11:24am 09 November 2026
NEWS

പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരണം; പട്ടി കടിച്ചാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്

29/04/2025  01:39 PM IST
nila
   പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരണം; പട്ടി കടിച്ചാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്

മലപ്പുറത്ത് പേവിഷബാധയേറ്റ് ആറുവയസുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. തെരുവ് നായ കടിച്ചതിന് പിന്നാലെ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പെൺകുട്ടി മരിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്. കേരളത്തിൽ തെരുവ് നായ ആക്രമണം വർധിക്കുകയും പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യം ജനങ്ങളെ വലിയതോതിൽ ആശങ്കാകുലരാക്കുന്നുണ്ട്. പട്ടി കടിച്ചാൽ പ്രതിരോധ കുത്തിവയ്പ്പ് മാത്രമല്ല, തൊട്ടടുത്ത നിമിഷം മുതൽ നാം കൈകൊള്ളുന്ന ജാ​ഗ്രതയാണ് നമ്മുടെ ജീവൻ കാക്കുന്നത് എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

ആന്റി റാബീസ് വാക്സീൻ എടുത്താലും നായയുടെ കടിയേറ്റവരിൽ പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. അപൂർവമായി മാത്രമാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും സാധ്യത തള്ളിക്കളയരുത് എന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. എവിടെയാണ് കടിയേറ്റത് എന്നതിനെക്കൂടി ആശ്രയിച്ചാണ് വാക്സിനെടുത്താലും പേവിഷബാധയുണ്ടാകാനുള്ള സാധ്യതയുണ്ടാകുന്നത്. 

നായയുടെ കടിയേറ്റാൽ ആന്റി റാബീസ് വാക്സീൻ കുത്തിവയ്പ്പെടുത്താൽ ജീവൻ രക്ഷിക്കാമെന്ന ചിന്ത വെടിയണമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. മറിച്ച്, കടിയേറ്റാൽ തൊട്ടടുത്ത നിമിഷം മുതൽ നാം ജാ​ഗ്രതയോടെ പെരുമാറണം. കടിയേറ്റ ഭാഗം മുഴുവൻ ഏറെ നേരം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മുറിവിലുള്ള വൈറസിനെ പരമാവധി ഒഴിവാക്കാനും വൈറസ് വ്യാപനം തടയാനും ഇതിലൂടെ കഴിയുമത്രെ. 

പേപ്പട്ടിയുടെ ഉമിനീരിൽ നിന്നുള്ള വൈറസാണ് മനുഷ്യ ശരീരത്തിലെത്തി പേവിഷബാധയുണ്ടാക്കുന്നത്. കടിയേറ്റ ഭാഗത്തെ മുറിവിലൂടെയാണ് ഇത് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. മുറിവിലൂടെ മനുഷ്യ ശരീരത്തിൽ കടക്കുന്ന വൈറസ് നാഡികളിലൂടെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലുമെത്തുന്നതോടെ ആ മനുഷ്യൻ പേവിഷ ബാധിതനാകുന്നു. അത്ര മാരകമാണെങ്കിലും ഈ വൈറസിന് ഒരു പരിമിതിയുണ്ട്. ആ പരിമിതിയാണ് നാം പ്രതിരോധത്തിൽ വിജയിക്കാൻ കാരണമാകുന്നതും. ഈ വൈറസിന് വളരെ സാവധാനം മാത്രമേ സഞ്ചരിക്കാനാകൂ എന്നതാണ് ആ പരിമിതി. 

സാധാരണ ഒരു ദിവസം ഒന്നോ രണ്ടോ സെന്റി മീറ്റർ മാത്രമാണ് ഈ വൈറസുകൾക്ക് സഞ്ചരിക്കാനാകുക. അതുകൊണ്ടു തന്നെ കടിയേറ്റ ഭാഗത്തു നിന്ന് തലച്ചോറിലേക്കെത്തുന്നതിന് മുൻപേ വാക്സീൻ ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. തലച്ചോറിനെ ബാധിച്ച് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പിന്നെ ചികിത്സ ദുർഘടമാണ്.

വാക്സിനെടുത്താലും മരണം സംഭവിക്കുന്നതിന് കാരണം ഇതാണ്

പട്ടിയുടെ കടിയേറ്റ് മണിക്കൂറുകൾക്കുള്ളിൽ ആന്റി റാബീസ് വാക്സീൻ കുത്തിവയ്പ്പെടുത്തിട്ടും മലപ്പുറത്തെ പെൺകുട്ടിക്ക് പേവിഷബാധയുണ്ടായി എന്നതാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. അതിനും ഒരു കാരണമുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആണ് കടിയേൽക്കുന്നതെങ്കിൽ ദൂരം മൂലം വൈറസ് തലച്ചോറിലെത്താൻ ഏറെ സമയമെടുക്കും. ചിലപ്പോൾ ഒരു മാസം വരെയാകാം. എന്നാൽ കടിക്കുന്നത് തല ഭാഗത്താണെങ്കിൽ കുറഞ്ഞ സമയം മതി. നാഡികൾ കൂടുതലുള്ള തല, മൂക്ക്, ചെവി, ചുണ്ട്, മുഖം, കഴുത്ത്, വിരൽത്തുമ്പുകൾ എന്നീ ഭാഗങ്ങളിൽ പട്ടി കടിച്ചാൽ റിസ്ക് കൂടുതലാണെന്ന് ചുരുക്കം. 

ഈ ഭാ​ഗങ്ങളിലാണ് പട്ടി കടിക്കുന്നതെങ്കിൽ പ്രതിരോധ വാക്സീൻ, ആന്റിബോഡികൾ ഇവ ശരീരത്തിൽ ഏൽക്കുന്നതിനു മുൻപേ വൈറസ് തലച്ചോറിൽ കടന്ന് വിഷബാധയുണ്ടാക്കിയേക്കാം. ഇതാണ് വാക്സീൻ എടുത്താലും ചിലർക്ക് പേവിഷ ബാധയുണ്ടാകാൻ കാരണം. കുട്ടികൾക്കാണ് ഇത്തരത്തിൽ തലയിലും മറ്റ് ഭാ​ഗങ്ങളിലും കടിയേൽക്കാൻ സാധ്യത കൂടുതൽ. മുതിർന്നവരെ പട്ടി കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും. വീഴ്ചയിലാണ് മറ്റു ഭാഗങ്ങളിൽ കടിക്കാനുള്ള സാധ്യത. എന്നാൽ ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽക്കാം. ഇത് കുട്ടികളിൽ പെട്ടെന്ന് പേവിഷബാധയുണ്ടാക്കാൻ ഇടയാക്കുന്നു.

പേവിഷബാധയ്ക്ക് രണ്ടു തരം കുത്തിവയ്പുകളാണുള്ളത്. ഇൻട്രാഡെർമൽ റേബീസ് വാക്സീൻ (ഐഡിആർവി), ആന്റി ബോഡി അഥവാ ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവയ്പ് എന്നിവയാണ് നിലവിൽ പേവിഷ​ബാധയ്ക്കെതിരെ നൽകുന്ന കുത്തിവയ്പ്പുകൾ. മുറിവിന്റെ കാഠിന്യമനുസരിച്ചാണ് ഡോക്ടർ ഇത് നിർദേശിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img