
കാഞ്ഞങ്ങാട്: തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മൂട്ടയുടെ കടിയേറ്റ് ദുരിതത്തിലായ കാസർകോട്ടെ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. ചെറുവത്തൂർ സ്വദേശി വാസുദേവ കോണൂരായ നൽകിയ പരാതിയിലാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നടപടി.
നഷ്ടപരിഹാരമായി 15,000 രൂപയും ചികിത്സച്ചെലവായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെയാണ് ഹോട്ടൽ അധികൃതർ നൽകേണ്ടത്. ഒരുമാസത്തിനകം തുക നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.
2024 ഓഗസ്റ്റ് 26-നാണ് പത്മനാഭസ്വാമി ക്ഷേത്രദർശനത്തിനും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനുമായി വാസുദേവയും കുടുംബവും തിരുവനന്തപുരത്തെ ‘രൂപ്മഹൽ’ ഹോട്ടലിൽ മുറിയെടുത്തത്. 3,500 രൂപ നൽകി ശീതീകരിച്ച ഡബിൾ മുറിയായിരുന്നു ബുക്ക് ചെയ്തത്.
ദീർഘയാത്രയ്ക്കുശേഷം മുറിയിലെത്തിയ കുടുംബത്തിന് രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. കിടക്ക പരിശോധിച്ചപ്പോഴാണ് മൂട്ടകളെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മൂട്ടയുടെ കടിയേറ്റതോടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന പാടുകളും കടുത്ത ചൊറിച്ചിലും അനുഭവപ്പെട്ടു.
സംഭവത്തെക്കുറിച്ച് ഹോട്ടൽ റിസപ്ഷനിൽ പരാതി അറിയിച്ചെങ്കിലും, പിറ്റേന്ന് കുടുംബം തിരുവനന്തപുരത്തെ ആൻഡിയൽ ആശുപത്രിയിൽ ചികിത്സ തേടി. ഡോ. മഹേഷ്‌കുമാർ പരിശോധിച്ച് മരുന്നുകൾ നൽകി. പിന്നീട് നാട്ടിലെത്തിയ വാസുദേവ ആശുപത്രി രേഖകളും ലാബ് റിപ്പോർട്ടുകളും ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.
കേസ് തിരുവനന്തപുരം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്നായിരുന്നു ഹോട്ടൽ അധികൃതരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം കമ്മിഷൻ അംഗീകരിച്ചില്ല. ഹോട്ടലിനെതിരെ ഇതിന് മുമ്പ് സമാനമായ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നതടക്കമുള്ള വാദങ്ങളും അധികൃതർ ഉന്നയിച്ചു.
വാസുദേവയ്ക്കുവേണ്ടി ഹൊസ്ദുർഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണനാണ് ഹാജരായത്. ഹോട്ടൽ സേവനത്തിലെ വീഴ്ച പരിഗണിച്ചാണ് നഷ്ടപരിഹാരവും ചികിത്സച്ചെലവും കോടതി ചെലവും ഉൾപ്പെടെ 30,000 രൂപ നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്.










