01:13am 17 September 2026
NEWS
വൈദ്യുതി ബിൽ എങ്ങനെ കുറയ്ക്കാം?
13/07/2025  09:15 PM IST
nila
വൈദ്യുതി ബിൽ എങ്ങനെ കുറയ്ക്കാം?

കുടുംബ ബജറ്റ് താളംതെറ്റാതെ നോക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഭക്ഷണത്തിനായി ചിലവാകുന്ന പണത്തിന് കൃത്യമായ കണക്കുവെക്കാൻ കഴിയുമെങ്കിലും മറ്റു ചിലവുകളുടെ കാര്യത്തിൽ അതിന് സാധിക്കില്ലെന്ന പരാതിയും വ്യാപകമാണ്. എത്ര നിയന്ത്രിച്ചിട്ടും വൈദ്യുതി ബില്ല് കുറയ്ക്കാൻ സാധിക്കാറില്ല എന്ന് പരിഭവം പറയുന്നവരും കുറവല്ല. അത്യാവശ്യത്തിന് മാത്രമേ ലൈറ്റും ഫാനും ഇടൂ, എന്നാലും വൈദ്യുതി ബില്ല് വരുമ്പോൾ പ്രതീക്ഷിക്കാത്ത തുകയാണ് എന്നാകും പരാതി. വൈദ്യുതി മീറ്റർ റീഡിം​ഗ് എടുക്കാൻ വരുന്നവരെ മുതൽ വൈദ്യുതിമന്ത്രിയെ വരെ നമ്മൾ കുറ്റം പറയുകയും ചെയ്യും. എന്നാൽ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേണമെങ്കിൽ നിങ്ങളുടെ വൈദ്യുതി ബില്ല് പകുതിയായി പോലും കുറയ്ക്കാൻ സാധിക്കും. അത് എങ്ങനെയെന്നല്ലേ? അതിനുള്ള വഴികളാണ് ഇനി പറയാൻ പോകുന്നത്. 

വീട്ടിലേക്കുള്ള ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുമ്പോൾ നിലവാരമുളളത് മാത്രം തിരഞ്ഞെടുക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. നിലവാരമില്ലാത്ത ഇലക്ട്രോണിക്സ്  ഉപകരണങ്ങൾ വൈദ്യുതി തിന്നുന്ന ബകനാണെന്ന് തിരിച്ചറിയുക. അതിനാൽ അല്പലാഭം നോക്കി നിലവാരമില്ലാത്ത ഉപകരണങ്ങൾ വാങ്ങാതെ ​ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വീട്ടിലെത്തിക്കണം. മാക്‌സിമം ഫൈവ്സ്റ്റാർ റേറ്റിംഗ് ഉളള ഇലക്ട്രിക്കൽ സാധനങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണംഏതെങ്കിലും ഉപകരണങ്ങൾ കേടുവന്നുവെങ്കിൽ അവ പൂർണമായും നിലയ്ക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയർ ചെയ്ത് ഉപയോഗിക്കാനും ശ്രദ്ധിക്കണം കേട്ടോ.

ആവശ്യത്തിന് മാത്രം വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ശീലമാക്കുക എന്നതാണ് പരമപ്രധാനം. ഉപയോഗശേഷം ലൈറ്റിന്റെയും ഫാനിന്റെയും ടിവിയുടെയും മറ്റ് ഉപകരണങ്ങളുടെയും സ്വിച്ചുകൾ ഓഫ് ചെയ്യാൻ മറക്കരുത്. ആദ്യമൊക്കെ ഈ കാര്യത്തിൽ ചെറിയ ബുദ്ധിമുട്ട് തോന്നിയാലും പിന്നീട് ശീലമായിക്കൊള്ളും. 

ബൾബുകളും ട്യൂബുകളും അവയ്ക്ക് ഉപയോഗിക്കുന്ന ഷേഡുകളും തുടച്ച് വൃത്തിയാക്കുന്നതും ഒരു ശീലമാക്കണം. അതുപോലെ തന്നെ രാത്രിയിൽ വീടിന് പുറത്തുളള ലൈറ്റുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. വൈകുന്നേരം ആറ് മണി മുതൽ 10 മണി വരെയുള്ള സമയമാണ് പീക്ക് ലോഡ് സമയം‌. ഈ സമയത്ത് കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന വാഷിങ് മെഷീൻ, എസി, മിക്‌സി ഇവയൊക്കെ പ്രവർത്തിപ്പിക്കാതിരിക്കുക എന്നതും വൈദ്യുതി ലാഭിക്കാൻ നല്ല മാർ​ഗമാണ്.

