01:53am 17 October 2026
NEWS
വിജയ്‌യുടെ പരാമർശങ്ങൾക്കെതിരെ ഡിഎംകെ; തമിഴ്നാട് നിയമസഭയിൽ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയും
08/09/2026  11:31 AM IST
nila
വിജയ്‌യുടെ പരാമർശങ്ങൾക്കെതിരെ ഡിഎംകെ; തമിഴ്നാട് നിയമസഭയിൽ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയും

തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. മുഖ്യമന്ത്രി വിജയ് നടത്തിയ മിസ , സർക്കാരിയ കമ്മീഷൻ പരാമർശങ്ങളെച്ചൊല്ലിയുള്ള പ്രതിഷേധമാണ് ഇന്നും സഭയിൽ ബഹളത്തിനിടയാക്കിയത്. ഡിഎംകെ അംഗങ്ങളും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായതിനു പിന്നാലെ പ്രതിഷേധം കയ്യാങ്കളിയിലേക്കും നീങ്ങി.

മുഖ്യമന്ത്രി സഭയിൽ സംസാരിക്കുന്നതിനിടെ വിജിലൻസ് അന്വേഷണത്തിലുള്ള കേസുകൾ പരാമർശിച്ചത് സഭാനടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഡിഎംകെ എംഎൽഎ ഇ.വി. വേലു ആരോപിച്ചു. അന്വേഷണത്തിലിരിക്കുന്ന കേസുകളെക്കുറിച്ച് സഭയിൽ പരാമർശിക്കുന്നത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിഎംകെയുടെ ആരോപണങ്ങൾക്ക് പൊതുമരാമത്ത് മന്ത്രി ആധവ് അർജുന മറുപടി നൽകി. ഭരണപക്ഷം പറയുന്ന കാര്യങ്ങൾ കേൾക്കാൻ ഡിഎംകെ തയ്യാറാകുന്നില്ലെന്നും താൻ സഭയിൽ സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴെല്ലാം പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്നും മന്ത്രി ആരോപിച്ചു. വിജയ്‌യെയും ഭരണപക്ഷത്തെയും ഡിഎംകെ ഭയപ്പെടുകയാണെന്നും ഭരണപക്ഷത്തിന്റെ വാദങ്ങൾ കേൾക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മിസയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കണമെന്ന ഡിഎംകെയുടെ ആവശ്യം സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തള്ളി. നേരത്തെ സഭയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ മാത്രമാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്നും അതിനാൽ പ്രസംഗഭാഗങ്ങൾ രേഖകളിൽനിന്ന് നീക്കേണ്ട സാഹചര്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ സഭാ നടപടികൾക്കിടെയാണ് ഡിഎംകെയ്‌ക്കെതിരെ മുഖ്യമന്ത്രി വിജയ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഡിഎംകെ പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു വിജയ്‌യുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രി എം. കരുണാനിധി അധികാരം ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും വിജയ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഡിഎംകെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെ ഡിഎംകെ അംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമെത്തി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസപ്പെടുത്തുകയും ചെയ്തു.

വിജയ്‌യുടെ പരാമർശങ്ങളും അതിനെതിരായ ഡിഎംകെയുടെ പ്രതിഷേധവും തമിഴ്നാട് നിയമസഭയിലെ രാഷ്ട്രീയ പോരിന് കൂടുതൽ ചൂടുപകരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img