05:21am 17 November 2026
NEWS
മണ്ഡലകാല വ്രതം എങ്ങനെ അനുഷ്ഠിക്കണം? 41 ദിവസത്തെ വ്രതചിട്ടകളും കെട്ടുനിറയുടെ ആചാരങ്ങളും അറിയാം
16/11/2026  09:04 PM IST
nila
മണ്ഡലകാല വ്രതം എങ്ങനെ അനുഷ്ഠിക്കണം? 41 ദിവസത്തെ വ്രതചിട്ടകളും കെട്ടുനിറയുടെ ആചാരങ്ങളും അറിയാം

 

ശരണംവിളികളാൽ മുഖരിതമാകുന്ന വൃശ്ചികമാസം അയ്യപ്പഭക്തർക്ക് ആത്മീയസാധനയുടെ നാളുകളാണ്. ശബരിമല ദർശനത്തിനായി ഒരുങ്ങുന്ന ഭക്തർ 41 ദിവസം നീളുന്ന മണ്ഡലകാല വ്രതം അനുഷ്ഠിക്കുന്നത് കർശനമായ ആചാരങ്ങളോടെയാണ്. ശരീരശുദ്ധിക്കും മനഃശുദ്ധിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ വ്രതകാലം അയ്യപ്പഭക്തിയുടെ മാത്രമല്ല, ആത്മനിയന്ത്രണത്തിന്റെയും സമർപ്പണത്തിന്റെയും കാലം കൂടിയാണ്.

വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന വ്രതം മണ്ഡലപൂജയോടെയാണ് പ്രധാന ഘട്ടത്തിലെത്തുന്നത്. വൃശ്ചികവ്രതം അഥവാ മണ്ഡലകാല വ്രതം ശാസ്താപ്രീതിക്ക് വിശേഷപ്പെട്ടതാണെന്നാണ് വിശ്വാസം. ശനിദോഷശാന്തിക്കും ജീവിതത്തിലെ ദുരിതങ്ങളിൽനിന്നുള്ള മോചനത്തിനും ഈ വ്രതം അനുഷ്ഠിച്ച് ശബരിമല ദർശനം നടത്തുന്നത് ഉത്തമമാണെന്നും ഭക്തർ വിശ്വസിക്കുന്നു.

രാവിലെ മുതൽ വ്രതച്ചിട്ടകൾ

സൂര്യോദയത്തിന് മുമ്പ് കുളിച്ച് ശുദ്ധിവരുത്തി ശരണം വിളിച്ചശേഷമാണ് വ്രതാനുഷ്ഠാനികൾ ഭക്ഷണം കഴിക്കേണ്ടത്. ദിവസവും സമീപത്തെ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്. ശാസ്താക്ഷേത്രങ്ങളിലെ ദർശനത്തിനാണ് കൂടുതൽ പ്രാധാന്യം. മണ്ഡലകാലത്ത് ക്ഷേത്രങ്ങളിൽ നടക്കുന്ന ഭജനകളിലും പ്രാർഥനകളിലും സജീവമായി പങ്കെടുക്കാം.

വ്രതത്തിന്റെ ഭാഗമായി മത്സ്യം, മാംസം, മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എന്നിവ പൂർണമായും ഒഴിവാക്കണം. ക്ഷൗരവും ഉപേക്ഷിക്കണം. ശാരീരികമായ നിയന്ത്രണങ്ങൾക്കൊപ്പം പെരുമാറ്റത്തിലും ചിന്തകളിലും ശുദ്ധി നിലനിർത്തേണ്ടതുണ്ട്. കോപം, ഹിംസ, വഞ്ചന, പരദൂഷണം, നുണ, ശാപവാക്കുകൾ, മറ്റുള്ളവരെ കുറ്റപ്പെടുത്തൽ തുടങ്ങിയവയിൽനിന്ന് വിട്ടുനിൽക്കണം.

