
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും, ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയായ കെ.വി. തോമസിന് യാത്രാ ആവശ്യങ്ങൾക്കായി 5 ലക്ഷം രൂപ അധികമായി അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടു. സാമ്പത്തിക അച്ചടക്കവുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ ഉത്തരവുകളിലും ഇളവ് നൽകിയാണ് (relaxation of the economy orders) ഈ ധനസഹായം അനുവദിച്ചിരിക്കുന്നത്.
സർക്കാർ 'കനിഞ്ഞത്' തോമസിന്റെ യാത്രകൾക്ക്
5,00,000/- (അഞ്ച് ലക്ഷം രൂപ മാത്രം).
ചെലവഴിക്കുന്നത്: ന്യൂഡൽഹിയിലെ റസിഡന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെട്ട, കെ.വി. തോമസ് നടത്തുന്ന അധിക യാത്രകൾക്ക് വേണ്ടി.
ഇനം: 04 Travel Expenses – 1 Tour T.A. (ട്രാവൽ എക്സ്പെൻസ്).
വിനിയോഗ രീതി: പണം എം/എസ് ഒഡെപിക് (M/S ODEPC Ltd) വഴിയാണ് കെ.വി. തോമസിന്റെ യാത്രാ ആവശ്യങ്ങൾക്കായി നൽകേണ്ടത്.
G.O.(Rt)No.9272/2025/Fin നമ്പർ ഉത്തരവിലെ രണ്ടാം ഖണ്ഡികയിൽ പറയുന്നത്, റസിഡന്റ് കമ്മീഷണറും സ്പെഷ്യൽ റെപ്രസെന്റേറ്റീവും നടത്തുന്ന യാത്രകൾക്ക് വേണ്ടിയാണ് ഈ അധിക തുക അനുവദിച്ചിട്ടുള്ളതെന്നാണ്. തോമസ് ഈ സ്ഥാനങ്ങളിലൊന്നിൽ ഇരിക്കുന്നതിനാലാണ് ഇത്രയും ഭീമമായ തുക അധികമായി നൽകിയിരിക്കുന്നത്.
തോമസിന് വേണ്ടി മാത്രം?
സർക്കാർ ജീവനക്കാർക്ക് സാധാരണ ഗതിയിൽ അവകാശപ്പെട്ട അലവൻസുകൾ പോലും കിട്ടാതിരിക്കുകയും, കരാറുകാരുടെ ബില്ലുകൾ തടഞ്ഞുവെക്കുകയും ചെയ്യുമ്പോൾ, ഒരു പ്രത്യേക ഉദ്യോഗസ്ഥന്റെ യാത്രകൾക്കായി സാമ്പത്തിക അച്ചടക്കം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് 5 ലക്ഷം രൂപ അനുവദിച്ചത് ധൂർത്തിന്റെ പുതിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു
പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ഒരാൾക്ക് മാത്രം പ്രത്യേക ഇളവുകൾ നൽകി 'ടൂർ' അടിച്ചുപൊളിക്കാൻ അവസരം നൽകുന്നത് ശരിയായ നടപടിയല്ലെന്നും, അധിക യാത്രാ ആവശ്യങ്ങൾ ഒഴിവാക്കിക്കൊണ്ട് സർക്കാരിന് മാതൃകയാകേണ്ട ഉദ്യോഗസ്ഥൻ തന്നെ അധിക ബാധ്യത വരുത്തിവെക്കുന്നത് നീതികരിക്കാനാകില്ലെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.











