03:40am 06 November 2026
NEWS
ഐഫോൺ ഒറിജിനലോ വ്യാജനോയെന്ന് കണ്ടെത്താൻ ഇതാ ചില എളുപ്പവഴികൾ

05/02/2025  10:13 AM IST
nila
ഐഫോൺ ഒറിജിനലോ വ്യാജനോയെന്ന് കണ്ടെത്താൻ ഇതാ ചില എളുപ്പവഴികൾ

ആപ്പിൾ ഐഫോണുകൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ, ഐഫോണുകളുടെ വ്യാജൻ ഇന്ന് ആ​ഗോളതലത്തിൽ തന്നെ സുലഭമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഐഫോണുകളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയുക പ്രയാസമാണ്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐഫോണിലെ വ്യാജനെ നിങ്ങൾക്ക് തന്നെ തിരിച്ചറിയാനാകും. ഐഫോണിലെ വ്യാജനെ കണ്ടെത്താൻ സഹായിക്കുന്ന ആ മാർ​ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

പാക്കേജിംഗും അനുബന്ധ ഉപകരണങ്ങളും

ഐഫോണിൻറെ ആധികാരികത പരിശോധിക്കുന്നതിനുള്ള ആദ്യ ഘട്ടങ്ങളിലൊന്നാണ് പാക്കേജിംഗും അനുബന്ധ ഉപകരണങ്ങളും. ഇവ പരിശോധിച്ചാൽ തന്നെ നിങ്ങളുടെ ഐഫോൺ വ്യാജനോ ഒറിജിനലോ എന്ന് തിരിച്ചറിയാനാകും. മികച്ച പാക്കേജിംഗിന് പേരുകേട്ടതാണ് ആപ്പിൾ. അതിനാൽ ബോക്സിൻറെ ഗുണനിലവാരം മുതൽ ഉള്ളിലെ ആക്‌സസറികൾ വരെ നിങ്ങൾ എല്ലാം പരിശോധിക്കണം. പെട്ടിയിലെ പ്രിൻറുകൾ തികച്ചും പെർഫെക്റ്റ് ആയിരിക്കണം. അച്ചടിച്ച വാചകത്തിൽ എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ അത് വ്യാജ ഉൽപ്പന്നമാണെന്ന് നിങ്ങൾ മനസിലാക്കണം.

ഐഎംഇഐ നമ്പറും സീരിയൽ നമ്പറും 

ഓരോ ഐഫോണിനും അതിൻറേതായ സീരിയൽ നമ്പറും ഐഎംഇഐ നമ്പറും ഉണ്ട്. അതിലൂടെ നമുക്ക് ഫോണിൻറെ ആധികാരികത സ്ഥിരീകരിക്കാൻ കഴിയും. സീരിയൽ നമ്പർ കണ്ടെത്താൻ സെറ്റിംഗ്‍സിൽ കയറുക. തുടർന്ന്, ആപ്പിളിൻറെ ചെക്ക് കവറേജ് പേജ് സന്ദർശിച്ച് സീരിയൽ നമ്പർ നൽകുക. നിങ്ങളുടെ ഫോൺ ആധികാരികമാണെങ്കിൽ, വെബ്‌സൈറ്റ് നിങ്ങളുടെ ഐഫോൺ മോഡൽ, വാറണ്ടി സ്റ്റാറ്റസ്, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കും. ഐഎംഇഐ നമ്പർ പരിശോധിക്കാൻ, നിങ്ങളുടെ ഐഫോണിൽ *#06# ഡയൽ ചെയ്യുക. തുടർന്ന് ലഭിക്കുന്ന നമ്പർ ബോക്‌സിലും സിം ട്രേയിലും ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഐഎംഇഐയുമായി താരതമ്യം ചെയ്യുക. എല്ലാ നമ്പറുകളും ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുക.

ബിൽഡ് ക്വാളിറ്റി 

എപ്പോഴും പ്രീമിയം ബിൽഡ് ക്വാളിറ്റി ഉറപ്പാക്കുന്നവയാണ് ആപ്പിൾ ഉൽപ്പന്നങ്ങൾ. അയഞ്ഞ ഭാഗങ്ങളോ വിടവുകളോ തുടങ്ങിയവയൊന്നും ഐഫോണുകൾക്ക് ഉണ്ടാകില്ല. ബട്ടണുകൾ ഉറച്ചുനിൽക്കും. പിന്നിലെ ആപ്പിൾ ലോഗോ പൂർണമായും വിന്യസിച്ചിരിക്കണം. സ്‍പർശനം സുഗമമായി അനുഭവപ്പെടണം. നിങ്ങളുടെ ഐഫോണിൻറെ മൊത്തത്തിലുള്ള രൂപകൽപ്പനയും ഭൗതിക സവിശേഷതകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സ്‌ക്രീൻ വലുപ്പം, ഡിസ്‌പ്ലേ ഗുണനിലവാരം, ഭാരം, കനം എന്നിവ ഔദ്യോഗിക മോഡലിൻറെ സവിശേഷതകളുമായി പൊരുത്തപ്പെടണം. സിം ട്രേ നീക്കം ചെയ്‌ത് സ്ലോട്ട് പരിശോധിക്കുക. അതേസമയം, വ്യാജ ഐഫോണുകളുടെ നിർമ്മാണത്തിൽ പലപ്പോഴും പിഴവുകൾ ഉണ്ടാകും.

സോഫ്റ്റ്‌വെയറും സവിശേഷതകളും

വ്യാജ ഐഫോൺ കണ്ടെത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്ന് സോഫ്റ്റ്‌വെയർ പരിശോധന. യഥാർഥ ഐഫോണുകൾ ആപ്പിളിൻറെ ഉടമസ്ഥതയിലുള്ള iOS-ലാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ ഉപകരണം iOS-ൻറെ ഏറ്റവും പുതിയ പതിപ്പാണോ പ്രവർത്തിക്കുന്നതെന്ന് കാണാൻ സെറ്റിംഗ്‍സിൽ പോയി പരിശോധിക്കാം. സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണപ്പെടുന്ന വ്യാജ ഐഫോണുകൾ ഐഒഎസ് പോലെ തോന്നിപ്പിക്കുന്ന ആൻഡ്രോയ്‌ഡിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഒരു യഥാർഥ ഐഫോൺ എല്ലായ്പ്പോഴും ഐഒഎസിൽ പ്രവർത്തിക്കും. കൂടാതെ, പവർ ബട്ടൺ അമർത്തിപ്പിടിച്ചോ "ഹേയ് സിരി" എന്ന് പറഞ്ഞോ സിരി ഉപയോഗിക്കാൻ ശ്രമിക്കുക. സിരി സജീവമാകുന്നില്ലെങ്കിൽ നിങ്ങളുടെ ഐഫോൺ വ്യാജമായിരിക്കാമെന്നാണ് ഈ മേഖലയിലെ വിദ​ഗ്ധർ വ്യക്തമാക്കുന്നത്.


ഐഫോണിൻറെ ആധികാരികതയെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ, 100 ശതമാനം ഉറപ്പ് വരുത്താനുള്ള ഏറ്റവും നല്ല മാർഗം വിദഗ്‍ധരെക്കൊണ്ട് അത് പരിശോധിപ്പിക്കുക എന്നതാണ്. അതിനായി ഒരു അംഗീകൃത ആപ്പിൾ സർവീസ് സെൻറർ സന്ദർശിക്കുന്നതാകും ഏറ്റവും ഉചിതം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img