05:56pm 16 September 2026
NEWS
വഴിതെറ്റിയ ഗുരുസ്വാമി നമ്മളോട് ക്ഷമിക്കുമ്പോൾ; അധികാരത്തിന്റെ ആത്മവിശ്വാസം എങ്ങനെ ജനവിശ്വാസത്തിന്റെ നഷ്ടമായി മാറി
16/09/2026  04:19 PM IST
ഡോ. ബി. അശോക്
വഴിതെറ്റിയ ഗുരുസ്വാമി നമ്മളോട് ക്ഷമിക്കുമ്പോൾ; അധികാരത്തിന്റെ ആത്മവിശ്വാസം എങ്ങനെ ജനവിശ്വാസത്തിന്റെ നഷ്ടമായി മാറി

നന്നായി ഓടുന്ന രണ്ട് ട്രോളുകളാണ് ഈ കുറിപ്പിന് പ്രേരണയായത്. ഒന്നിൽ സ്വന്തം
സംഘത്തിലെ മറ്റെല്ലാവർക്കും വഴി തെറ്റിയെന്ന് പരിഭവിക്കുന്ന ഒരു ഗുരുസ്വാമി.
മറ്റൊന്നിൽ തന്നെ തല്ലിയവരോട്, ആശാൻ ക്ഷമിച്ചിരിക്കുന്നു; ധൈര്യമായി
തിരികെ വരൂ എന്ന് പറയുന്ന ഒരു ആശാൻ.
ചിരിപ്പിക്കാനുള്ള കഴിവിനപ്പുറം, ചില ട്രോളുകൾ ഒരു രാഷ്ട്രീയ
കാലഘട്ടത്തിന്റെ മനഃശാസ്ത്രം കൃത്യമായി തുറന്നുകാട്ടും.
ഒരു തെരഞ്ഞെടുപ്പ് പരാജയത്തെക്കുറച്ച് സ്ഥാനാർഥികളെ മാറ്റിയാലോ ചില
നേതാക്കളെ തിരുത്തിയാലോ വിമർശകരെ തിരിച്ചുവിളിച്ചാലോ
പരിഹരിക്കാമെന്ന് കരുതിയാൽ യഥാർത്ഥ പരാജയത്തിന്റെ കാരണങ്ങൾ
കണ്ടെത്താനാവില്ല. ഒരു സർക്കാരിന്റെ പരാജയം അവസാന നിമിഷത്തെ ഒരു
സംഭവത്തിന്റെ ഫലമല്ല. വർഷങ്ങളായി രൂപപ്പെട്ട ഭരണശൈലി, തീരുമാനങ്ങൾ,
ധനകാര്യനയം, ജനങ്ങളുമായുള്ള ബന്ധം, രാഷ്ട്രീയ സംസ്‌കാരം എന്നിവയുടെ
സംയുക്തഫലമാണ്.
അതിനാൽ ചോദ്യം ആരെയാണ് മാറ്റേണ്ടത്? എന്നതല്ല.
എവിടെയാണ് അടവു പിഴച്ചത്? എന്നതാണ്.
ഈ ചോദ്യം ചോദിക്കാൻ കഴിയാത്ത സംഘടനയ്ക്ക് പരാജയത്തിൽ നിന്ന്
പഠിക്കാനാവില്ല. സ്വയം ന്യായീകരണമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അടുത്ത
പരാജയത്തിന്റെ വിത്തുകളും അവിടെത്തന്നെ വിതയ്ക്കപ്പെടും.

ജനവിധികൾ നൽകുന്ന മുന്നറിയിപ്പ്

2016 മെയ് മാസത്തിലെ ജനവിധി കേരളത്തിലെ അന്നത്തെ ഭരണകൂടത്തിനെതിരായ
ശക്തമായ രാഷ്ട്രീയ സന്ദേശമായിരുന്നു. അതിനുശേഷമുള്ള തെരഞ്ഞെടുപ്പ്
ഫലങ്ങളിലും ഭരണവിരുദ്ധ വികാരം ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. 2021 ലെ
നിയമസഭാ തെരഞ്ഞെടുപ്പാണ് അതിൽ വലിയ വ്യത്യാസം സൃഷ്ടിച്ചത്.
എന്തുകൊണ്ടാണ് 2021 ൽ ജനങ്ങൾ തുടർച്ചയായി ഒരു സർക്കാരിനെ
തിരഞ്ഞെടുത്തത്?

അതിന് അന്നത്തെ അസാധാരണമായ സാമൂഹിക സാഹചര്യങ്ങൾക്ക് വലിയ
പങ്കുണ്ടായിരുന്നു. ഓഖി, പ്രളയങ്ങൾ, കോവിഡ്തുടർച്ചയായ ദുരന്തങ്ങൾ
കേരളത്തെ സാമ്പത്തികമായും സാമൂഹികമായും മാനസികമായും തളർത്തിയ
കാലം. അപ്പോൾ ജനങ്ങൾ പ്രതീക്ഷിച്ചത് വലിയ സിദ്ധാന്തപ്രഖ്യാപനങ്ങളല്ല;
സുരക്ഷ, സ്ഥിരത, നേതൃത്വം, പ്രതിസന്ധിയെ നേരിടാനുള്ള കഴിവ്
എന്നിവയായിരുന്നു.
കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളും പൊതുജന ആശയവിനിമയവും
സർക്കാരിന് ഒരു പ്രത്യേക വിശ്വാസ്യത നൽകി. ഭീതിയിലായിരുന്ന സമൂഹത്തിന്
സർക്കാർ ദൃശ്യമാണെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നുവെന്നും
തോന്നി. അതായിരുന്നു 2021 ലെ വിജയത്തിന്റെ രാഷ്ട്രീയ മൂലധനം.
പക്ഷേ ദുരന്തകാലത്തെ ഭരണവിജയം സാധാരണ ഭരണകാലത്തിന്റെ വിജയത്തിന്
തുല്യമല്ല.

ദുരന്തം നേരിടുമ്പോൾ ജനങ്ങൾ പല പിശകുകളും ക്ഷമിക്കും. സാധാരണ ജീവിതം
തിരിച്ചെത്തിയശേഷം അവർ ചോദിക്കുന്ന ചോദ്യം മറ്റൊന്നാണ്:
ഇനി നിങ്ങൾ എന്താണ് ചെയ്തത്?
രണ്ടാം സർക്കാരിന്റെ യഥാർത്ഥ പരീക്ഷണം അവിടെയായിരുന്നു.

രണ്ടാം അവസരം,നഷ്ടപ്പെട്ട പ്രതീക്ഷ

ഒന്നാം സർക്കാരിന്റെ ഭൂരിഭാഗം കാലവും അസാധാരണ
സാഹചര്യങ്ങളിലായിരുന്നു. ഓഖി, രണ്ട് പ്രളയങ്ങൾ, കോവിഡ്, ശബരിമല
വിഷയത്തെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ സംഘർഷം സാധാരണ ഭരണത്തിന്റെ
തുടർച്ചയ്ക്ക് വലിയ ഇടവേളകൾ.
അത്തരം പശ്ചാത്തലത്തിലാണ് 2021 ൽ രണ്ടാം സർക്കാർ അധികാരത്തിലെത്തിയത്.
അതിനാൽ പ്രതീക്ഷയും കൂടുതലായിരുന്നു.

