
പട്‌ന: ബിഹാറിലെ മുസാഫർപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മുസാഫർപൂരിലെ പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും രോഗികളാണെന്നാണ് പ്രാഥമിക വിവരം.
ആശുപത്രിയുടെ അഞ്ചാം നിലയിൽ പ്രവർത്തിച്ചിരുന്ന ഐസിയുവിലാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന് കെട്ടിടമാകെ കനത്ത വിഷപ്പുക പടർന്നതോടെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ധ്രുതകർമ സേനയും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ 20-ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ചിലരെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ അധികൃതരെ സമീപിച്ചിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കളും നാട്ടുകാരും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.