ആഹാരത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പഴകിയ ഭക്ഷണം ഒഴിവാക്കുകയും മിതമായ ഭക്ഷണരീതി പിന്തുടരുകയും വേണം. കറുപ്പ്, നീല തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് വ്രതകാലത്ത് ഉത്തമമായി കണക്കാക്കുന്നത്.

ദിവസവും ജപിക്കേണ്ട ശാസ്താമന്ത്രം

ശാസ്താവിന്റെ പ്രീതിക്കായി ദിവസവും കുറഞ്ഞത് പത്ത് തവണയെങ്കിലും മന്ത്രജപം നടത്തണമെന്നാണ് ആചാരം. പ്രധാനമായും ജപിക്കാവുന്ന മന്ത്രം:

ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമഃ

ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആചാരങ്ങൾ

ശബരിമല യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് ഇരുമുടിക്കെട്ട് നിറയ്ക്കൽ. കെട്ടുനിറ അഥവാ കെട്ടുമുറുക്ക് എന്നറിയപ്പെടുന്ന ഈ ചടങ്ങ് വീട്ടിലോ ക്ഷേത്രത്തിലോ നടത്താം. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുവേണം ഇരുമുടിക്കെട്ട് തയ്യാറാക്കാൻ.

വീട്ടിൽ കെട്ടുനിറയ്ക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ഉമ്മറത്ത് കുരുത്തോല, ആലില, മാവില, പൂക്കൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച പന്തൽ ഒരുക്കണം. പീഠത്തിൽ അലക്കിയ മുണ്ടുവിരിച്ച് കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെ ചിത്രം സ്ഥാപിക്കണം. ചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തി ഗണപതിക്കുള്ള ഒരുക്കുകളും സമർപ്പിക്കണം. പുതിയ പായയോ വിരിയോ വിരിച്ചാണ് കെട്ടുനിറയ്ക്കാനുള്ള സാധനങ്ങൾ ഒരുക്കേണ്ടത്.

ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടുമുറുക്ക് പൂർത്തിയാക്കിയശേഷം ആദ്യം വീട്ടിലെ മാതാപിതാക്കൾക്കും മുതിർന്നവർക്കും ദക്ഷിണ നൽകണം. പിന്നീട് ഗുരുസ്വാമിക്കും ദക്ഷിണ സമർപ്പിക്കണം. ഇരുമുടിക്കെട്ട് ശിരസ്സിലേറ്റിയശേഷം ഗണപതിഭഗവാന് തേങ്ങയുടച്ചാണ് യാത്ര ആരംഭിക്കുന്നത്.

വീട്ടിൽനിന്ന് യാത്ര തിരിക്കുമ്പോൾ...

തീർഥാടനത്തിനായി വീട്ടിൽനിന്ന് ഇറങ്ങുമ്പോഴും ചില പ്രത്യേക ആചാരങ്ങൾ പാലിക്കാറുണ്ട്. കഴുകി വൃത്തിയാക്കിയ കല്ല് മുറ്റത്ത് വച്ച് അതിൽ കർപ്പൂരമോ തിരിയോ തെളിക്കണം. ഗണപതിഭഗവാനെ മനസ്സിൽ ധ്യാനിച്ച് കല്ലിന് മൂന്നു തവണ വലംവച്ചശേഷം തേങ്ങയുടയ്ക്കണം. തുടർന്ന് വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ യാത്ര തുടരണമെന്നാണ് ആചാരവിശ്വാസം.

വ്രതശുദ്ധിയോടെയും ഇരുമുടിക്കെട്ടിന്റെ പവിത്രത കാത്തുസൂക്ഷിച്ചും ശരണംവിളികളോടെ മലകയറുമ്പോഴാണ് അയ്യപ്പദർശനത്തിനായുള്ള മണ്ഡലകാല തീർഥാടനം പൂർണമാകുന്നത്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ നിയന്ത്രണവിധേയമാക്കുന്ന ഈ 41 ദിവസങ്ങൾ ഭക്തർക്ക് ആത്മീയമായ തയ്യാറെടുപ്പിന്റെ കാലം കൂടിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img