
ഹുബ്ബള്ളി: വായ്പ തിരിച്ചടയ്ക്കാൻ പണമിടപാടുകാരിൽനിന്ന് സമ്മർദമുണ്ടായതിനെത്തുടർന്ന് മൂന്ന് മക്കൾക്ക് വിഷം നൽകിയശേഷം സ്വയം വിഷം കഴിച്ച യുവതിയും മൂത്ത മകളും മരിച്ചു. കർണാടകയിലെ ധാർവാഡ് ജില്ലയിലെ കരഡിഗുഡ്ഡ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയായിരുന്നു സംഭവം.
സവിത (42), മൂത്ത മകൾ നിവേദിത (8) എന്നിവരാണ് മരിച്ചത്. ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. സവിതയുടെ മറ്റ് രണ്ട് പെൺമക്കളായ ഭാഗ്യലക്ഷ്മി (6), ഹർഷിത (9) എന്നിവർ ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വിവിധ സ്വയംസഹായ സംഘങ്ങളിൽനിന്ന് സവിത പണം കടം വാങ്ങിയിരുന്നതായാണ് പ്രാഥമിക വിവരം. മൂന്ന് ലക്ഷം രൂപയ്ക്കായി കൃഷിഭൂമി പണയംവച്ചതിനു പുറമേ, സ്വകാര്യ വ്യക്തികളിൽനിന്ന് രണ്ട് ലക്ഷം രൂപ കൂടി വായ്പയെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
വായ്പ തിരിച്ചടയ്ക്കാൻ പണമിടപാടുകാർ തുടർച്ചയായി സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് സവിത കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നാണ് സൂചന. ആദ്യം മൂന്ന് കുട്ടികൾക്കും വിഷം നൽകിയശേഷം സവിത സ്വയം വിഷം കഴിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിഷം കഴിച്ച നാലുപേരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സവിതയെയും മൂത്ത മകളെയും രക്ഷിക്കാനായില്ല. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.