എന്നാൽ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന ഭരണത്തിൽ നിന്ന് സാധാരണ വികസന-
ഭരണത്തിലേക്കുള്ള മാറ്റം അത്ര വിജയകരമായിരുന്നില്ല. ദുരന്താനന്തര
പുനർനിർമാണം, സംസ്ഥാനത്തിന്റെ ധനകാര്യപരിമിതികൾ, വർധിച്ച
കടബാധ്യത, കേന്ദ്ര-സംസ്ഥാന ധനബന്ധങ്ങളിലെ സമ്മർദ്ദം എന്നിവ
യാഥാർഥ്യങ്ങളായിരുന്നു.
പക്ഷേ ബാഹ്യപരിമിതികൾ മാത്രം ഭരണപരാജയം വിശദീകരിക്കില്ല.
പരിമിത വിഭവങ്ങളിൽ എന്തിന് മുൻഗണന നൽകി, എന്ത് ചെയ്തു എന്നതും
ഭരണത്തിന്റെ ഉത്തരവാദിത്തമാണ്.

സിൽവർലൈൻ:ജനങ്ങളുമായി സർക്കാർ നേർക്കുനേർ വന്ന നിമിഷം

രണ്ടാം സർക്കാരിന്റെ രാഷ്ട്രീയ യാത്രയിലെ നിർണ്ണായക
വഴിത്തിരിവുകളിലൊന്നായിരുന്നു പിന്നീട് ഉപേക്ഷിക്കപ്പെട്ട സിൽവർലൈൻ
പദ്ധതി.
വേഗതയേറിയ റെയിൽ ഗതാഗതം പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ
കേരളത്തിന് ആവശ്യമില്ലെന്ന് പറയാനാവില്ല. ഗതാഗതപ്രശ്‌നങ്ങൾ
പരിഹരിക്കാനും നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം കുറയ്ക്കാനും പുതിയ
സംവിധാനങ്ങൾ ആവശ്യമാണ്.
പ്രശ്‌നം പദ്ധതിയുടെ ആശയത്തിൽ മാത്രം ആയിരുന്നില്ല. പദ്ധതി എങ്ങനെ
അവതരിപ്പിച്ചു, എങ്ങനെ നടപ്പാക്കാൻ ശ്രമിച്ചു, ജനങ്ങളോട് എങ്ങനെ
സംസാരിച്ചു എന്നതിലായിരുന്നു രാഷ്ട്രീയ പരാജയം.
പരിസ്ഥിതി പഠനം, സാമ്പത്തിക പ്രായോഗികത, ഭൂമി ഏറ്റെടുക്കൽ,
പുനരധിവാസം, ചെലവ്, കടബാധ്യത, ദീർഘകാല വരുമാനശേഷി തുടങ്ങിയ
ചോദ്യങ്ങൾ ഉയർന്നപ്പോൾ അവയെ ഗൗരവത്തോടെ കൈകാര്യം
ചെയ്യേണ്ടതായിരുന്നു.
പകരം പല ഘട്ടങ്ങളിലും ജനങ്ങൾക്ക് അനുഭവപ്പെട്ടത്: ആദ്യം തീരുമാനിച്ചു;
നടപ്പാക്കാം; പിന്നീട് വിശദീകരിക്കാം എന്ന സമീപനമായിരുന്നു.

മഞ്ഞക്കുറ്റികൾ സ്ഥാപിച്ചത് ഒരു സാങ്കേതിക നടപടി മാത്രമായിരുന്നില്ല.
ഭൂമിയുടെയും വീടിന്റെയും ഭാവിയെക്കുറിച്ചുള്ള സാധാരണ മനുഷ്യന്റെ
ഭയത്തിന്റെ പ്രതീകമായി അത് മാറി.
അവിടെ സർക്കാർ-ജന ബന്ധത്തിൽ വലിയ വിള്ളലുണ്ടായി. ഒരു സർക്കാരിന് ഒരു
പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാവുന്നില്ലെങ്കിൽ അത്
പ്രതിപക്ഷത്തിന്റെ പ്രചാരണവിജയം മാത്രമല്ല; ഭരണകൂടത്തിന്റെ
ആശയവിനിമയ പരാജയവുമാണ്.

പദ്ധതി മുന്നോട്ടുപോയില്ല. പക്ഷേ അതിനുമുമ്പേ രാഷ്ട്രീയ നഷ്ടം സംഭവിച്ചിരുന്നു.
ജനങ്ങൾക്ക് തോന്നിയത്, തങ്ങളുമായി സംസാരിക്കുന്ന സർക്കാരിനേക്കാൾ
തീരുമാനങ്ങൾ പ്രഖ്യാപിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു അധികാരകേന്ദ്രമാണ്
മുന്നിലുള്ളതെന്നായിരുന്നു.

പണം കുറഞ്ഞപ്പോൾ മുൻഗണനകൾ എവിടെ പോയി?

സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി രണ്ടാം സർക്കാരിന്റെ കാലത്ത് വലിയ
വെല്ലുവിളിയായി. കിഫ്ബി, പെൻഷൻ കമ്പനികൾ തുടങ്ങിയ
സംവിധാനങ്ങളുമായി ബന്ധപ്പെട്ട ബാധ്യതകളും കടമെടുപ്പ് പരിധിയെച്ചൊല്ലിയ
കേന്ദ്ര-സംസ്ഥാന തർക്കങ്ങളും സമ്മർദ്ദം വർധിപ്പിച്ചു.
ഇതെല്ലാം സാധാരണ പൗരന് സങ്കീർണമായ ധനകാര്യ വിഷയങ്ങളാണ്. പക്ഷേ
അയാൾക്ക് മനസ്സിലാകുന്ന ചോദ്യം ലളിതമാണ്:
എനിക്ക് കിട്ടേണ്ടത് എന്തുകൊണ്ട് കിട്ടുന്നില്ല?
ശമ്പളം വൈകുന്നു. പെൻഷൻ കുടിശ്ശികയാകുന്നു. കരാറുകാരുടെ ബില്ലുകൾ
കെട്ടിക്കിടക്കുന്നു. സർവകലാശാലകൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല. കൃഷി,
മത്സ്യബന്ധനം, പട്ടികജാതി-പട്ടികവർഗ ക്ഷേമം തുടങ്ങിയ മേഖലകളിലെ
പ്രവർത്തനങ്ങൾ പണത്തിന്റെ അഭാവത്തിൽ മന്ദഗതിയിലാകുന്നു.
അതേസമയം വൻ ആഘോഷങ്ങളും പ്രചാരണ പരിപാടികളും ചെലവേറിയ
രാഷ്ട്രീയ ബ്രാൻഡിംഗും തുടരുമ്പോൾ ഒരു വൈരുധ്യം ജനങ്ങൾക്ക്
കാണാതിരിക്കില്ല.

