01:14am 25 August 2026
NEWS
ഹോർത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കൽ ഗാർഡൻ ഉദ്ഘാടനം ചെയ്തു.
27/01/2025  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹോർത്തൂസ് മലബാറിക്കസ്  ബൊട്ടാണിക്കൽ ഗാർഡൻ  ഉദ്ഘാടനം ചെയ്തു.

തൃശൂർ: കേരളത്തിന്റെ ഹരിത പൈതൃകവും ജൈവവൈവിധ്യവും വിളംബരം ചെയ്യുന്ന ഹോർത്തൂസ് മലബാറിക്കസ്  ബൊട്ടാണിക്കൽ ഗാർഡൻ  ചെറുതുരുത്തിക്ക് സമീപം നെടുമ്പുരയിൽ ഉദ്ഘാടനം ചെയ്തു. 

പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന  ഹെൻഡ്രിക് വാൻ റീഡ്, സഹായിയായ ഇട്ടി അച്യുതൻ വൈദ്യയുമായി ചേർന്ന്  പ്രദേശത്തെ  സസ്യജാലങ്ങളെയും ഔഷധ സസ്യങ്ങളെയും സൂക്ഷ്മമായി രേഖപ്പെടുത്തിയിരുന്നു. ആ ബൃഹത്തായ പുസ്തകമാണ് ഹോർട്ടസ് മലബാറിക്കസ് അഥവാ  മലബാറിന്റെ പൂന്തോട്ടം. 

പതിനേഴാം നൂറ്റണ്ടിൻ്റെ ഗ്രന്ഥം തുറന്ന് സസ്യങ്ങൾ പൂന്തോട്ടത്തിലെത്തുന്ന  അപൂർവ്വ കാഴ്ച്ചയാണ് 27 ഏക്കർ വിസ്തൃതിയുള്ള ഉദ്യാനം പ്രധാനമായി ഒരുക്കിയിട്ടുള്ളത്. വൃക്ഷത്തൈ നട്ടുകൊണ്ട് സസ്യോദ്യാനത്തിൻ്റെ ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. 

ഹെൻഡ്രിക് വാൻ റീഡിന്  ആദരവ്  മാത്രമല്ല ഈ ഉദ്യാനം.കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും അതിന്റെ ഔഷധസസ്യ  പാരമ്പര്യവും, ഇവിടുത്തെ ആവാസ വ്യവസ്ഥയും  പഠനവും ആഘോഷവുമാവുന്ന ഇടമാണിതെന്ന് മന്ത്രി പറഞ്ഞു.

"പശ്ചിമഘട്ടവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിന്റെ  പരിസ്ഥിതി  പ്രദേശിക പങ്കാളിത്തത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു," എം.ബി. രാജേഷ് പറഞ്ഞു.

യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷത വഹിച്ചു. യുനെസ്കോ  ആർക്കിയോളജിക്കൽ എത്തിക്സ് ആൻഡ് പ്രാക്ടീസ് ഇൻ കൾച്ചറൽ ഹെറിറ്റേജ് ചെയറുംയുകെയിലെ ഡർഹാം യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. റോബിൻ കോണിംഗ്ഹാം; സൈജീനോം റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ സാം സന്തോഷ്; മുൻ എംപി ഡോ. പി.കെ. ബിജു; വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ; എംഎസ് യൂണിവേഴ്സിറ്റി മുൻ പ്രഫസർഡോ. കെ. കൃഷ്ണൻ; കെഡിഐഎസ്‌സി മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഹോർത്തൂസ് മലബാറിക്കസിൽ  രേഖപ്പെടുത്തിയിരിക്കുന്ന 721 ഇനങ്ങൾ (HM സസ്യങ്ങൾ) ഉൾപ്പെടെ 1,200-ലധികം സസ്യ ഇനങ്ങൾ ഈ ഉദ്യാനത്തിലുണ്ട്. ആഗോള ജൈവവൈവിധ്യ കേന്ദ്രമായ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 700 അപൂർവ ഇനങ്ങൾ കൂടി ഇവിടെ സംരക്ഷിക്കപ്പെടുന്നു.

