06:05pm 10 February 2026
NEWS
മുടികൊഴിച്ചില്‍ എങ്ങനെ തടയാം.
14/05/2025  03:13 PM IST
Health Dusk
മുടികൊഴിച്ചില്‍ എങ്ങനെ തടയാം.
HIGHLIGHTS
മനുഷ്യന്റെ പ്രകൃത്യാലുള്ള കിരീടമാണ് മുടി. തലമുടി, ജീവന് ആവശ്യഘടകമല്ല. പക്ഷേ, അതിന് സാമൂഹികവും മാനുഷികവുമായ പ്രാധാന്യം ഉണ്ട്. മുടിയില്ലാതെയുള്ള ശിരസ്സ് പുരുഷനും സ്ത്രീക്കും മാനസിക വൈഷമ്യം ഉണ്ടാക്കുന്ന ഒരു കാരണമാണ്. അത് ആത്മവിശ്വാസം ഉണ്ടാക്കുന്ന ആഭരണമാണ്. അതുകൊണ്ട് തലമുടി, മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
മുടികൊഴിച്ചില്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് നോക്കാം
 
1. മുടിയിഴയ്ക്ക് (Hair shaft) ഉണ്ടാകുന്ന രോഗങ്ങള്‍- ഈ രോഗങ്ങള്‍ കാരണം മുടിയിഴകള്‍ ദുര്‍ബ്ബലമാകുന്നു.
 
2. മറ്റു കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചില്‍
 
മറ്റു കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുടി കൊഴിച്ചില്‍ രണ്ടായി തരം തിരിക്കാം
 
· Scarring Alopecia
 
തലയോട്ടിയിലെ ചര്‍മ്മം നശിച്ചു പോകുന്നു. തന്മൂലം മുടികൊഴിച്ചില്‍.
 
· Non-Scarring Alopecia (ചര്‍മ്മനാശമില്ലാത്ത മുടികൊഴിച്ചില്‍)
 
ചര്‍മ്മനാശത്തോടെയുള്ള മുടികൊഴിച്ചിലില്‍ മുടി ശാശ്വതമായി ഇല്ലാതാകുന്നു. രണ്ടാമത്തതില്‍ അസുഖം ഭേദമാകുമ്പോള്‍ മുടി ഉണ്ടാകുന്നു. ഇവ രണ്ടും വീണ്ടും രണ്ടായി വിഭജിച്ചിട്ടുണ്ട്.
 
1. Diffused - ശിരോചര്‍മ്മം മുഴുവന്‍ ബാധിക്കുന്നത്
 
2. Patterned - ഇടവിട്ട് ഇടവിട്ട് ഉള്ള മുടികൊഴിച്ചില്‍.
 
ശിരസ്സില്‍ മുഴുവന്‍ ഉണ്ടാകുന്ന മുടികൊഴിച്ചിലില്‍, മുടി നാരുകള്‍ ദുര്‍ബ്ബലമാവുകയും ശോഷിക്കുകയും ചെയ്യുന്നു. അവിടവിടെയായുള്ള മുടികൊഴിച്ചിലില്‍, ശിരോ ചര്‍മ്മത്തില്‍ ഇടവിട്ട് ഇടവിട്ട് മുടി കൊഴിയുന്ന രീതിയാണ് കാണുന്നത്.
 
ഇടവിട്ട് മുടി കൊഴിയുന്ന ശിരോചര്‍മ്മ രോഗത്തെ പലതായി വിഭജിച്ചിരിക്കുന്നു.
 
