01:57pm 13 November 2026
NEWS
1400 വർഷം മുൻപ് ആന്ധ്രയിൽ നിന്നുമെത്തിയ താഴമൺ കുടുംബം ശബരിമലയുടെ തന്ത്രിമാരായത് എങ്ങനെ?
10/01/2026  06:11 AM IST
nila
1400 വർഷം മുൻപ് ആന്ധ്രയിൽ നിന്നുമെത്തിയ താഴമൺ കുടുംബം ശബരിമലയുടെ തന്ത്രിമാരായത് എങ്ങനെ?

തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിലെ സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ, ശബരിമലയുടെ താന്ത്രികാധികാരവുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും ചരിത്രവും വീണ്ടും ചർച്ചയാകുകയാണ്. ഇതോടൊപ്പം തന്നെ, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ചെങ്ങന്നൂരിലെ താഴമൺ തന്ത്രി കുടുംബവും പൊതുചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

ശബരിമലയിലെ ആചാരങ്ങളും താന്ത്രിക കർമങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം തന്ത്രിയുടേതാണെന്നും, ഈ വിഷയത്തിൽ സർക്കാരിനോ ദേവസ്വം ബോർഡിനോ ഇടപെടാൻ അധികാരമില്ലെന്നുമാണ് താഴമൺ കുടുംബം ദീർഘകാലമായി അവകാശപ്പെടുന്നത്. തങ്ങളുടെ അധികാരം ഭരണകൂടത്തേക്കാൾ മേലാണെന്ന് പരസ്യമായി പ്രഖ്യാപിക്കാനും കുടുംബം മടിച്ചിരുന്നിട്ടില്ല.

താഴമൺ കുടുംബത്തിന്റെ പാരമ്പര്യവാദം

ചെങ്ങന്നൂരിൽ പമ്പാനദീതീരത്താണ് താഴമൺ കുടുംബത്തിന്റെ ആസ്ഥാനം. ഐതീഹ്യപരമായി, പരശുരാമനിൽ നിന്ന് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം ലഭിച്ചുവെന്നാണ് കുടുംബം അവകാശപ്പെടുന്നത്. ഈ പാരമ്പര്യത്തിന്റെ അടയാളമായി, താഴമൺ തന്ത്രിമാർ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ ധ്വജസ്തംഭത്തിന്റെ തണ്ട് വടക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന രീതി നിലനിൽക്കുന്നു.

ഏകദേശം 1400 വർഷം മുൻപാണ് താഴമൺ കുടുംബത്തിന്റെ തുടക്കം എന്നാണ് വിശ്വാസം. പരശുരാമൻ കേരളത്തിൽ വിവിധ ദേവതാ പ്രതിഷ്ഠകൾ സ്ഥാപിച്ച ശേഷം, ആന്ധ്രയിലെ കൃഷ്ണാനദീതീരത്ത് നിന്നു രണ്ട് ബ്രാഹ്മണ സഹോദരന്മാരെ ക്ഷണിച്ചു കൊണ്ടുവന്നതോടെയാണ് ഈ പാരമ്പര്യം ആരംഭിച്ചതെന്നതാണ് ഐതീഹ്യം. നദി താണ്ടിയ രീതിയനുസരിച്ചാണ് താഴമൺ, തരണനല്ലൂർ തന്ത്രി വംശങ്ങൾ വേർതിരിക്കപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.

പരശുരാമൻ നാടിന്റെ സംരക്ഷണത്തിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും ഇടനാടുകളിൽ ശൈവ-വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. ഈ ക്ഷേത്രങ്ങളിലെ കർമങ്ങൾക്കും മറ്റുമായി പരശുരാമൻ ആന്ധ്രയിലെ കൃഷ്ണാ നദീതീരത്തുനിന്നും രണ്ട് ബ്രാഹ്മണ സഹോദരന്മാരെ കേരളത്തിലേക്ക് കൊണ്ടുവന്നു. കേരളത്തിലേക്ക് തിരിച്ച സഹോദരന്മാരുടെ കഴിവ് പരീക്ഷിക്കാൻ പരശുരാമൻ തീരുമാനിച്ചു. കൃഷ്ണാ നദി അക്കരെ താണ്ടാൻ സാധിക്കാത്ത തരത്തിലാക്കി. ഇരുവരും പതറിയില്ല. ഒരാൾ തന്റെ സിദ്ധി ഉപയോഗിച്ച് ജലത്തിന് മുകളിലൂടെ കൃഷ്ണാ നദി തരണം ചെയ്ത് കേരളത്തിലേക്ക് വന്നു. മറ്റെയാൾ ഇരുകൈകളുംകൊണ്ട് വെള്ളത്തെ വകഞ്ഞുമാറ്റി നദിയുടെ താഴെത്തട്ടിലൂടെ നടന്ന് അക്കര കടന്നു. താന്ത്രിക ശക്തിയാൽ താഴെക്കൂടി നടന്നുവന്ന ബ്രാഹ്മണശ്രേഷ്ഠന്റെ പരമ്പരയാണ് പിന്നീട് താഴമൺ തന്ത്രിമാർ എന്നപേരിൽ പ്രസിദ്ധമായത്. ജലത്തിന് മുകളിലൂടെ നടന്ന് നദി തരണം ചെയ്തവരുടെ വംശക്കാർ തരണനല്ലൂർ തന്ത്രിമാർ എന്നും അറിയപ്പെട്ടു.