പണം ഇല്ല എന്ന വാദം ജനങ്ങൾ അംഗീകരിക്കണമെങ്കിൽ സർക്കാർ സ്വന്തം
ചെലവിലും മുൻഗണനകളിലും അതിന്റെ തെളിവ് കാണിക്കണം.
അത് കാണാതെ വന്നാൽ ധനകാര്യപ്രതിസന്ധി സാമ്പത്തിക പ്രശ്‌നത്തിൽ നിന്ന്
രാഷ്ട്രീയ പ്രശ്‌നമായി മാറും.

വികസനം എന്ന പേരിൽ പദ്ധതികളുടെ പെരുക്കം

ഒരു സർക്കാർ എത്ര പദ്ധതികൾ പ്രഖ്യാപിക്കുന്നു എന്നത് മാത്രം
വികസനത്തിന്റെ അളവുകോലല്ല.
എത്ര പദ്ധതികൾ പൂർത്തിയാക്കി? എത്ര പദ്ധതികൾ സാമ്പത്തികമായും
സാമൂഹികമായും പാരിസ്ഥിതികമായും നിലനിൽക്കുന്നു? എത്ര പദ്ധതികൾ
ജനങ്ങളുടെ ജീവിതത്തിൽ അളക്കാവുന്ന മാറ്റമുണ്ടാക്കി?
ഇതാണ് യഥാർത്ഥ ചോദ്യം.

ലൈഫ്, ആർദ്രം പോലുള്ള മിഷനുകൾക്ക് സാമൂഹിക പ്രസക്തിയുണ്ട്. എന്നാൽ
എല്ലാ പ്രശ്‌നത്തിനും പുതിയൊരു മിഷൻ, സമിതി, കൺസൾട്ടന്റ്, ബ്രാൻഡ്,
പുതിയൊരു പി.പി.ടി. എന്ന രീതിയിലേക്ക് ഭരണകൂടം നീങ്ങുമ്പോൾ
കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരും.
സർക്കാർ സംവിധാനത്തിനുള്ളിൽ ചെയ്യാവുന്ന കാര്യങ്ങൾക്ക് സമാന്തര
സംവിധാനങ്ങൾ സൃഷ്ടിക്കുന്നത് ചെലവ് വർധിപ്പിക്കുകയും ഉത്തരവാദിത്തം
മങ്ങിയതാക്കുകയും ചെയ്യും.

കെ-ഫോൺ, കെ-റെയിൽ തുടങ്ങിയ വലിയ പദ്ധതികളിലും സാമ്പത്തിക-വാണിജ്യ
പ്രായോഗികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.
വലിയ പദ്ധതികൾക്കെതിരെ നിൽക്കുക എന്നതല്ല ഉദ്ദേശ്യം.
വലിയ പദ്ധതി വലിയ പണം മാത്രമല്ല; വലിയ ഉത്തരവാദിത്തവുമാണ്.
ഒരു കോടി രൂപയുടെ തെറ്റായ തീരുമാനം തിരുത്താം. ആയിരക്കണക്കിന് കോടി
രൂപയുടെ തെറ്റായ തീരുമാനത്തിന്റെ വില തലമുറകൾ നൽകേണ്ടിവരും.

കരാറുകളും മത്സരത്തിന്റെ അടിസ്ഥാനതത്വവും

പൊതുപണം ചെലവഴിക്കുന്നിടത്ത് സുതാര്യത ഭരണപരമായ അലങ്കാരമല്ല;
ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമാണ്.
സർക്കാർ നിർമ്മാണങ്ങളും സേവനങ്ങളും മത്സരാധിഷ്ഠിത ടെൻഡറുകളിലൂടെ
നൽകുന്നതിന്റെ പ്രസക്തിയും അതിലാണ്.
ഏതെങ്കിലും സ്ഥാപനത്തിന് നിരന്തരം വലിയ തോതിൽ പ്രവൃത്തികൾ
ലഭിക്കുമ്പോൾ സ്വാഭാവികമായും ചോദ്യങ്ങൾ ഉയരും:
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചോ?
മത്സരമുണ്ടായോ?
മികച്ച വില ഉറപ്പാക്കിയോ?
ഗുണനിലവാരം ഉറപ്പാക്കിയോ?
പൊതുപണം ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ചോ?
ഒരു സ്ഥാപനത്തിന് കൂടുതൽ പ്രവൃത്തികൾ ലഭിച്ചു എന്നത് മാത്രം അഴിമതിയുടെ
തെളിവല്ല. എന്നാൽ പൊതു സംഭരണത്തിൽ മത്സരവും സുതാര്യതയും
കുറയുന്നിടത്ത് സംശയത്തിന് ഇടമുണ്ടാകും.
ജനാധിപത്യ ഭരണത്തിന്റെ ശക്തി സംശയങ്ങൾ ഇല്ലാതാക്കുന്നതിലാണ്;
സംശയിക്കുന്നവരെ ശത്രുക്കളാക്കുന്നതിലല്ല.

നവകേരള സദസ്സ്: ജനസമ്പർക്കമോഅധികാര പ്രദർശനമോ?

നവകേരള സദസ്സ് എന്ന ആശയത്തിൽ തെറ്റൊന്നുമില്ല. ഭരണകൂടം ജനങ്ങളിലേക്ക്
പോകുകയും പരാതികൾ കേൾക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ
സ്വാഗതാർഹമാണ്. പക്ഷേ ഒരു ജനസമ്പർക്ക പരിപാടിയുടെ വിജയത്തെ
വേദിയുടെ വലുപ്പം കൊണ്ടല്ല അളക്കേണ്ടത്. ലഭിച്ച പരാതികൾ പരിഹരിച്ചോ
എന്നതാണ് അളവുകോൽ.
ജനങ്ങൾ പരാതി നൽകി. അതിനുശേഷം എന്തു സംഭവിച്ചു? പരാതി
പരിശോധിച്ചോ? ഉത്തരവാദപ്പെട്ട വകുപ്പിനെ സമീപിച്ചോ? സമയബന്ധിതമായി
പരിഹാരം നൽകിയോ?

ജനസമ്പർക്കം നാടകമാകുമ്പോൾ ജനങ്ങൾക്ക് അത് തിരിച്ചറിയാൻ അധികകാലം
വേണ്ട.
അതേ സമയം ശമ്പളം, പെൻഷൻ, ബില്ലുകൾ, വിദ്യാർത്ഥി ആനുകൂല്യങ്ങൾ
എന്നിവയിൽ കുടിശ്ശികകൾ നിലനിൽക്കുമ്പോൾ വൻചെലവിലുള്ള പരിപാടികൾ
ഒരു അസ്വസ്ഥമായ രാഷ്ട്രീയ സന്ദേശം നൽകും.

