
ചെങ്ങന്നൂർ: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീർഥാടകരെക്കൊണ്ടും സാധാരണ യാത്രക്കാരെക്കൊണ്ടും തിരക്കേറിയ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം നടപ്പാത കയ്യേറ്റം രൂക്ഷമാകുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്ക് ആളുകളെ ക്ഷണിക്കാൻ ജീവനക്കാരനെ നടപ്പാതയിൽ നിർത്തിയിരിക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഹോട്ടൽ ജീവനക്കാരൻ ക്ഷീണം വന്നാൽ ഇരിക്കാനായി സ്റ്റൂൾ നിരത്തിൽ വെച്ചിരിക്കുന്നത് വഴി മുടക്കിയാണ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നഗരമധ്യത്തിലേക്ക് പോകുന്ന കാൽനടയാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകേണ്ട പ്രധാനവഴിയിലാണ് നിയമം ലംഘിച്ച് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.
ഇത് കൂടാതെ, ഹോട്ടലിൻ്റെ പരസ്യ ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് മറ്റ് നിരവധി കച്ചവടക്കാരും നടപ്പാത കയ്യേറി കച്ചവടം നടത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് യാത്രക്കാരാണ്. കാൻസർ സെന്ററുകളിലും മറ്റും ചികിത്സ തേടിപ്പോകുന്ന രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഈ കയ്യേറ്റങ്ങൾ കാരണം ഏറെ വലയുന്നതായി പരാതിപ്പെടുന്നു.
തീരുമാനങ്ങൾ കാറ്റിൽ പറത്തി
മണ്ഡലകാലത്തെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന അവലോകന യോഗങ്ങളിൽ റോഡിലേക്കിറക്കി വെച്ചുള്ള കച്ചവടം കർശനമായി തടയുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ തീരുമാനങ്ങൾ പ്രഹസനമായിരുന്നുവെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. അധികൃതർ ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെയും സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിനെയും ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർ ഇനിയുള്ള ദിവസങ്ങളിലും ഈ ദുരിതം തുടരേണ്ടി വരുമോ എന്നാണ് അധികൃതരോട് യാത്രക്കാർ ചോദിക്കുന്നത്. നടപ്പാത കയ്യേറ്റം കാരണം യാത്രക്കാർക്ക് സ്വതന്ത്രമായി നടക്കാൻ കഴിയുന്നില്ല. സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാന്നുള്ള ഒരോ പൗരൻ്റെയും സ്വാതന്ത്ര്യത്തെ മന:പൂർവം ഹനിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും മേലിൽ ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടികൾ അധികൃതർ കൈകൊള്ളണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.