1. Patchy - പലപല സ്ഥലങ്ങളില്‍ മുടികൊഴിച്ചില്‍ വ്യാപിച്ചു കിടക്കുന്നു.
 
2. Moth eaten - ചെറിയ ചെറിയ സ്ഥലങ്ങളില്‍ പ്രാണി കടിച്ചില്ലാതാക്കിയത് പോലെ മുടിയില്ലാതെ കാണപ്പെടുന്നു.
 
3. Ophiasis - ശിരോചര്‍മ്മത്തിന് ചുറ്റും കാണുന്ന മുടിയില്ലായ്മ.
 
4. Male Pattern Baldness (കഷണ്ടി)
 
ശിരോചര്‍മ്മം നശിക്കുന്ന തരത്തിലുള്ള മുടികൊഴിച്ചിലില്‍, ചര്‍മ്മ കോശങ്ങള്‍ നശിച്ച് നാരുകള്‍ (Fibrous tissue) മാത്രമാകുന്നു. ചര്‍മ്മ കോശങ്ങളുടെ ദ്വാരങ്ങള്‍ അടഞ്ഞ് മൃദുവാകുന്നു. ചിലപ്പോള്‍ കട്ടിയായും കാണപ്പെടാറുമുണ്ട്.
 
കഷണ്ടി
ഇത് മിക്കവാറും പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചര്‍മ്മ കോശങ്ങള്‍ ചെറുതാവുന്നത്, ആന്‍ഡ്രജന്‍ ഹോര്‍മോണുകള്‍ കാരണമാണ്. പൈതൃകമായി വരുന്ന ജീനുകളാണ് കഷണ്ടി ഉണ്ടാക്കുന്നത്. ചര്‍മ്മ കോശങ്ങളും മുടിയിഴകളും ദുര്‍ബ്ബലമാവുകയും അവസാനം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
 
സ്ത്രീകളിലും കഷണ്ടി ഉണ്ടാകാറുണ്ട്. അധികമായി രക്തത്തില്‍ കാണുന്ന ആന്‍ഡ്രജന്‍ ഹോര്‍മോണ്‍സ് ആണ് ഇതിന് കാരണം. Polycystic ovarian disease, Cushing's syndrome എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കഷണ്ടി ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
ശിരോചര്‍മ്മത്തിലുണ്ടാകുന്ന ഫംഗസ് ബാധ
 
Tinea Capitis എന്നാണ് ഈ രോഗത്തിന്റെ പേര്. ഇത് ഉഷ്ണകാല കാലാവസ്ഥയുള്ള രാജ്യങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത് (Tropical Countries). ശിരോചര്‍മ്മത്തില്‍ ശല്കങ്ങളും ചുവന്ന നിറവും കാണപ്പെടുന്നു. ചെറിയ കറുത്ത കുത്തുകളായി പൊഴിഞ്ഞു പോയ മുടിയുടെ അറ്റം ശിരോചര്‍മ്മത്തില്‍ അവശേഷിപ്പിക്കും. ചര്‍മ്മ കോശങ്ങള്‍ നശിക്കുകയും അതില്‍ ഫംഗസ് അണുക്കള്‍ നിറയുകയും ചെയ്യുന്നു. Trychophyton Tonsurans എന്ന ഫംഗസാണ് ഇതിന് കാരണം.
 
1. Alopecia Areata (അലോപീഷ്യ ഏരിയേറ്റ)
 
ഈ രോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണപ്പെടുന്നു. വൃത്താകാരത്തിലോ, അല്ലാതെയോ ശിരോചര്‍മ്മത്തില്‍ ഒരു സ്ഥലത്ത് ഒട്ടും മുടിയില്ലാതെ കാണപ്പെടുന്നു. രോഗ ലക്ഷണങ്ങള്‍, ചൊറിച്ചിലോ, വേദനയോ ഒന്നും അവിടെ കാണുകയില്ല. ചെറിയ കറുത്ത മുടികള്‍ ആ സ്ഥലത്ത് കാണാം. ഇതിനെ Exclamation Mark Hairs എന്ന് പറയുന്നു. ചിലപ്പോള്‍ വെളുത്ത നിറമോ, തവിട്ടു നിറമോ ആകാം മുടികള്‍ക്ക്, വളരെ ദുര്‍ബ്ബലവും ആയിരിക്കും.
 
2. Alopecia Totalis
 
ശിരസ്സിനെ മുഴുവന്‍ ബാധിക്കുന്ന മുടികൊഴിച്ചിലിനെയാണ് അലോപേഷ്യ ടോട്ടാലിസ് എന്ന് പറയുന്നത്. ശരീരത്തിലെ മുഴുവന്‍ രോമങ്ങളും നശിക്കുകയാണെങ്കില്‍ Alopecia Universalis എന്ന് പറയുന്നു.
 