ഫിലമെന്റ് ബൾബിന് പകരം എൽഇഡി ബൾബുകൾ വീട്ടിലെത്തിക്കണം. കാരണം വൈദ്യുതി ലാഭിക്കാൻ ഏറ്റവും നല്ലത് എൽ ഇ ഡി ബൾബുകൾ ആണ്. ഒരേസമയം ഒന്നിലധികം ഇലക്ട്രിക് സാധനങ്ങൾ പ്രവർത്തിപ്പിക്കണമെങ്കിൽ ഇലക്ട്രിക്കൽ പവർ സ്‌ട്രൈപ്പ് ഉപയോഗിക്കാവുന്നതാണ്
എല്ലാ ദിവസവും അയൺബോക്‌സ് ഉപയോഗിക്കുന്നതിന് പകരം ആഴ്ചയിൽ ഒരിക്കൽ വസ്ത്രങ്ങളൊക്കെ ഇസ്തിരിയിട്ട് വയ്ക്കാവുന്നതാണ്.
ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത് ഒഴിവാക്കിയാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാം.

ആഹാരം റഫ്രിജറേറ്ററിൽ സൂക്ഷിക്കുമ്പോൾ മൂടിയുളള പാത്രങ്ങൾ ഉപയോഗിക്കുക. അല്ലെങ്കിൽ ഈർപ്പം റഫ്രിജറേറ്ററിനകത്ത് വ്യാപിക്കുകയും വൈദ്യുതോപയോഗം കൂടുകയും ചെയ്യും.ഭക്ഷണ പദാർഥങ്ങൾ ചൂടാറിയ ശേഷം മാത്രം റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ.മിക്‌സി ഉപയോഗിക്കുമ്പോൾ കുറഞ്ഞ സ്പീഡിൽ പ്രവർത്തിപ്പിച്ച് തുടങ്ങുക. ഓവർലോഡ് നൽകിയാൽ വൈദ്യുത ചെലവ് കൂടും.
സമയാസമയങ്ങളിൽ മിക്‌സിയുടെ ബ്ലേഡുകൾക്ക് മൂർച്ച കൂട്ടുകയോ മാറ്റി ഇടുകയോ ചെയ്യുക

പഴക്കംചെന്ന ഫാനുകൾ മാറ്റി പുതിയത് മാറ്റി വാങ്ങാൻ മറക്കരുത്. പഴയ ഫാനുകൾ നമ്മൾ കരുതുന്നതിൽ കൂടുതൽ വൈദ്യുതി ഉപയോ​ഗിക്കുന്നവരാണ്. വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ സ്പിന്നിംഗ് ഒഴിവാക്കി തുണി പുറത്തെടുത്ത് ഉണങ്ങാനായാൽ അത്രയും വൈദ്യുതി ലാഭിക്കാം. വാഷിങ് മെഷീന്റെ ബെൽറ്റ് അയഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും വർഷത്തിലൊരിക്കൽ സർവ്വീസ് ചെയ്യിക്കുന്നതും കാര്യക്ഷമത കൂട്ടും.

എസിയുടെ കാര്യത്തിലാണെങ്കിലും വില അൽപ്പം കൂടിയാലും ഉയർന്ന സ്റ്റാർ റേറ്റിംങ് ഉളളത് തിരഞ്ഞെടുക്കുക. എസിയുടെ കാര്യക്ഷമതയിൽ കുറവ് തോന്നിയാൽ വൈകാതെ ടെക്‌നീഷ്യന്റെ സഹായം തേടണം. വോൾട്ടേജ് കുറഞ്ഞ സമയങ്ങളിൽ വാട്ടർ പമ്പ് പ്രവർത്തിപ്പിക്കാതിരിക്കുക എന്നതും വൈദ്യുതി ബില്ല് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ശീലമാണ്. ബെയറിംഗ് തകരാറുകൾ യഥാസമയം പരിഹരിക്കണം. പമ്പിന്റെ ശേഷി ആവശ്യമനുസരിച്ച് വേണം. കൂടിയാലും കുറഞ്ഞാലും വൈദ്യുതി പാഴാകും.ഇൻവർട്ടർ ബാറ്ററി തിരഞ്ഞെടുക്കുമ്പോൾ ഗുണമേന്മ നിർബന്ധമായും ഉറപ്പുവരുത്തുക.അസ്വാഭാവികമായി വൈദ്യുതബിൽ വർധിച്ചാൽ ഇൻവർട്ടർ ബാറ്ററി ചാർജിങ് ടെക്‌നീഷ്യനെ കൊണ്ട് പരിശോധിപ്പിക്കാൻ മറക്കരുത്. 

ഇത്രയും കാര്യങ്ങൾ മറക്കാതെ ചെയ്ത് നോക്കൂ. അടുത്ത തവണയും അതിനടുത്ത തവണയും വൈദ്യിതി ബില്ല് വരുമ്പോൾ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img