
അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങൾ വരെ ഇറാൻ ലക്ഷ്യമാക്കിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം നിയന്ത്രണാതീതമാകുന്ന സാഹചര്യമാണുള്ളത്. വിമാനക്കമ്പനികൾ വ്യോമപാതകൾ അടയ്ക്കുകയും നിരവധി രാജ്യങ്ങൾ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു പ്രാദേശിക സംഘർഷത്തിൽ ഒതുങ്ങുമോ, അതോ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
എന്തുകൊണ്ട് ലോകം ആശങ്കപ്പെടുന്നു?
ആഗോള എണ്ണവിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യമാണ് ഇറാൻ. എണ്ണപ്പാടങ്ങൾക്കും ശുദ്ധീകരണശാലകൾക്കും നേരെയുള്ള ആക്രമണം ക്രൂഡ് ഓയിൽ വിതരണത്തെ തകർക്കും. പ്രധാന കടൽമാർഗമായ ഹോർമുസ് കടലിടുക്ക് അസ്ഥിരമാകാനുള്ള സാധ്യത എണ്ണ ഉൾപ്പെടെയുള്ള ചരക്കുനീക്കത്തെയും പ്രതികൂലമായി ബാധിക്കും. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ കടലിടുക്ക് ലോകത്തെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കൈകാര്യം ചെയ്യുന്നു.
- ഏറ്റവും കുറഞ്ഞ വീതി: 33 കിലോമീറ്റർ
- പ്രതിദിനം കടന്നുപോകുന്ന ക്രൂഡ് ഓയിൽ: ഏകദേശം 2 കോടി ബാരൽ
- ഹോർമുസ് കടലിടുക്കിനെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങൾ: ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ
ഈ പാത പൂർണമായി അടച്ചില്ലെങ്കിലും, കപ്പൽ ഇൻഷുറൻസ് ചെലവ് വർധിക്കുകയും ഗതാഗതം മന്ദഗതിയിലാകുകയും ചെയ്താൽ പോലും എണ്ണവില കുതിച്ചുയരും.
ഉപരോധങ്ങൾക്കിടയിലും ഇറാന്റെ എണ്ണ ശക്തി
അമേരിക്കയുടെ കർശന ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇറാൻ ഇപ്പോഴും മുൻനിര എണ്ണ ഉത്പാദകരിൽ ഒന്നാണ്. ഒപെക് കണക്കുകൾ പ്രകാരം, ഇറാൻ പ്രതിദിനം 3.1 ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്നു. ഇതിൽ 1.3 മുതൽ 1.5 ദശലക്ഷം ബാരൽ വരെ കയറ്റുമതി ചെയ്യപ്പെടുന്നു. അതിന്റെ വലിയൊരു പങ്ക് ചൈനയിലേക്കാണ്. ഉത്പാദന ചെലവ് വളരെ കുറവായതിനാൽ (ഒരു ബാരലിന് ഏകദേശം 10 ഡോളർ) വില ഉയർന്നാലും ഇറാനു കയറ്റുമതിയിൽ നിന്ന് നേട്ടമുണ്ടാകും.
എണ്ണവില 100 ഡോളർ കടക്കുമോ?
സംഘർഷം നീണ്ടാൽ ഒരു ബാരലിന് 100 ഡോളറിന് മുകളിലേക്ക് വില കുതിച്ചേക്കാമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത് പണപ്പെരുപ്പം വർധിപ്പിക്കും. ഗതാഗതം, ഭക്ഷ്യവില, വ്യവസായ ഉത്പാദനം എന്നിവയെ നേരിട്ട് ബാധിക്കും. എണ്ണവില ഉയരുന്നത് ഓഹരി വിപണികളെ തളർത്തുകയും, ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും ചെയ്യും.











