്ക് മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചതും വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. പുതിയ സർക്കുലറിലൂടെ ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img