താമസം മാറി എത്തിയതോടെ യുവാവുമായി അടുത്തു; മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് വഴക്ക്; വീടിനുള്ളിൽ യുവാവിനെയും യുവതിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവിനെയും യുവതിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോർക്കോലിൽ ഷേർലി മാത്യു(45)വിനെ കൊലപ്പെടുത്തിയ ശേഷം ജോബ് സക്കറിയ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഷേർളിയെ കഴുത്തിനു കുത്തികൊലപ്പെടുത്തുകയായിരുന്നു.
ഇടുക്കി സ്വദേശിനിയാണ് ഷേർളി മാത്യു. ആറ് മാസം മുൻപാണ് ഇവിടേക്ക് താമസം മാറിയത്. ഇതിനിടയിലാണ് കോട്ടയം കുമ്മനം സ്വദേശി ജോബ് സക്കറിയയുമായി അടുപ്പത്തിലാകുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായാണ് സൂചന. പിന്നാലെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുയായിരുന്നു. ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിച്ചും ജോബ് ഷേർളിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനുപിന്നാലെയാണ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ജോബ് സക്കറിയ ജീവനൊടുക്കിയത്.
ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റേത് ഹാളിലുമാണ് കണ്ടത്. പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. ഇതുവഴിയാണ് പൊലീസ് അകത്തേക്ക് പ്രവേശിച്ചത്.











