
ദോഹ: ഖത്തറിലെ പ്രമുഖ വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രമായ കത്താറ സാംസ്കാരിക ഗ്രാമത്തിൽ (Katara Cultural Village) മൂന്ന് ദിവസം നീണ്ടുനിന്ന വിപുലമായ ഈദുൽ അദ്ഹ ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ സമാപനം. ബുധനാഴ്ച ആരംഭിച്ച ആഘോഷപരിപാടികളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വദേശികളും വിദേശികളും അയൽരാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കത്താറയുടെ തീരദേശ പാതകളും (Corniche) പൊതുചത്വരങ്ങളും സാംസ്കാരിക വേദികളും പെരുന്നാൾ ദിനങ്ങളിൽ ജനസാഗരമായി മാറി.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാകുംവിധം കലയും പൈതൃകവും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ട പരിപാടികളാണ് ഇത്തവണ കത്താറ അണിയിച്ചൊരുക്കിയത്. പെരുന്നാൾ ആഘോഷങ്ങളിൽ ദൃശ്യമായ ജനപങ്കാളിത്തം കത്താറയോടുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് കത്താറ പി.ആർ. ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സാലം അൽ മർറി പറഞ്ഞു. സന്ദർശകരുടെ പ്രതീക്ഷകൾക്കൊത്ത് വൈവിധ്യമാർന്ന സാംസ്കാരിക വിരുന്ന് ഒരുക്കാൻ സംഘാടകർക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷത്തിന്റെ ആദ്യദിനം മുതൽ കത്താറ കോർണിഷിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികൾക്കായി പരമ്പരാഗത ഈദ് സമ്മാനങ്ങൾ വിതരണം ചെയ്തത് പെരുന്നാൾ രാവുകൾക്ക് കൂടുതൽ മനോഹാരിത പകർന്നു. തത്സമയ സംഗീത പരിപാടികളും കലാപ്രകടനങ്ങളും തെരുവ് കലാകാരന്മാരുടെ വിനോദങ്ങളും കത്താറയെ സജീവമാക്കി.വേനൽക്കാല വിനോദങ്ങളും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളുമായി കത്താറ ബീച്ചും പെരുന്നാൾ ദിനങ്ങളിൽ സന്ദർശകരുടെ പ്രിയപ്പെട്ട താവളമായി മാറി.ബിൽഡിംഗ് 41-ൽ ഒരുക്കിയ ത്രീഡി (3D) ബഹിരാകാശ പ്രദർശനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു. ഇന്ന് (ശനിയാഴ്ച വരെ) ഈ പ്രത്യേക പ്രദർശനം തുടരും.എല്ലാ രാത്രിയിലും കത്താറയുടെ ആകാശത്ത് വിസ്മയം തീർത്ത വർണ്ണാഭമായ കരിമരുന്ന് പ്രയോഗം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.കത്താറയിൽ നടന്ന മിലിട്ടറി ബാന്റിന്റെ പ്രത്യേക പ്രകടനങ്ങളും ചടങ്ങുകളും കുട്ടികൾക്കും കുടുംബങ്ങൾക്കും വേറിട്ട കാഴ്ചാനുഭവമായി.
കത്താറയിലെ ആർട്ട് ഗാലറികളിൽ ഒരുക്കിയ പ്രത്യേക ചിത്ര-ശില്പ പ്രദർശനങ്ങൾ പെരുന്നാൾ ദിനങ്ങളിലും തുറന്നുപ്രവർത്തിച്ചിരുന്നു. ഇത് സന്ദർശകർക്ക് സാംസ്കാരികവും ബൗദ്ധികവുമായ അനുഭവം കൂടി സമ്മാനിച്ചു.
തീരദേശ ഭംഗി ആസ്വദിച്ചുകൊണ്ട് കത്താറയിലെ പ്രമുഖ റസ്റ്റോറന്റുകളിലും കഫേകളിലും ഒത്തുചേരാനും കുടുംബങ്ങൾ വൈകുവോളം സമയം ചിലവഴിച്ചു. മികച്ച സംഘാടനവും വൈവിധ്യമാർന്ന പരിപാടികളും കൊണ്ട് ഖത്തറിൽ ഈദ് ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം തങ്ങൾക്ക് കത്താറയാണെന്ന് സന്ദർശകർ സാക്ഷ്യപ്പെടുത്തി.










