
റിയാദ്: സൗദി അറേബ്യയിലെ നിർണായക സൈനിക, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻതോതിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, റിയാദിലും ഖുറൈസിലുമുള്ള പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ സംഭരണ കേന്ദ്രങ്ങൾ, നജ്റാനിലെ നാഷണൽ ഗാർഡ് സൈനിക ക്യാംപ് എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി വക്താക്കൾ അറിയിച്ചു.
യെമനിൽ ഹൂതികൾക്കെതിരെ സൗദി സഖ്യസേന നടത്തുന്ന സൈനിക നടപടികൾക്കുള്ള തിരിച്ചടിയായാണ് ആക്രമണമെന്നാണ് വിമതരുടെ വിശദീകരണം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നീക്കമെന്നും ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ ആയുധങ്ങൾ കൃത്യമായി പതിച്ചെന്നും ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു.
എന്നാൽ, ആക്രമണം നടന്നതായുള്ള ഹൂതികളുടെ അവകാശവാദത്തിൽ സൗദി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലക്ഷ്യസ്ഥാനങ്ങളിൽ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളോ ആക്രമണത്തിന്റെ വ്യാപ്തിയോ സംബന്ധിച്ചും ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.