കേരളീയം: ആഘോഷത്തിന്റെ രാഷ്ട്രീയം

ഒരു സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നത് തെറ്റല്ല.
പക്ഷേ ആഘോഷത്തിനും ഒരു രാഷ്ട്രീയ സന്ദർഭമുണ്ട്.
ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുമ്പോൾ സർക്കാർ ജീവനക്കാർക്കും
പെൻഷൻകാർക്കും കരാറുകാർക്കും വിദ്യാർത്ഥികൾക്കും കുടിശ്ശികയുണ്ടെങ്കിൽ
വലിയ സർക്കാർ ആഘോഷങ്ങൾ എങ്ങനെ വായിക്കപ്പെടും?
ആഘോഷത്തിന്റെ സമയവും അളവും രാഷ്ട്രീയ സന്ദേശമാണ്.
എനിക്ക് കിട്ടേണ്ട തുച്ഛമായ തുക പോലും കിട്ടാത്തപ്പോൾ ഇവർക്ക് ഇത്രയും
ആഘോഷിക്കാൻ എങ്ങനെ കഴിയുന്നു? എന്ന ചോദ്യം ഉയർന്നാൽ
പ്രചാരണത്തിന്റെ മുഴുവൻ തിളക്കവും മങ്ങും.
യഥാർത്ഥ പ്രശ്‌നം പണം മാത്രമല്ല. എല്ലാ പരാജയത്തിനും ധനകാര്യപ്രതിസന്ധിയെ
കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാൽ കൂടുതൽ ആഴത്തിലുള്ള പ്രശ്‌നമുണ്ട്:
ഭരണത്തിന്റെ ശൈലി.

ഒരു സർക്കാർ സാമ്പത്തികമായി ദുർബലമായിരിക്കാം. പക്ഷേ സത്യസന്ധമായി
അത് ജനങ്ങളോട് പറയാം. മുൻഗണനകൾ വ്യക്തമാക്കാം. എന്ത് ചെയ്യാൻ
കഴിയില്ലെന്ന് പറയാം. ജനങ്ങളെ പങ്കാളികളാക്കാം.
അങ്ങനെ ചെയ്താൽ ജനങ്ങൾ പലതും ക്ഷമിക്കും.
പക്ഷേ പണം കുറവായിരിക്കെ അധികാരപ്രദർശനത്തിൽ കുറവില്ലെങ്കിൽ അത്
ഇരട്ടത്താപ്പായി തോന്നും.

അതുകൊണ്ടാണ് ധനകാര്യപ്രതിസന്ധിയേക്കാൾ പ്രധാനപ്പെട്ടത് അതിനോടുള്ള
ഭരണകൂടത്തിന്റെ പ്രതികരണം.

അഴിമതിക്കഥകളുടെ രാഷ്ട്രീയ ആഘാതം

ഒരു ഭരണകൂടത്തിന്റെ വിശ്വാസ്യത തകരുന്നത് ഒരു വലിയ അഴിമതി
പുറത്തുവരുമ്പോൾ മാത്രമല്ല. ചെറിയ ആരോപണങ്ങൾ, സ്ഥാപനങ്ങളിലെ
ക്രമക്കേടുകൾ, നിയമന വിവാദങ്ങൾ, സഹകരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ,
ഭരണസംവിധാനത്തിലെ ഇടപെടലുകൾ ഇവയെല്ലാം ചേർന്നാണ് പൊതുമനസ്സിൽ
ഒരു ചിത്രം രൂപപ്പെടുന്നത്.
ഓരോ ആരോപണവും സത്യമാണ് എന്നല്ല. ജനാധിപത്യത്തിൽ ആരോപണം
തെളിവിന് തുല്യമല്ല.
പക്ഷേ ആരോപണങ്ങൾ ഉയരുമ്പോൾ അവ അന്വേഷിക്കുന്ന സ്ഥാപനങ്ങളുടെ
സ്വാതന്ത്ര്യവും സർക്കാരിന്റെ പ്രതികരണത്തിലെ സുതാര്യതയും
നിർണ്ണായകമാണ്.
ഞങ്ങളെ വിശ്വസിക്കൂ എന്നത് തെളിവിന് പകരമാകില്ല.
സംശയങ്ങൾ അന്വേഷണത്തിലൂടെയും രേഖകളിലൂടെയും സുതാര്യതയിലൂടെയും
നീക്കണം; വിമർശകരെ മിണ്ടാതാക്കുന്നതിലൂടെ അല്ല.

വിമർശകരെ ശത്രുക്കളാക്കിയപ്പോൾ

ഒരു ഭരണകൂടത്തെ വിമർശിക്കുന്നവർ എല്ലാവരും ശത്രുക്കളല്ല. അവർ
പ്രതിപക്ഷക്കാരാകാം, മാധ്യമപ്രവർത്തകരാകാം, സ്വന്തം സംഘടനയിലെ
ആളുകളാകാം, ഉദ്യോഗസ്ഥരാകാം, സാധാരണ പൗരന്മാരാകാം.
അവരുടെ വാദത്തിലെ തെറ്റ് തെളിയിക്കാൻ കഴിയാത്തപ്പോൾ അവരുടെ
ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നത് എളുപ്പമാണ്.

നിങ്ങൾ സർക്കാരിന്റെ ഭാഗമാണ്.
നിങ്ങൾ സംഘടനയെ ദുർബലപ്പെടുത്തുന്നു.

നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ല.
ഇത്തരം വാക്കുകൾ താൽക്കാലിക ആശ്വാസം നൽകും.
പക്ഷേ അതിന്റെ ഫലം അപകടകരമാണ്:
സത്യം പറയുന്നവർ കുറയും.
അധികാരകേന്ദ്രത്തിലേക്ക് എത്തുന്നത് യഥാർത്ഥ വിവരങ്ങളല്ല; കേൾക്കാൻ
ഇഷ്ടമുള്ള വിവരങ്ങളാകും.
അതാണ് ഏതൊരു ഭരണകൂടത്തിന്റെയും തകർച്ചയുടെ തുടക്കം.

ചെവികടി ഭരണത്തിന്റെ അപകടം

അധികാരത്തിന് ചുറ്റും എപ്പോഴും ഉപദേശകരുണ്ടാകും. ചിലർ സത്യസന്ധരും
ചിലർ കഴിവുള്ളവരും ചിലർ രാഷ്ട്രീയമായി വിശ്വസ്തരുമായിരിക്കും.
പക്ഷേ ഒരു നേതാവ് ഉപദേശകരുടെ വലയത്തിനുള്ളിൽ മാത്രം ജീവിക്കാൻ
തുടങ്ങുമ്പോൾ ഭരണത്തിന്റെ യാഥാർഥ്യവുമായി ബന്ധം മുറിയും.
ജനങ്ങളെ നേരിട്ട് കാണാതിരിക്കുക, വ്യത്യസ്ത അഭിപ്രായങ്ങൾ
കേൾക്കാതിരിക്കുക, വിമർശനത്തെ അവിശ്വാസത്തോടെ കാണുക, സ്വന്തം
തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവരെ അകറ്റുക ഇവ ചേർന്നാൽ അധികാരത്തിന്
ചുറ്റും ഒരു മാറ്റൊലിപ്പുര രൂപപ്പെടും.

അവിടെ നേതാവ് കേൾക്കുന്നത് തനിക്ക് ഇഷ്ടമുള്ള ശബ്ദം മാത്രം. പുറത്ത് സമൂഹം
മാറിക്കൊണ്ടിരിക്കും. അകത്ത് പഴയ വിജയത്തിന്റെ ഓർമ്മകൾ
ആവർത്തിച്ചുകൊണ്ടിരിക്കും.
ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴാണ് യാഥാർഥ്യം വാതിൽ തകർത്ത്
അകത്ത് കടക്കുന്നത്.

