
മുംബൈ: നാളെ മുതൽ സിഗരറ്റിന് വില കൂടും. നികുതി ഘടനയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് വിലവർധനവ്. നാളെ മുതൽ സിഗരറ്റ് വിലയിൽ വൻ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചരക്കുസേവന നികുതിയും എക്‌സൈസ് തീരുവയും പരിഷ്‌കരിച്ചതോടെ സിഗരറ്റുകളുടെ വില 15 മുതൽ 30 ശതമാനം വരെ ഉയരുമെന്നാണ് സൂചന.
സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന 69 mm, 74 mm സിഗരറ്റുകൾക്ക് ഏകദേശം 15 ശതമാനം വില വർധന പ്രതീക്ഷിക്കുമ്പോൾ, ബ്രാൻഡഡ്, കിങ് സൈസ് സിഗരറ്റുകൾക്ക് ഏറ്റവും ഉയർന്ന നികുതി സ്ലാബ് ബാധകമാകും.
പുതിയ നിരക്കുകൾ പ്രകാരം, 65 mm വരെ നീളമുള്ള സിഗരറ്റിന് ഓരോന്നിനും 2 രൂപ 10 പൈസ അധിക നികുതി ഈടാക്കും. 65–70 mm സിഗരറ്റുകൾക്ക് 3.60 മുതൽ നാല് രൂപ വരെയും, 70–75 mm വലിപ്പമുള്ളവയ്ക്ക് 5.40 രൂപയിലധികവും അധിക നികുതി ബാധകമാകും. ഓരോ ആയിരം സിഗരറ്റുകൾക്കും എക്‌സൈസ് തീരുവ 2,050 രൂപ മുതൽ 8,500 രൂപ വരെയാണ്.
സിഗരറ്റ് ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഉയർന്ന നികുതി നിരക്ക് ഏർപ്പെടുത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഇതുവരെ 28 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് 40 ശതമാനമായി ഉയർത്തും. ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കുന്നതിനൊപ്പം എക്‌സൈസ് തീരുവയിലും വലിയ വർധന വരുത്തും.










