
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും സൗദി അറേബ്യ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.
ഫെബ്രുവരിയിൽ ഇറാനുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സൗദി അറേബ്യ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ നാല് പേർ സൗദി പൗരന്മാരാണ്. ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്ത്, പലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കൊല്ലപ്പെട്ടവരിലുണ്ട്. മരിച്ചവരിൽ ഒരു അമേരിക്കൻ പൗരനും ഉൾപ്പെടുന്നതായാണ് വിവരം.
റിയാദിലെ വിമാനത്താവളത്തിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് തിരിച്ചടിയായി സൗദി യുദ്ധവിമാനങ്ങൾ പ്രത്യാക്രമണം നടത്തിയതായും വിവരമുണ്ട്.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ വിലയിരുത്തിവരികയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകളും വിവിധ വിമാനക്കമ്പനികൾ താത്കാലികമായി നിർത്തിയിട്ടുണ്ട്.











