02:31pm 18 August 2026
NEWS
​സഭ പാസാക്കി: വീര്യം കുറഞ്ഞ മദ്യത്തിന് കേരളത്തിൽ റെക്കോർഡ് നികുതി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
02/07/2026  09:49 AM IST
ന്യൂസ് ബ്യൂറോ
​സഭ പാസാക്കി: വീര്യം കുറഞ്ഞ മദ്യത്തിന് കേരളത്തിൽ റെക്കോർഡ് നികുതി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

​തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് സർക്കാർ ബില്ല് പാസാക്കിയത്. ഭരണമുന്നണിയിലെ തന്നെ ആശങ്കകൾ പരിഹരിക്കുന്നതിനായി, മദ്യത്തിന്റെ നികുതിനിരക്ക് പ്രാബല്യത്തിൽ വരുത്താൻ പ്രത്യേക വിജ്ഞാപനം ഇറക്കണമെന്ന വ്യവസ്ഥ ധനബില്ലിൽ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ബഹിഷ്‌കരിച്ചു.
​വീര്യം കുറഞ്ഞ മദ്യത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ നികുതിയാണ് കേരളത്തിൽ നിശ്ചയിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ള മദ്യം സംസ്ഥാനത്ത് വിൽക്കണമോ എന്ന് തീരുമാനിക്കേണ്ടത് യു.ഡി.എഫ് ആണെന്നും, വിൽക്കേണ്ട എന്നാണ് തീരുമാനമെങ്കിൽ വിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് അനുമതിയോടെ എക്സൈസ് വകുപ്പും ബെവ്‌കോയും ഉത്തരവിറക്കിയാൽ മാത്രമേ ഈ നികുതിനിരക്കിൽ കച്ചവടം നടക്കൂ.
​ബഡ്ജറ്റിന്റെ തിളക്കം കുറയ്ക്കാൻ പ്രതിപക്ഷത്തിനൊപ്പം ചിലർ ശ്രമിച്ചതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. "വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കുമെന്ന് മുൻപ് ഫയലിൽ എഴുതിവെച്ചവരാണ് ഇടതുപക്ഷം. ബിയറിനും വൈനിനും തുല്യമായ നികുതി വേണമെന്നാണ് അവർ അന്ന് ആവശ്യപ്പെട്ടിരുന്നത്," ഇടത് ഭരണകാലത്തെ ഫയൽ കുറിപ്പുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി പരിഹസിച്ചു. ഭൂമിയുടെ ന്യായവില പരിഷ്കരണം, സ്വകാര്യ വാഹനങ്ങളുടെ നികുതി പകുതിയാക്കൽ തുടങ്ങിയ നിർദ്ദേശങ്ങളും ധനബില്ലിലുണ്ട്.
​വികസനക്കുതിപ്പിന് '100 ദിവസം, 541 പദ്ധതികൾ': കൗണ്ട് ഡൗൺ തുടങ്ങി
​സംസ്ഥാനത്ത് അടുത്ത 100 ദിവസം കൊണ്ട് 541 പ്രോജക്ടുകൾ പൂർത്തിയാക്കാനുള്ള ബൃഹദ് പദ്ധതിക്ക് തുടക്കമായതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ അംഗീകരിച്ച ഈ പദ്ധതികളുടെ പുരോഗതി ഓരോ 20 ദിവസം കൂടുമ്പോഴും കൃത്യമായി വിലയിരുത്തും.
​പദ്ധതികളുടെ നിരീക്ഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മുൻകാലങ്ങളെപ്പോലെ പ്രോജക്ടുകൾ വർഷങ്ങളോളം വൈകി ജനങ്ങളുടെ നികുതിപ്പണം പാഴാകുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ ഉറപ്പുനൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img