ഹെൻഡ്രിക് വാൻ റീഡിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന പ്രധാന പാതയായ വാൻ റീഡ് അവന്യൂവിൽ നിന്നാണ് ഉദ്യാനയാത്ര യുടെ തുടക്കം. ഇട്ടി അച്യുതൻ അവന്യൂ ആണ് മറ്റൊരു പ്രധാന പാത  ഇവ കൈവഴികളായി ചെല്ലുന്നത്  വിശാലമായ പതിനാല് തോട്ടങ്ങളിലേക്കാണ്. 48 HM സസ്യങ്ങളടക്കം, 138 സസ്യ ഇനങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റാർ ഓഫ് ഡേവിഡ്; 172 സസ്യ ഇനങ്ങൾ (65 HM) വളരുന്ന മാൾട്ടയിലെ നിയോലിത്തിക്ക് സ്ലീപ്പിംഗ് ലേഡി ഗാർഡൻ ;  പോഷകമൂല്യമുള്ളതും ഔഷധമൂല്യമുള്ളതുമായ പ്രാദേശികമായി കൃഷി ചെയ്ത 34 പച്ചക്കറി ഇനങ്ങൾ (29 HM ) പ്രദർശിപ്പിക്കുന്ന പച്ചക്കറിത്തോട്ടം;245 സസ്യ ഇനങ്ങൾ (113 HM ) ഉള്ള മലബാർ ഗാർഡൻ ;ശൈവ, വൈഷ്ണവ, ജൈന, ബുദ്ധ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട ചരിത്രാതീത സസ്യങ്ങളെ ഉൾക്കൊള്ളുന്ന സേക്രഡ് ഗ്രോവ്:  200-ലധികം തദ്ദേശീയ ജലസസ്യ ഇനങ്ങളുടെ (93 HM) ആവാസ കേന്ദ്രമായ ജല ഉദ്യാനം ;ഓർക്കിഡേറിയവും ഫേൺ ഗാർഡനും;കേരളത്തിന്റെ കാർഷിക പൈതൃകം  31 HM അടക്കം 65 വാഴ ഇനങ്ങളുടെ  ജീൻ പൂൾ സംരക്ഷിക്കുന്ന കദളിവനം; രണ്ട് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 25 കുരുമുളക് ഇനങ്ങളുടെ ബ്ലാക്ക് പെപ്പർ ഗാർഡൻ ; 212 HM സസ്യ ഇനങ്ങൾ ഉൾപ്പെട്ട സീസണൽ സസ്യങ്ങളുടെ കൺസർവേറ്ററി ; സൈക്കാഡുകളും ഈന്തപ്പനകളും  ചേർന്നുള്ള  ചരിത്രാതീത സസ്യജാലങ്ങൾ; മുളത്തോട്ടം; ചിത്രശലഭ ഉദ്യാനം എന്നിവയാണ് പതിനാല് തോട്ടങ്ങൾ. 

യു.എസ് ലെ മലയാളി സംരംഭകനായ സാം സന്തോഷിന്റെ നേതൃത്വത്തിലുള്ള സൈജീനോം റിസർച്ച് ഫൗണ്ടേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 

വാൻ റീഡിന്റെ ഗ്രന്ഥം  അനശ്വരമാക്കിയ സസ്യ പാരമ്പര്യം പുനഃസൃഷ്ടിക്കാൻ അദ്ദേഹവും സംഘവും 2016 മുതൽ സംസ്ഥാനത്ത് ഉടനീളം യാത്ര ചെയ്തു.

ഹോർത്തൂസ് മലബാറിക്കസിനെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്ത  ഡോ. കെ.എസ്. മണിലാലിന്റെ സംഭാവനകളാണ്  ഈ ഉദ്യാനം സാധ്യമാക്കിയതെന്ന്  സാം സന്തോഷ് പറഞ്ഞു. ഡോ. മണിലാലിന്റെ  സ്മരണയ്ക്കായി, മണിലാൽ സ്ട്രീറ്റും ഉദ്യാനത്തിൽ ഉണ്ട്.

സസ്യങ്ങൾ ശേഖരിച്ച് സംരക്ഷിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ സൂക്ഷ്മമായ ഗവേഷണത്തിന് ധാരാളം കഥകൾ പറയാനുണ്ട്. 

കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി  അരുവികളിൽ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന  മലബാർ റിവർ-ലില്ലി (ക്രിനം മലബാറിക്കം). വെട്ടുകല്ലിന് മുകളിലൂടെ വെള്ളം ഒഴുകുന്നിടത്ത് മാത്രമേ ഈ സസ്യം കാണപ്പെടുന്നുള്ളൂ. ഇത് സംരക്ഷിക്കുന്നതിനായി വെട്ടുകല്ല്  പാകിയ ഏഴ് വെള്ളച്ചാട്ടങ്ങളുള്ള അരുവി ഉദ്യാനത്തിൽ  സൃഷ്ടിച്ചിട്ടുണ്ടെന്ന് സാം സന്തോഷ് പറഞ്ഞു.

 “ഭാവിയിലെ സസ്യശാസ്ത്ര പഠനങ്ങൾക്കുള്ള ഒരു ബയോബാങ്കായും ഈ ഉദ്യാനം പ്രവർത്തിക്കും,” സാം പറഞ്ഞു.

എന്നാൽ ഈ ഉദ്യാനം സസ്യങ്ങൾക്ക് മാത്രമുള്ളതല്ല -  ചിത്രശലഭ ഉദ്യാനവും പ്രകൃതിദത്ത ആവാസ വ്യവസ്ഥയും ഒരുങ്ങിയതോടെ  120 ഇനം പക്ഷികളും, ഉരഗങ്ങളും, ധാരാളം മൃഗങ്ങളും ഈ ആവാസവ്യവസ്ഥയുടെ ഭാഗമായി  മാറിക്കഴിഞ്ഞു.

Photo caption : ഹോർത്തൂസ് മലബാറിക്കസ്  ബൊട്ടാണിക്കൽ ഗാർഡൻ  ചെറുതുരുത്തിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. യു.ആർ. പ്രദീപ് എംഎൽഎ; യുനെസ്കോ  ആർക്കിയോളജിക്കൽ എത്തിക്സ് ആൻഡ് പ്രാക്ടീസ് ഇൻ കൾച്ചറൽ ഹെറിറ്റേജ് ചെയറുംയുകെയിലെ ഡർഹാം യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. റോബിൻ കോണിംഗ്ഹാം;സൈജീനോം റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ സാം സന്തോഷ്എ ന്നിവർ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img