ശബരിമലയും തന്ത്രിപരമ്പരയും

ക്ഷേത്രാചാരങ്ങളിൽ തന്ത്രിയുടേതാണ് അവസാനവാക്ക് എന്ന ധാരണ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. ‘അർച്ചകസ്യ പ്രഭാവേന ശിലാ ഭവതി ശങ്കരഃ’ എന്ന ശ്ലോകം ഇതിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു. പൂജകന്റെ പ്രഭാവംകൊണ്ടാണ് ശില ദൈവരൂപം കൈവരിക്കുന്നതെന്നതാണ് ഇതിന്റെ ആശയം.

ചരിത്രരേഖകളിൽ, 1075ലെ അഗ്നിബാധയ്ക്ക് ശേഷം ശബരിമലയിൽ അയ്യപ്പവിഗ്രഹം പുനഃപ്രതിഷ്ഠ ചെയ്തത് കണ്ഠര് പ്രഭാകരരാണെന്ന് രേഖകളുണ്ട്. 1952ലെ അഗ്നിബാധയ്ക്ക് ശേഷം പുതിയ വിഗ്രഹത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത് അന്നത്തെ തന്ത്രിയായ കണ്ഠര് ശങ്കരരുമായിരുന്നു.

വിവാദങ്ങൾ

താഴമൺ കുടുംബത്തിന്റെ ചരിത്രം പാരമ്പര്യത്തിനൊപ്പം വിവാദങ്ങളാലും നിറഞ്ഞതാണ്. കണ്ഠര് മഹേശ്വരരുടെ അന്ത്യത്തോടെ അദ്ദേഹത്തിന്റെ സഹോദരന്റെ മകനായ കണ്ഠരര് രാജീവര് തന്ത്രിയായി. കണ്ഠര് മോഹനരരും ഈ പദവി വഹിച്ചിരുന്ന കാലത്ത് നിരവധി വിവാദങ്ങൾ ഉടലെടുത്തു.

2006ൽ നടന്ന ‘തന്ത്രി ഹണിട്രാപ്’ കേസ് കേരളത്തെ നടുക്കിയ സംഭവമായിരുന്നു. തന്ത്രിയെ കുടുക്കി പണവും സ്വർണവും കവർന്ന കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെങ്കിലും, സംഭവമുണ്ടാക്കിയ സാമൂഹിക അപകീർത്തി വൻതോതിലായിരുന്നു. ഇതിനെത്തുടർന്ന് ദേവസ്വം ബോർഡ് മോഹനരരെ തന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും സന്നിധാനത്ത് പ്രവേശനം വിലക്കുകയും ചെയ്തു.

ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷൻ റിപ്പോർട്ട്

ശബരിമലയിലെ ക്രമക്കേടുകൾ അന്വേഷിച്ച ജസ്റ്റിസ് കെ.എസ്. പരിപൂർണ്ണൻ കമ്മീഷൻ റിപ്പോർട്ട്, തന്ത്രിയായിരുന്ന മോഹനരരുടെ അറിവില്ലായ്മയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു. സംസ്‌കൃതം അറിയില്ലെന്നും വേദമന്ത്രങ്ങൾ പഠിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചതോടെ, താന്ത്രിക പാരമ്പര്യത്തിന്റെ യാഥാർഥ്യം തന്നെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. കമ്മീഷൻ മുമ്പാകെ നൽകിയ ചില മറുപടികൾ കേരള സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

കുടുംബത്തിനുള്ളിലെ ആരോപണങ്ങൾ

വിവാദങ്ങൾ അവിടെ അവസാനിച്ചില്ല. 2019ൽ, മോഹനരർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത് അദ്ദേഹത്തിന്റെ സ്വന്തം അമ്മ ദേവകി അന്തർജനമായിരുന്നു. പണം തട്ടിയെടുത്തുവെന്നും, കുടുംബസ്വത്തുകൾ ദുരുപയോഗം ചെയ്‌തുവെന്നും ആരോപിച്ച് അവർ ഹൈക്കോടതിയെ സമീപിച്ചു. ഈ കുടുംബവിവാദം തന്ത്രിപരമ്പരയുടെ നൈതികതയെക്കുറിച്ചും സംശയങ്ങൾ ഉയർത്തി.

അധികാരത്തെക്കുറിച്ചുള്ള തർക്കം

ശബരിമലയിലെ താന്ത്രികാവകാശം കുടുംബപരമായി ലഭിച്ചതാണെന്നും, ദേവസ്വം ബോർഡ് നിയമിച്ചതല്ലെന്നും താഴമൺ കുടുംബം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിക്ക് ലഭിക്കുന്നത് ശമ്പളമല്ല, ദക്ഷിണയാണെന്നും അവർ പറയുന്നു. യുവതി പ്രവേശന വിവാദകാലത്ത് നട അടച്ചും ശുദ്ധിക്രിയ നടത്തിയതിനെ തുടർന്നാണ് ഈ അധികാരവാദം വീണ്ടും ശക്തമായി ഉയർന്നത്. സർക്കാരിനും ദേവസ്വം ബോർഡിനും തന്ത്രിയുടെ അധികാരം ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന നിലപാടിലാണ് താഴമൺ കുടുംബം ഇന്നും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img