
കർണാടകത്തിലെ പതിമൂന്നിടങ്ങളിൽ ലോകായുക്ത പോലീസ് നടത്തിയ റെയ്ഡിൽ 14.38 കോടിയുടെ കണക്കിൽ പെടാത്ത വസ്തുവകകൾ കണ്ടുകെട്ടി. 8.44 കോടി രൂപ വിലമതിപ്പുള്ള കൃഷിഭൂമി, 2.99 കോടിയുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, 1.28 കോടിയുടെ മറ്റ് വിലപിടിച്ച വസ്തുക്കൾ, 66500 രൂപ എന്നിവയാണ് ലോകായുക്ത പോലീസ് കണ്ടുകെട്ടിയത്. ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാന്റെ വലംകൈ സർഫറസ് ഖാന്റെ സ്വത്തുക്കളാണിവ. ന്യുനപക്ഷ ക്ഷേമ വിഭാഗത്തിന്റെ കീഴിലുള്ള സഹകരണ സൊസൈറ്റിയുടെ ഡയറക്ടർ ആണ് നിലവിൽ സർഫറസ് ഖാൻ. ഏതാനും മാസം മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്ന വ്യക്തിത്വമാണ് സർഫറസ് ഖാൻ. മുതിർന്ന ഭരണപക്ഷ എംഎൽഎ ബി ആർ പാട്ടീൽ ഇദ്ദേഹവുമായി നടത്തിയ ഫോൺ സംഭാഷണം ലീക്കായിരുന്നു. രാജീവ് ഗാന്ധി ഭവന പദ്ധതിയിൽ അർഹതയുള്ളവർക്ക് വീട് ലഭിക്കുന്നില്ല, അർഹതയില്ലാത്തവർക്ക് ലഭിക്കുന്നു, അഴിമതി വ്യാപകമാണ്, ഇങ്ങനെ പോയാൽ അക്കാര്യം ഞാൻ പുറത്തുവിടും എന്ന് എം എൽ എ സർഫറസ് ഖാനോട് പറയുന്നതാണ് ലീക്കായത്. രാജീവ് ഗാന്ധി ഭവന പദ്ധതിയുടെ ചുമതലയും സർഫറസ് ഖാനാണ് വഹിച്ചിരുന്നത്. അദ്ദേഹമാണ് ഇപ്പോൾ അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ലോകായുക്തയുടെ പിടിയിലായത്.
Photo Courtesy - Google