മുടികൊഴിച്ചില്‍ പല പേരുകള്‍ വിവക്ഷിക്കപ്പെടുന്നു
 
1. Telogen Effluvium (ടിലോജന്‍ എഫ്‌ലുവിയം)
 
2. Anagen Effluvium(അനാജന്‍ എഫ്‌ലുവിയം)
 
3. Tricho tillo mania (ട്രൈക്കോ ടില്ലോ മാനിയ)
 
4. Alopecia Mucinosa (അലോപേഷ്യ മ്യൂസിനോസ)
 
5. Syphilis (സിഫിലിസ്)
 
6. Drug induced Alopecia (ഔഷധങ്ങള്‍ കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചില്‍)
 
 
3. Telogen Effluvium
 
കാരണങ്ങള്‍
 
· മാനസിക സമ്മര്‍ദ്ദം
 
· ഗുരുതര രോഗങ്ങള്‍, eg: കാന്‍സര്‍
 
· ഗര്‍ഭാവസ്ഥയും പ്രസവവും
 
· വൈറല്‍ പനി
 
· ശസ്ത്രക്രിയകള്‍
 
· തൈറോയ്ഡ് രോഗങ്ങള്‍
 
· ഡയറ്റിംഗ് - പ്രധാനമായും ലിക്വിഡ് ഹൈപ്രോട്ടീന്‍ ഡയ്റ്റ്, പട്ടിണി.
 
· നവജാത ശിശുവിന് ആറുമാസത്തിനകം മുടി കൊഴിയുന്നു.
 
4. Anagen Effluvium
 
കാന്‍സറിനുള്ള ചികിത്സ എടുക്കുന്നവരില്‍ പെട്ടെന്ന് ചര്‍മ്മ കോശങ്ങള്‍ നശിക്കുന്നതായി കാണപ്പെടുന്നു. ചികിത്സ തുടങ്ങി രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കും. ഈ ചികിത്സ കാരണം മുടിയിഴകള്‍ ദുര്‍ബ്ബലമാവുകയും ചെറിയ ക്ഷതമേറ്റാല്‍ പോലും മുടി അടര്‍ന്നു പോവുകയും ചെയ്യും. ചികിത്സ നിര്‍ത്തി കുറച്ചുനാളുകള്‍ക്ക് ശേഷം മുടി വളരുന്നതാണ്.
5. Tricho tillo mania
 
മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന രോഗികള്‍, തലമുടി ശക്തിയായി പറിച്ചെടുക്കുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണിത്. Obsessive Compulsive Disorder അല്ലെങ്കില്‍ Psychosis ഉള്ള രോഗികളിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. കൗമാരക്കാരിലും ഇത് ഉണ്ടാകാറുണ്ട്. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരേപോലെ ഈ രോഗം കാണുന്നു. ശിരോചര്‍മ്മത്തിന്റെ ബയോപ്‌സി എടുത്താല്‍ രോഗം നിര്‍ണ്ണയിക്കാനാകും.
 
 
6. Alopecia Mucinosa (അലോപ്പേഷ്യ മ്യൂസിനോസ)
 
ആരോഗ്യമുള്ള വ്യക്തികളില്‍ കാണുന്ന ചര്‍മ്മരോഗമാണിത്. ദോഷകരമായ ഒരു അവസ്ഥയല്ല. വൃത്താകൃതിയിലുള്ള മുടിയില്ലാത്ത സ്ഥലങ്ങള്‍ ശിരസ്സില്‍ കാണപ്പെടുന്നു. ചിലയിടത്ത് ചെറിയ കുരുക്കളും ശല്കങ്ങളും ഉണ്ടാകാം. ചിലപ്പോള്‍ ശരീരത്തിലും ഈ രോഗം കാണപ്പെടുന്നു. മ്യൂസിന്‍ എന്ന പ്രോട്ടീന്‍ ചര്‍മ്മ കോശങ്ങളിലടിയുമ്പോള്‍ അവ നശിക്കുകയും തന്മൂലം രോമം പൊഴിഞ്ഞു പോവുകയും ചെയ്യുന്നു.
 
ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദത്തിലും ഇത് കാണപ്പെടാം. ഇത് ചര്‍മ്മ കോശങ്ങളില്‍ വരുന്ന വ്യതിയാനം മൂലമാണ്, ലിംഫോമയിലും ഇത് ഉണ്ടാകാം.
 
 
ചികിത്സ
 
മുടികൊഴിച്ചിലിന് പലതരം ചികിത്സകള്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. മിനോക്‌സിഡില്‍ അടങ്ങിയ ലേപനങ്ങള്‍, ഹോര്‍മോണ്‍ ഗുളികകള്‍, ഇവ വ്യാപകമായി കൊടുത്തുവരുന്നു. അടിസ്ഥാന പരമായ രോഗങ്ങള്‍, ഉദാ: Polycystic Ovarian Disease, Cushing Syndrome, Thyroid diseases.ഇവയൊക്കെ കൃത്യമായ ചികിത്സ എടുത്താല്‍ മുടികൊഴിച്ചില്‍ കുറയും.
 
അലോപേഷ്യ ഏരിയേറ്റക്ക് സ്റ്റിറോയ്ഡ് ലേപനങ്ങള്‍, ഇഞ്ചക്ഷന്‍സ് ഇവ കൊടുക്കാറുണ്ട്. ചില ത്വക്ക് രോഗ വിദഗ്ദ്ധര്‍, ഇമ്മ്യൂണോ തെറാപ്പിയും പരീക്ഷിക്കാറുണ്ട്.
 
ഫംഗസ് രോഗബാധയ്ക്ക് ഐട്രാ കൊനസോള്‍, ടെര്‍ബിനാഫിന്‍ ഇവ അടങ്ങിയ ഗുളികകളും ഫംഗസിനെ നശിപ്പിക്കുന്ന ലേപനങ്ങള്‍ (ഉദാ: Clotrimazole) ഉപയോഗിക്കാവുന്നതാണ്. Lichen Planus, Secondary Siphilis, കാന്‍സര്‍, എന്‍ഡോക്രൈന്‍ രോഗങ്ങള്‍,ആട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സ കൊടുത്താല്‍ മുടികൊഴിച്ചിലിന് പരിഹാരമാകും Protein Rich Plasma ഇന്‍ജക്ഷന്‍ കൊടുക്കുന്നതും സഹായകമാണ്.
 
മുടികൊഴിച്ചില്‍ മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍
 
· കഷണ്ടി
 
നമ്മുടെ Self imageനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നു. പല ചികിത്സ ചെയ്തിട്ടും പരാജയപ്പെടുമ്പോള്‍ ആ വ്യക്തികള്‍ നിരാശാബോധത്തിലായിരിക്കും. അതിനാല്‍ ചികില്‍സിക്കു മുമ്പ് നല്ല ഒരു കൗണ്‍സിലിംഗ് നല്‍കുന്നത് അഭികാമ്യമാണ്.
 
 
മുടികൊഴിച്ചിലിന് ചിലപ്പോള്‍ ശാശ്വത പരിഹാരം കിട്ടിയെന്ന് വരികയില്ല. സൗന്ദര്യവും ശരീരാകര്‍ഷണവും നിലനിര്‍ത്താന്‍ ചികിത്സ ഒരു പരിധി വരെ മാത്രമേ സഹായകമാകുമെന്ന് രോഗികളെ ബോധ്യപ്പെടുത്തണം.
 
 
മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. അതുകൊണ്ട് ഈ പ്രശ്‌നവുമായി വരുന്ന രോഗികളെ വിശദമായി പരിശോധിക്കുകയും ആവശ്യമായ ലാബ് ടെസ്റ്റുകളും മറ്റും നടത്തുകയും ചെയ്യേണ്ടതാണ്. നേരത്തെ രോഗം കണ്ടുപിടിച്ച് ചികിത്സ നല്‍കിയാല്‍ ഇത് ഒരു പരിധിവരെ തടയാന്‍ സാധിക്കും.
 
Dr. Sreerekha Panicker
Consultant Dermatologist
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.