ഒരു സംഘടനയ്ക്ക് സ്വന്തം കണ്ണാടി നഷ്ടപ്പെടുമ്പോൾ

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശക്തി അതിന്റെ സംഘടനയിലാണ്. എന്നാൽ
സംഘടനയുടെ യഥാർത്ഥ ശക്തി നേതാവിനെ പുകഴ്ത്തുന്നതിലല്ല. നേതാവിനോട്
വിയോജിക്കാൻ കഴിയുന്നതിലാണ്.

തെറ്റായ തീരുമാനത്തെ തെറ്റെന്ന് പറയാൻ കഴിയുന്ന സംഘടനയാണ് ശക്തമായ
സംഘടന. വിമർശനം സ്വീകരിക്കുന്ന നേതൃത്വത്തിനേ ദീർഘകാലം
നിലനിൽക്കാനാകൂ.

അധികാരത്തിലുള്ള പാർട്ടിക്ക് ഇത് കൂടുതൽ പ്രധാനമാണ്. കാരണം പാർട്ടിയുടെ
തെറ്റിന് വില കൊടുക്കുന്നത് പാർട്ടി പ്രവർത്തകർ മാത്രം അല്ല; ജനങ്ങളാണ്.
ഒരു സംഘടനയുടെ തീരുമാനങ്ങൾ സർക്കാർ നയമായി മാറുന്ന നിമിഷം മുതൽ
അതിന്റെ ഫലങ്ങൾ പൊതുസമൂഹത്തിന് വിലയിരുത്താനുള്ള അവകാശമുണ്ട്.

സമൂഹം മാറിയപ്പോൾ ഭരണകൂടം മാറിയില്ല

2023 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ കേരളസമൂഹം വേഗത്തിൽ
മാറുകയാണ്. മയക്കുമരുന്നിന്റെ വ്യാപനം, മദ്യത്തിന്റെ അമിത ഉപയോഗം,
അക്രമം, സൈബർ കുറ്റകൃത്യങ്ങൾ, യുവാക്കളുടെ സാമൂഹിക പ്രശ്‌നങ്ങൾ,
കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദ്ദം ഇവ പുതിയ സാമൂഹിക യാഥാർഥ്യങ്ങൾ
സൃഷ്ടിക്കുന്നു.

ഒരു സർക്കാരിന് ഇവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. പക്ഷേ
സമൂഹത്തിന്റെ ആശങ്കകളോട് പ്രതികരിക്കണം. നിയമം നടപ്പാക്കണം.
പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. വിദ്യാഭ്യാസം, ആരോഗ്യം,
സാമൂഹിക ഇടപെടൽ, പ്രാദേശിക ഭരണസംവിധാനം എന്നിവ
ഏകോപിപ്പിക്കണം.
അതിലും പ്രധാനമായി, സമൂഹത്തോട് തുടർച്ചയായി സംസാരിക്കണം.

സ്റ്റാലിനിസ്റ്റ് ശൈലിയുടെ ഭീഷണി

ഒരു ഭരണകൂടത്തെ സ്റ്റാലിനിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത് ശക്തമായ രാഷ്ട്രീയ
രൂപകമാണ്; അതിനാൽ സൂക്ഷിച്ചുപയോഗിക്കേണ്ട പദവുമാണ്.
എന്നാൽ അധികാരത്തിന്റെ അമിത കേന്ദ്രീകരണം, വിമർശനത്തോടുള്ള
അസഹിഷ്ണുത, വ്യക്തിപൂജയിലേക്കുള്ള നീക്കം, തീരുമാനങ്ങളെ ചോദ്യം
ചെയ്യുന്നവരോടുള്ള സംശയം, നിയമപരമായ ഉപകരണങ്ങളെ രാഷ്ട്രീയ
പ്രതിരോധത്തിന് ഉപയോഗിക്കുന്നുവെന്ന തോന്നൽഇവയെല്ലാം ജനാധിപത്യത്തിന്
അപകടകരമായ ലക്ഷണങ്ങളാണ്.

ഒരു ജനാധിപത്യ സർക്കാരിന്റെ ഏറ്റവും വലിയ അപകടം അത് യഥാർത്ഥത്തിൽ
ഏകാധിപത്യമായി മാറുന്നതല്ല. ജനാധിപത്യ സ്ഥാപനങ്ങൾ നിലനിൽക്കുമ്പോഴും
ഭരണശൈലി ജനാധിപത്യവിരുദ്ധമായി തോന്നിത്തുടങ്ങുന്നതാണ്.
മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾ, സാമൂഹ്യമാധ്യമ
വിമർശകർക്കെതിരായ നിയമനടപടികൾ, സർക്കാരിനെ വിമർശിക്കുന്നവരെ
സംശയത്തോടെ കാണുന്ന രാഷ്ട്രീയഭാഷ ഇവ ചേർന്ന് ഒരു ധാരണ സൃഷ്ടിക്കും.
ആ ധാരണ തെറ്റാണെന്ന് സർക്കാർ കരുതുന്നുവെങ്കിൽ വിമർശകരെ കൂടുതൽ
ആക്രമിക്കുകയല്ല പരിഹാരം. തെളിച്ചമുള്ള തുറന്ന ഭരണത്തിലേക്ക്
മടങ്ങുകയാണ്.

ജനസമ്പർക്കം നഷ്ടപ്പെട്ട നേതൃത്വം

ഒരു നേതാവിന്റെ ജനപ്രീതി അളക്കാനുള്ള ഏറ്റവും നല്ല മാർഗം സോഷ്യൽ
മീഡിയയിലെ കൈയടിയല്ല.
ചായക്കടയിൽ എന്താണ് പറയുന്നത്?
ബസ്‌സ്റ്റോപ്പിൽ എന്താണ് പറയുന്നത്?
സർക്കാർ ഓഫീസിലെ നിരയിൽ നിൽക്കുന്നവർ എന്താണ് പറയുന്നത്?
കോളേജ് വിദ്യാർത്ഥി, കർഷകൻ, കരാറുകാരൻ, സർക്കാർ ജീവനക്കാരൻ,
പെൻഷൻകാരൻഅവർ എന്താണ് പറയുന്നത്?
ഈ ശബ്ദങ്ങൾ അധികാരകേന്ദ്രത്തിലെത്തുന്നില്ലെങ്കിൽ ജനസമ്പർക്കത്തിന്റെ
പേരിൽ എത്ര പരിപാടികൾ നടത്തിയാലും അതിന് അർത്ഥമില്ല.
ഒരു നേതാവിന്റെ യഥാർത്ഥ ജനസമ്പർക്കം അദ്ദേഹത്തെ കാണാൻ വരുന്ന
അസന്തുഷ്ടരെയും കേൾക്കാൻ കഴിയുന്നിടത്താണ്.

