05:04am 15 October 2026
NEWS
വൈദ്യുതി കണക്‌ഷൻ നിരക്കിൽ വൻ ഇളവ്; 90 ശതമാനം വരെ കുറവ്; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
14/10/2026  09:05 PM IST
nila
വൈദ്യുതി കണക്‌ഷൻ നിരക്കിൽ വൻ ഇളവ്; 90 ശതമാനം വരെ കുറവ്; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
തിരുവനന്തപുരം: വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിനുള്ള ചെലവിൽ വൻ കുറവ് വരുത്തി കെഎസ്ഇബി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിരക്കുകൾ പ്രകാരം ചില വിഭാഗങ്ങളിൽ കണക്‌ഷൻ ചെലവിൽ 90 ശതമാനം വരെ കുറവുണ്ടാകും.
 
പുതിയ സർവീസ് കണക്‌ഷൻ, കണക്ടഡ് ലോഡ് വർധിപ്പിക്കൽ, ഫേസ് മാറ്റം, ഹൈടെൻഷൻ കണക്‌ഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതമായി പണമടയ്ക്കാൻ കഴിയുന്ന രീതിയിലാണ് പരിഷ്കാരം. നിശ്ചിത പരിധിക്കുള്ളിൽ വരുന്ന കണക്‌ഷനുകൾക്ക് പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും പണമടയ്ക്കാൻ ഓഫീസിലെത്തുന്നതിനുമുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും.
 
ഇനി അധിക ചെലവിന്റെ ഭാരം കുറയും
 
നേരത്തെ പുതിയ കണക്‌ഷനുവേണ്ടി വൈദ്യുതിത്തൂൺ, ഓവർഹെഡ് ലൈൻ, ട്രാൻസ്ഫോർമർ എന്നിവ പുതുതായി സ്ഥാപിക്കേണ്ടിവന്നാൽ അതിന്റെ മുഴുവൻ ചെലവും ഉപഭോക്താവ് വഹിക്കേണ്ടിവന്നിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ ആവശ്യപ്പെടുന്ന കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള തുക അടച്ചാൽ മതിയാകും.
 
ഫീൽഡ് പരിശോധനയ്ക്കും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുമായി കാത്തിരിക്കാതെ അപേക്ഷാ ഫീസിനൊപ്പം നിശ്ചിത തുക അടയ്ക്കാനും സാധിക്കും. ഇതോടെ പുതിയ കണക്‌ഷൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകുമെന്നാണ് പ്രതീക്ഷ.
 
നിലവിലുള്ള വൈദ്യുതി ലൈനിൽനിന്ന് 200 മീറ്റർ പരിധിക്കുള്ളിലുള്ള സ്ഥലങ്ങൾക്കും 1000 കെവിഎ വരെ കണക്ടഡ് ലോഡിനുമാണ് ആദ്യഘട്ടത്തിൽ ഈ നിരക്കുകൾ ബാധകമാകുന്നത്. 35 മീറ്റർ വെതർ പ്രൂഫ് വയർ ഇതിന് പുറമേ ലഭിക്കുന്ന പരിധിയാണ്. ഉപഭോക്താവ് ആവശ്യപ്പെടുന്ന കണക്ടഡ് ലോഡ് അടിസ്ഥാനമാക്കിയാണ് നിരക്ക് കണക്കാക്കുന്നത്.
 
10 കിലോവാട്ട് വരെയുള്ള കണക്‌ഷനുകൾക്ക് സ്ലാബ് നിരക്ക്
 
പുതുക്കിയ നിരക്കനുസരിച്ച് 10 കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള ഉപഭോക്താക്കൾക്ക് സ്ലാബ് അടിസ്ഥാനത്തിലാണ് കണക്‌ഷൻ തുക ഈടാക്കുന്നത്. രണ്ട് കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള ഗാർഹിക ഉപഭോക്താക്കൾക്കായി 2,000 രൂപയുടെ പുതിയ സ്ലാബും ഉൾപ്പെടുത്തിയിട്ടുണ്ട്.
 
പുതുക്കിയ നിരക്കുകൾ ചുവടെ:
 
കണക്ടഡ് ലോഡ് - നിരക്ക്(രൂപയിൽ)
 
2 കിലോവാട്ട് വരെ (ഗാർഹികം) 2,000
1 കിലോവാട്ട് വരെ (മറ്റ് വിഭാഗങ്ങൾ) 2,500
1–2 കിലോവാട്ട്  3,000
2–5 കിലോവാട്ട് 5,000
5–7 കിലോവാട്ട് 8,000
7–10 കിലോവാട്ട് 10,000
 
ഉയർന്ന ലോഡുള്ള കണക്‌ഷനുകൾക്കും പുതുക്കിയ നിരക്ക്
 
10 കിലോവാട്ടിന് മുകളിലുള്ള കണക്‌ഷനുകൾക്കും കണക്ടഡ് ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് അടിസ്ഥാനമാക്കി പുതിയ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്.
 
കണക്ടഡ് ലോഡ് / കോൺട്രാക്ട് ഡിമാൻഡ് നിരക്ക്
10–30 kVA/kW 1,560
30–40 kVA/kW 2,890
40–50 kVA/kW 4,225
50–100 kVA/kW 5,670
 
 
പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത കുറയുന്നതിനൊപ്പം നടപടിക്രമങ്ങളും ലളിതമാകും. പ്രത്യേകിച്ച് പുതിയ വീടുകൾക്കും സ്ഥാപനങ്ങൾക്കും അധിക ലോഡ് ആവശ്യമായ ഉപഭോക്താക്കൾക്കും ഈ മാറ്റം പ്രയോജനകരമാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img