12:49pm 28 October 2026
NEWS
ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിലെ പൈലറ്റിനെ അമേരിക്ക ജീവനോടെ രക്ഷപെടുത്തി തിരികെ കൊണ്ടുപോയത് ഇങ്ങനെ..
05/04/2026  04:26 PM IST
nila
ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിലെ പൈലറ്റിനെ അമേരിക്ക ജീവനോടെ രക്ഷപെടുത്തി തിരികെ കൊണ്ടുപോയത് ഇങ്ങനെ..

വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ യുഎസ് എഫ്–15ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ സാഹസിക സൈനിക ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ അതെങ്ങനെ സാധ്യമായി എന്ന ചോദ്യം ലോകമെമ്പാടുമുള്ള ജനങ്ങൾ ഉയർത്തുന്നുണ്ട്. ഇറാന്റെ മണ്ണിൽ പരിക്കുകളോടെ 24 മണിക്കൂറിലേറെയാണ് കേണൽ റാങ്കിലുള്ള അമേരിക്കൻ വൈമാനികൻ കഴിഞ്ഞത്. എന്നാൽ, “ഞങ്ങൾ അവനെ തിരികെ കൊണ്ടുവന്നു” എന്ന് സാക്ഷാൽ ഡൊണാൾഡ് ട്രംപ് തന്നെ പ്രഖ്യാപിച്ചതോടെ അമേരിക്കൻ സൈനിക ശേഷി എത്രത്തോളമുണ്ടെന്ന് ലോകം ഒരിക്കൽകൂടി തിരിച്ചറിയുകയായിരുന്നു. 

ഇറാൻ വെടിവെച്ചിട്ട രണ്ട് യുഎസ് യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ്–15ഇ സ്ട്രൈക്ക് ഈഗിളിലെ പൈലറ്റിനെയാണ് ഇറാനിൽ നിന്നും അമേരിക്ക രക്ഷിച്ചത്. 23 വർഷത്തിനിടെ ആദ്യമായാണ് ഒരു അമേരിക്കൻ യുദ്ധവിമാനം ശത്രുരാജ്യം തകർക്കുന്നത്. ദക്ഷിണ ഇറാനിൽ വീണ വിമാനത്തിൽ പൈലറ്റും വെപ്പൺ സിസ്റ്റം ഓഫീസറും ഉണ്ടായിരുന്നു. അപകടത്തിന് മുൻപ് ഇരുവരും ഇജക്ട് ചെയ്ത് രക്ഷപ്പെട്ടെങ്കിലും, അവർ രണ്ടിടങ്ങളിലായി ലാൻഡ് ചെയ്തു. വെപ്പൺ സിസ്റ്റം ഓഫീസറെ ഉടൻ തന്നെ രക്ഷപ്പെടുത്തിയപ്പോൾ, പൈലറ്റ് ഇറാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങുകയായിരുന്നു.

പൈലറ്റിനെ ജീവനോടെ പിടികൂടാൻ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ​ഗാർഡ് കോർപ്സ് ഉൾപ്പെടെയുള്ള സേനകൾ വ്യാപക തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ശക്തമാക്കിയ അവർ, പൈലറ്റിനെ പിടികൂടുന്നവർക്ക് 66,000 ഡോളർ വരെ പാരിതോഷികവും പ്രഖ്യാപിച്ചു. പൈലറ്റ് പിടിയിലായിരുന്നെങ്കിൽ അത് അമേരിക്കയെ സമ്മർദത്തിലാക്കുന്ന ശക്തമായ രാഷ്ട്രീയ ആയുധമായി മാറുമായിരുന്നുവെന്നാണ് വിലയിരുത്തൽ.

അതേസമയം, പരുക്കുകളോടെ മലപ്രദേശത്ത് ഒളിച്ചിരുന്ന പൈലറ്റ് യുഎസ് സൈന്യവുമായി നിരന്തരമായി ബന്ധം പുലർത്തുകയായിരുന്നു. സർവൈവൽ പരിശീലനത്തിന്റെ സഹായത്തോടെ 24 മണിക്കൂറിലേറെ ശത്രുപ്രദേശത്ത് പിടിയിലാകാതെ തുടരാൻ അദ്ദേഹത്തിന് സാധിച്ചു. ഇതാണ് രക്ഷാപ്രവർത്തനം എളുപ്പമാക്കിയത്.

പൈലറ്റിനെ കണ്ടെത്തുന്നതിനായി സിഐഎ നിർണായക പങ്കുവഹിച്ചു. ഇറാനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പൈലറ്റിന്റെ കൃത്യമായ സ്ഥാനം സിഐഎ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററുകളും സ്റ്റെൽത്ത് ജെറ്റുകളും ഉൾപ്പെടെയുള്ള വൻ സൈനിക സന്നാഹം വിന്യസിച്ച് യുഎസ് പ്രത്യേക സേന രക്ഷാപ്രവർത്തനം ആരംഭിച്ചു.

നൂറുകണക്കിന് സ്പെഷ്യൽ ഓപ്പറേഷൻ സൈനികർ ഇറാനിൽ നുഴഞ്ഞുകയറിയാണ് ദൗത്യം നടത്തിയത് എന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനിടെ ഇറാൻ സേനയുമായി ഏറ്റുമുട്ടലും ഉണ്ടായതായി സൂചനയുണ്ട്. പൈലറ്റിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനിടെ യുഎസ് വിമാനങ്ങൾ ഇറാന്റെ സൈനിക വാഹനങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തി.

ഒരൊറ്റ യുഎസ് സൈനികനും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യാതെ ദൗത്യം പൂർത്തിയാക്കിയത് അമേരിക്കയ്ക്ക് വലിയ ആശ്വാസമായി. സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു യുഎസ് വിമാനത്തെ ഇസഫാനിൽ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img