11 ശതമാനം: ഒരു സംഖ്യയ്ക്കപ്പുറം

2026 ലെ തെരഞ്ഞെടുപ്പ് ഫലംഇവിടെ പറയപ്പെടുന്ന 11 ശതമാനം വോട്ട് വ്യത്യാസം
ഉൾപ്പെടെ വെറും ഒരു സംഖ്യയായി കാണുന്നത് വലിയ രാഷ്ട്രീയ
പിഴവായിരിക്കും.

ഒരു തെരഞ്ഞെടുപ്പ് തോൽവി പല കാരണങ്ങളാൽ സംഭവിക്കാം: സ്ഥാനാർഥി,
സഖ്യഗണിതം, പ്രചാരണം, പ്രാദേശിക പ്രശ്‌നങ്ങൾ.
പക്ഷേ വലിയ തോതിലുള്ള ജനപിന്തുണ നഷ്ടപ്പെടുമ്പോൾ അതിനെ ചില
സീറ്റുകളിലെ പ്രശ്‌നം എന്ന് ചുരുക്കുന്നത് അപകടകരമാണ്. അത് അടിത്തറയിലെ
മാറ്റത്തിന്റെ സൂചനയായിരിക്കാം.
ദീർഘകാലം അധികാരത്തിൽ തുടരുന്ന സർക്കാരുകൾക്ക് ഒരു പ്രത്യേക
അപകടമുണ്ട്; അധികാരം സ്വാഭാവിക അവകാശമാണെന്ന ധാരണ.
ഒരു സർക്കാരിനും അധികാരം സ്ഥിരമായി ലഭിക്കുന്നില്ല. ഓരോ
തെരഞ്ഞെടുപ്പിലും ജനങ്ങൾ പുതുക്കി നൽകേണ്ട അനുമതിയാണ് അത്.

75 സീറ്റിന്റെ മിഥ്യ

75 സീറ്റുകൾ വീണ്ടും നേടും എന്ന ആത്മവിശ്വാസം ഒരു രാഷ്ട്രീയ തന്ത്രമാകാം.
പക്ഷേ ആത്മവിശ്വാസവും യാഥാർഥ്യബോധവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഒരു സംഘടനയ്ക്ക് സ്വന്തം ശക്തിയെക്കുറിച്ച് ആത്മവിശ്വാസം വേണം. പക്ഷേ
സ്വന്തം ദൗർബല്യങ്ങളെക്കുറിച്ച് അതിലും കൂടുതൽ ബോധം വേണം.
പരാജയത്തിന്റെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും കഴിയാത്ത
സംഘടനയ്ക്ക് വിജയത്തിന്റെ തന്ത്രം രൂപപ്പെടുത്താനാവില്ല.
ഫലം വരുന്നതിന് മുമ്പ് നാം ജയിക്കും എന്ന് പറയുന്നത് രാഷ്ട്രീയത്തിന്റെ
ഭാഗമാണ്.
ഫലം വന്ന ശേഷം നമ്മൾ എന്തുകൊണ്ട് തോറ്റു? എന്ന് ചോദിക്കുകയാണ്
രാഷ്ട്രീയത്തിന്റെ പക്വത.

ആരാണ് വഴിതെറ്റിയത്?

ഇവിടെയാണ് ആദിയിലെ ട്രോളിലേക്ക് തിരിച്ചെത്തേണ്ടത്.
എനിക്കൊഴികെ എല്ലാവർക്കും വഴി തെറ്റി എന്ന് പറയുന്ന ഗുരുസ്വാമിയോട്
ഒരു അടിസ്ഥാന ചോദ്യം ചോദിക്കേണ്ടിവരും:
വഴികാട്ടേണ്ടത് ആരായിരുന്നു?
സംഘടനയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർ വഴിതെറ്റിയെങ്കിൽ അവരെ
നയിക്കേണ്ട നേതൃത്വം എവിടെയായിരുന്നു? ജനങ്ങൾ വഴിതെറ്റിയെങ്കിൽ
അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കേണ്ടത് ആരുടെ

ഉത്തരവാദിത്തമായിരുന്നു? ഉദ്യോഗസ്ഥർ വഴിതെറ്റിയെങ്കിൽ
ഭരണസംവിധാനത്തെ നിയന്ത്രിക്കേണ്ടത് ആരായിരുന്നു?
പാർട്ടി വഴിതെറ്റിയെങ്കിൽ അതിന്റെ രാഷ്ട്രീയ ദിശ നിർണ്ണയിക്കേണ്ടത്
ആരായിരുന്നു?
മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചെങ്കിൽ സർക്കാരിന്റെ സുതാര്യമായ
വിവരവിനിമയം എവിടെയായിരുന്നു?
എല്ലാവരും തെറ്റിയെന്നും ഞാൻ മാത്രം ശരിയാണെന്നും കരുതുന്ന നിമിഷം മുതൽ
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആത്മപരിശോധന അവസാനിക്കുന്നു.

ആശാൻ ക്ഷമിച്ചിരിക്കുന്നു എന്ന രാഷ്ട്രീയ ഭാഷ.

തന്നെ വിമർശിച്ചവരോട് ആശാൻ ക്ഷമിച്ചിരിക്കുന്നു എന്ന് പറയുന്ന ഭാഷ
കേൾക്കുമ്പോൾ ചിരി വരാം. പക്ഷേ അതിനകത്ത് ഗുരുതരമായ ഒരു രാഷ്ട്രീയ
മനോഭാവമുണ്ട്.
രാഷ്ട്രീയത്തിൽ ആരാണ് ആരെ ക്ഷമിക്കുന്നത്?
ജനങ്ങൾ ഒരു സർക്കാരിനെ തിരഞ്ഞെടുക്കുന്നു. അഞ്ചു വർഷത്തേക്ക് അധികാരം
ഏൽപ്പിക്കുന്നു. പിന്നെ സർക്കാർ ജനങ്ങളോട് കണക്കു പറയുന്നു. ജനങ്ങൾ
ചോദ്യം ചെയ്യുന്നു, വിമർശിക്കുന്നു, വോട്ട് ചെയ്യുന്നു.
ഇവിടെ  മേൽനിന്ന് താഴേക്കുള്ള ദാനമല്ല.
തിരികെ വരേണ്ടത് ജനങ്ങളാണോ, അതോ ജനങ്ങളുടെ വിശ്വാസം തിരികെ
നേടേണ്ടത് നേതാക്കളാണോ?
ചോദ്യം അതാണ്.

ചതിക്കപ്പെട്ടത് ആരാണ്?

ഒരു തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരു രാഷ്ട്രീയ സംഘടനയ്ക്ക്
നഷ്ടമുണ്ടായിരിക്കാം. നേതാക്കൾക്ക് തിരിച്ചടിയുണ്ടായിരിക്കാം.
പക്ഷേ ഏറ്റവും വലിയ നഷ്ടം അവർക്കല്ല.
ചതിക്കപ്പെട്ടത് പ്രസ്ഥാനവും ജനങ്ങളുമാണ്.
പതിറ്റാണ്ടുകൾ കൊണ്ട് സമ്പാദിച്ച വിശ്വാസം ഏതാനും വർഷത്തെ തെറ്റായ
ഭരണശൈലിയിൽ നഷ്ടപ്പെടാം. തെറ്റായ പദ്ധതി ഉപേക്ഷിച്ചാലും അതിന്റെ

ചെലവ് ജനങ്ങൾ വഹിക്കും. തെറ്റായ നിയമനത്തിന്റെ പ്രത്യാഘാതം
സ്ഥാപനങ്ങൾ വർഷങ്ങളോളം അനുഭവിക്കും. തെറ്റായ ധനകാര്യ
തീരുമാനത്തിന്റെ ബാധ്യത തലമുറകൾ വഹിക്കും.
അതിനാൽ അധികാരത്തിലുള്ളവർക്ക് പരാജയം തെരഞ്ഞെടുപ്പ് കണക്കല്ല.
അത് പൊതുസമ്പത്തിന്റെ നഷ്ടവും പൊതുജനവിശ്വാസത്തിന്റെ നഷ്ടവുമാണ്.

അറുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന പാഠം

അറുപത് വർഷത്തെ പൊതുജീവിതം ചെറിയ നേട്ടമല്ല. അതിന് പിന്നിൽ
അനുഭവങ്ങളും സംഭാവനകളും പോരാട്ടങ്ങളും വിജയങ്ങളും
പരാജയങ്ങളുമുണ്ടാകും.
അതുകൊണ്ടുതന്നെ അവസാനഘട്ടം കൂടുതൽ ഗൗരവമുള്ളതായിരിക്കണം.
ചരിത്രം ഒരു നേതാവിനെ അവസാന പ്രസംഗംകൊണ്ടു മാത്രമല്ല ഓർക്കുക.
അവസാന ഘട്ടത്തിൽ അദ്ദേഹം വിമർശനത്തെ എങ്ങനെ നേരിട്ടു എന്നതുകൊണ്ടും
ഓർക്കും.

തെറ്റ് സമ്മതിക്കുന്നത് ദൗർബല്യമല്ല. വിമർശകനെ കേൾക്കുന്നത് കീഴടങ്ങലല്ല.
ഞങ്ങൾക്ക് പിഴച്ചു എന്ന് പറയുന്നത് പരാജയമല്ല.
അത് രാഷ്ട്രീയ പക്വതയുടെ അടയാളമാണ്.

വസ്ത്രം നഷ്ടപ്പെട്ട രാജാവിന്റെ കഥ

ഒരു പഴയ കഥയുണ്ട്. രാജാവ് അതിമനോഹരമായ വസ്ത്രം ധരിച്ചുവെന്ന്
എല്ലാവരും വിശ്വസിച്ചു. ആരും സത്യം പറയാൻ ധൈര്യപ്പെട്ടില്ല. ഒടുവിൽ ഒരു
ചെറിയ കുട്ടിയാണ് രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറഞ്ഞത്.
കഥയുടെ രാഷ്ട്രീയം ലളിതമാണ്.
അധികാരത്തിന്റെ വലയത്തിനുള്ളിലുള്ളവർ പലപ്പോഴും അധികാരത്തിന്
കാണാൻ കഴിയാത്ത കാര്യങ്ങൾ കാണും. പക്ഷേ പറയാൻ പേടിക്കും.

അധികാരത്തെ ചുറ്റിയുള്ള പുകഴ്ത്തലുകൾ കൂടുന്തോറും സത്യം പറയുന്നവരുടെ
എണ്ണം കുറയും.
അവസാനം ജനങ്ങൾ പറയും:
രാജാവിന് വസ്ത്രമില്ല.
അപ്പോൾ വസ്ത്രത്തിന്റെ ഗുണനിലവാരം വിശദീകരിച്ചിട്ട് കാര്യമില്ല.
തയ്യൽക്കാരനെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല.
വസ്ത്രം നഷ്ടപ്പെട്ട പ്രക്രിയ മനസ്സിലാക്കുകയാണ് വേണ്ടത്.

ഇനി വേണ്ടത് പ്രതികാരമല്ല, ആത്മപരിശോധന

തിരുത്തൽ ചിലരെ മാറ്റുക മാത്രമല്ല. പുതിയ മുഖങ്ങൾ കൊണ്ടുവരിക മാത്രമല്ല.
ചില വിമർശകരെ തിരിച്ചുവിളിക്കുക മാത്രമല്ല. പ്രവർത്തനത്തിന്റെ ചിന്താരീതി
തന്നെ മാറ്റണം.
തീരുമാനങ്ങൾക്ക് മുമ്പ് വിദഗ്ധരെ കേൾക്കണം. വിമർശകരെയും ജനങ്ങളെയും
കേൾക്കണം. വലിയ പദ്ധതികൾക്ക് മുമ്പ് സാമ്പത്തിക പ്രായോഗികത
ഉറപ്പാക്കണം. പൊതുപണത്തിന്റെ ഓരോ ചെലവിനും സുതാര്യത വേണം.
സംഘടനയും സർക്കാരും തമ്മിലുള്ള അതിർത്തി വ്യക്തമായിരിക്കണം.
ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ സ്വാതന്ത്ര്യം സംരക്ഷിക്കണം.
നിയമത്തിന്റെ പ്രയോഗം രാഷ്ട്രീയ പ്രതികാരമായി തോന്നാത്ത വിധം
സ്ഥാപനങ്ങൾ പ്രവർത്തിക്കണം. മാധ്യമങ്ങളെ ശത്രുക്കളായി കാണരുത്. സോഷ്യൽ
മീഡിയ വിമർശനത്തെ കുറ്റമായി കാണുന്ന സംസ്‌കാരം ഒഴിവാക്കണം.
ഏറ്റവും പ്രധാനമായി, നേതാവിനു ചുറ്റും പറയുന്നവരുടെ വലയമല്ല,
 എന്ന് പറയാൻ കഴിയുന്നവരുടെ വലയമാണ് വേണ്ടത്.

ഒരു പ്രസ്ഥാനം തിരിച്ചുവരണമെങ്കിൽ

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് രണ്ട്
വഴികളുണ്ട്.

ഒന്ന്: തോൽവിയുടെ കാരണം പുറത്തു തേടുക മാധ്യമങ്ങൾ തെറ്റിച്ചു, പ്രതിപക്ഷം
കള്ളം പറഞ്ഞു, ജനങ്ങൾ മനസ്സിലാക്കിയില്ല, സ്ഥാനാർഥികൾ പിഴച്ചു, സഖ്യങ്ങൾ
പിഴച്ചു, പ്രചാരണം പിഴച്ചു.
എല്ലാം പറയാം.
മറ്റൊരു വഴി:
നമ്മൾക്ക് എവിടെയാണ് തെറ്റിയത്?
രണ്ടാമത്തെ വഴി വേദനാജനകമാണ്.
പക്ഷേ അതാണ് തിരിച്ചുവരവിന്റെ യഥാർത്ഥ വഴി.
പരാജയത്തെ സത്യസന്ധമായി നേരിട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കാണ്
തിരിച്ചുവരാൻ കഴിഞ്ഞിട്ടുള്ളത്. പരാജയത്തിലും സ്വയം വഞ്ചിച്ചവരാണ് ഒരേ
തെറ്റുകൾ ആവർത്തിച്ചത്.

മലകയറ്റത്തിന് മുമ്പ് വഴി നോക്കണം.

അയ്യപ്പന്റെ മലകയറ്റത്തിന് ഒരു ശീലമുണ്ട്. യാത്രികൻ ആദ്യം വഴി നോക്കും.
കല്ലും കയറ്റവും വളവും ഇറക്കവും മനസ്സിലാക്കും. തെറ്റിയാൽ തിരുത്തും. ഒപ്പം
നടക്കുന്നവരോട് ചോദിക്കും. ഒറ്റയ്ക്ക് കാടുകയറുകയില്ല.
രാഷ്ട്രീയവും അതുപോലെയാണ്.
ഒരു നേതാവിന് മുന്നിൽ ആയിരങ്ങൾ നടക്കാം. പക്ഷേ അവർ പോകുന്ന വഴി
തെറ്റിയാൽ വലിയൊരു സംഘത്തെ മുഴുവൻ തെറ്റായ ദിശയിലേക്ക്
കൊണ്ടുപോകാം.
അതുകൊണ്ട് ചോദ്യം ശിഷ്യന്മാർ വഴിതെറ്റിയോ എന്നതല്ല.
ഗുരുസ്വാമിക്ക് തന്നെ വഴിയറിയുന്നുണ്ടോ എന്നതാണ്.

അവസാന കച്ചേരി

രാഷ്ട്രീയത്തിൽ എല്ലാ യാത്രകൾക്കും ഒരു അവസാനം ഉണ്ടാകു.
തെരഞ്ഞെടുപ്പായിരിക്കാം, രാജിയായിരിക്കാം, നേതൃത്വമാറ്റമായിരിക്കാം,
അല്ലെങ്കിൽ ചരിത്രം ഒരു കാലഘട്ടത്തെ അടച്ചുപൂട്ടുന്നതായിരിക്കാം.

ഒരു ദീർഘമായ പൊതുജീവിതത്തിന്റെ അവസാനത്തിൽ മനുഷ്യന് ലഭിക്കാവുന്ന
ഏറ്റവും വലിയ ബഹുമതി അധികാരത്തിൽ തുടരുന്നതല്ല. മാന്യമായി പിന്മാറാൻ
കഴിയുന്നതാണ്.

തെറ്റുകൾ സമ്മതിക്കാനും വിമർശകരെ ശത്രുക്കളായി കാണാതെ കേൾക്കാനും
സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കഴിയണം.
ജനങ്ങൾ വിധി പറഞ്ഞശേഷം ജനങ്ങളോട് ക്ഷമിക്കുകയല്ല വേണ്ടത്.
ജനങ്ങൾ നൽകിയ വിശ്വാസത്തിന് നന്ദി പറയുകയാണ് വേണ്ടത്.
ജനങ്ങൾ അകന്നുപോയാൽ അവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഒരു നേതാവ്
സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്.
എന്തുകൊണ്ടാണ് അവർ നമ്മിൽ നിന്ന് അകന്നത്? അതിന്റെ ഉത്തരം
സുഖകരമായിരിക്കില്ല. പക്ഷേ അതാണ് സത്യത്തിലേക്കുള്ള വഴി.

ആരുടെ അടവാണ് പിഴച്ചത്?

അവസാനം ഈ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം അതുതന്നെ.
ആശാനാണോ അടവു പിഴച്ചത്?
ശിഷ്യഗണത്തിനാണോ?
അല്ലെങ്കിൽ വർഷങ്ങളായി അധികാരം, സംഘടന, ഭരണകൂടം, ഉപദേശകവൃന്ദം,
പ്രചാരണസംവിധാനം, രാഷ്ട്രീയ അഹങ്കാരം എന്നിവ ചേർന്ന് നിർമ്മിച്ച ഒരു
മുഴുവൻ ഭരണശൈലിയാണോ വഴിതെറ്റിയത്?
ചരിത്രം അതിന് ഉത്തരം പറയും.
പക്ഷേ ഒരു കാര്യം ഇപ്പോൾ തന്നെ പറയാം. ജനങ്ങളുടെ വിധിയെ
വഴിതെറ്റിയവരുടെ അബദ്ധം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു രാഷ്ട്രീയ
പ്രസ്ഥാനത്തിനും തിരികെ വരാനാവില്ല.
ജനങ്ങൾക്ക് വഴിതെറ്റിയതല്ല.
അവർ വഴിമാറിയെങ്കിൽ, എന്തുകൊണ്ടാണ് വഴിമാറിയതെന്ന്
മനസ്സിലാക്കുകയാണ് നേതൃത്വത്തിന്റെ ആദ്യ ഉത്തരവാദിത്തം.
തിരുത്തലിന് തയ്യാറാകാത്ത ഗുരുസ്വാമിയോടൊപ്പം മലകയറ്റം അസാധ്യമാണെന്ന്
ശിഷ്യന്മാർ തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കാം.

അല്ലെങ്കിൽ അവിടെനിന്ന് മറ്റൊരു കഥ തുടങ്ങാം.
ആ കഥയിൽ നേതാവ് വീണ്ടും ജനങ്ങളെ പഠിപ്പിക്കാൻ ഇറങ്ങുകയല്ല.
ജനങ്ങളിൽ നിന്ന് പഠിക്കാൻ ഇറങ്ങുകയാണ് വേണ്ടത്.
അതാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാർത്ഥ പുനരുജ്ജീവനം.
അധികാരത്തിന്റെ ഏറ്റവും വലിയ മിഥ്യ താൻ ഒരിക്കലും തെറ്റില്ലെന്ന വിശ്വാസം.
അധികാരത്തിന്റെ ഏറ്റവും വലിയ സത്യം ഒടുവിൽ ജനങ്ങൾ എല്ലാം കാണും
എന്നത്.
മഹാരാജാവായാലും ഗുരുസ്വാമിയായാലും, നടപടികളിലെ നഗ്‌നത ജനങ്ങൾ
കാണുമ്പോൾ വസ്ത്രത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് പ്രസംഗിച്ചിട്ട് കാര്യമില്ല.
പഠിക്കേണ്ടത് വസ്ത്രം എങ്ങനെ നഷ്ടപ്പെട്ടു എന്നതാണ്.
തിരുത്തേണ്ടത് അതിന്റെ പ്രക്രിയയാണ്.
അതാണ് ഇപ്പോഴത്തെ ട്രോൾമഴയുടെ യഥാർത്ഥ കാരണം.
ഒടുവിൽ ജനാധിപത്യം ചോദിക്കുന്നത് വളരെ ലളിതമായ ഒരു ചോദ്യമാണ്:
വഴി തെറ്റിയത് ആർക്കാണ്?
അതിന്റെ ഉത്തരം മറ്റുള്ളവരിൽ മാത്രം അന്വേഷിക്കുന്ന നേതൃത്വം എത്ര
ഉയരത്തിൽ നിന്നാലും ഒടുവിൽ ഒറ്റപ്പെടും.
സ്വന്തം പിഴവ് തിരിച്ചറിയുന്ന നേതൃത്വം മാത്രമേ വീണ്ടും വഴികാണുകയുള്ളൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img