
ഇസ്രായേൽ ആരംഭിച്ച് പ്രസിഡന്റ് ട്രംപ് ഏറ്റെടുത്ത് ആഗോള പ്രതിസന്ധിയാക്കി മാറ്റിയ ഇറാൻ ആക്രമണം ഒടുവിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്കിൽ കിടന്ന് വട്ടം ചുറ്റുകയാണ്.
ആഗോള എണ്ണ വ്യാപാരത്തിന്റെയും പ്രകൃതിവാതകത്തിന്റെയും ഏതാണ്ട് ഇരുപത് ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമുസ്. ഈ കടലിടുക്കിലൂടെയുള്ള ഗതാഗതം തടയാൻ ഇറാൻ ഇറങ്ങിപ്പുറപ്പെട്ടത് അവർക്ക് നേരേ ഇസ്രായേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ്. ഹോർമുസ് പാതയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇന്ത്യയും യൂറോപ്പും ഉൾപ്പെടെയുള്ള ദേശങ്ങളിൽ എണ്ണയ്ക്കും, പ്രകൃതിവാതകത്തിനും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അമേരിക്ക വെനിസ്വേലയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി വർദ്ധിപ്പിച്ചുകൊണ്ട് സ്വന്തം കാര്യം ഒരു പരിധിവരെ പരിഹരിച്ച മട്ടാണ്. അമേരിക്കയുടെ ബദ്ധവിരോധിയായിരുന്ന വെനിസ്വേലൻ നേതാവ് നിക്കോളസ് മഡൂറയെ തട്ടിക്കൊണ്ടുപോയി അമേരിക്കൻ ജയിലിലാക്കിയിട്ടാണ് ട്രംപ് വെനിസ്വേലയെ സ്വന്തം പക്ഷത്തേക്ക് നയിച്ചത്. മഡൂറയുടെ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റോഡ്രിഗസ് പ്രസിഡന്റ് പദവി ഏറ്റെടുത്ത് സ്വന്തം തടി രക്ഷിക്കാൻ ട്രംപിന്റെ കളിപ്പാവയായി മാറിക്കഴിഞ്ഞു. ഈ സുവർണ്ണാവസരം മുതലെടുത്താണ് ട്രംപ് ഹോർമുസ് കടലിടുക്കിൽ ഇടപെട്ട് ലോകത്തെ ഒരു ഇന്ധനപ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ, പ്രകൃതിവാതക ചരക്കുനീക്കം ഇറാൻ തടഞ്ഞത് തങ്ങൾക്കുനേരെയുള്ള ഇസ്രായേൽ, അമേരിക്കൻ ആക്രമണത്തിന്റെ രൂക്ഷത നശിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ്. ഈ നീക്കം ഇറാനെയും അമേരിക്കയെയും സമാധാന ചർച്ചയ്ക്ക് ഒരു മേശയുടെ ചുറ്റിലുമെത്തിച്ചു. ഇസ്ലാമാബാദിൽ നടന്ന ചർച്ചയ്‌ക്കൊടുവിൽ ഹോർമുസിലൂടെയുള്ള ഗതാഗതത്തിൽ തങ്ങൾ ഇടപെടില്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ ഇറാൻ ചരക്ക് കപ്പലുകൾക്ക് സുഗമമായി കടന്നുപോകാനുള്ള അവസരത്തിന് ട്രംപ് തടയിട്ടു. ഇറാൻ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാനങ്ങൾക്ക് മാത്രമേ യാത്രാനുമതിയുള്ളൂ എന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുകയും, അവർക്ക് ലഭിക്കാൻ സാധ്യതയുള്ള റഷ്യൻ, ചൈനീസ് ഉൽപ്പന്നങ്ങളുടെ വരവിന് തടയിടുകയും ചെയ്യുകയാണ് ട്രംപിന്റെ ഉപരോധലക്ഷ്യം. തുടർന്ന് ഇറാനിയൻ പതാകയുള്ള കപ്പലുകളെ യു.എസ്. നാവികപ്പട നടുക്കടലിൽ തടഞ്ഞ് തിരിച്ചയച്ചു. അമേരിക്കയുടെ ഈ നടപടികൾ ഇറാനെ പ്രകോപിതരാക്കുകയും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് കപ്പലുകളെ തടയാൻ അവരും തുനിഞ്ഞിറങ്ങുകയുംചെയ്തു. ഇതോടെ രൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്കാണ് ലോകം നടന്നടുത്തത്.
ലോകത്തിലെ ഇന്ധനവ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന കപ്പൽപാതയാണ് ഹോർമുസ് കടലിടുക്ക്. ഏറ്റവും വലിയ ഓയിൽ ടാങ്കുകൾക്ക് വരെ കടന്നുപോകാൻ കഴിയുന്ന തരത്തിൽ ആഴമുള്ള കടലിടുക്കാണ് ഹോർമുസ്. മദ്ധ്യപൂർവ്വേഷ്യയിലെ മിക്ക എണ്ണ ഉൽപ്പാദന രാജ്യങ്ങളും, തങ്ങളുടെ ക്രൂഡ് ഓയിലും, പ്രകൃതിവാതകവും കയറ്റിവിടുന്നത് ഹോർമുസ് വഴിയാണ്. ഇറാൻ, ഇറാക്ക്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് ഇത് വഴിയുള്ള ചരക്ക് ഗതാഗതം പ്രയോജനപ്പെടുത്തുന്നത്. 2025 ലെ കണക്കനുസരിച്ച് 20 ബില്യൻ ബാരൽ എണ്ണയും, എണ്ണ ഉൽപ്പന്നങ്ങളും ഹോർമുസ് മറികടന്ന് പോയിട്ടുണ്ട്. അമേരിക്കൻ എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച് ഈ ഇന്ധന കയറ്റുമതിയുടെ ആസ്തി ഏതാണ്ട് 600 ബില്യൻ യു.എസ്. ഡോളറാണ്.
പേർഷ്യൻ ഗൾഫിൽ നിന്ന് ആരംഭിച്ച് അറബിക്കടലിലേക്ക് തുറന്ന് കിടക്കുന്ന തന്ത്രപ്രധാനമായ കടൽപ്പാതയാണ് ഹോർമുസ്. ഇതിന്റെ വടക്കൻ തീരത്ത് ഇറാനും, തെക്കേ അറ്റത്ത് ഒമാനുമാണ്. ഇറാൻ കഴിഞ്ഞ് ഇതിന്റെ ഒരറ്റം ചെന്നുമുട്ടുന്നത് ഇറാക്കിലും കുവൈറ്റിലുമാണ്. ഇതിനിടയിൽ സൗദി അറേബ്യയും, ഖത്തറും, യു.എ.ഇയും ഹോർമുസ് കടലിടുക്കിന്റെ തീരത്തെ പുണർന്ന് കിടക്കുന്നു. ഹോർമുസ് കടലിടുക്കിന്റെ വീതി ഏതാണ്ട് അൻപത് കിലോമീറ്ററാണ്. ചില ഭാഗങ്ങളിൽ മുപ്പത്തിമൂന്ന് കിലോമീറ്ററായി ചുരുങ്ങും.
പേർഷൻ ദേവതയായ ഹൊർമൊസിന്റെ പേരിൽ നിന്ന് ഉത്ഭവിച്ചതാണ് ഈ കടലിടുക്കിന്റെ നാമമെന്ന് ഒരു അഭിപ്രായമുണ്ട്. മറ്റൊന്ന് ഈന്തപ്പന എന്നർത്ഥം വരുന്ന പേർഷ്യൻ പദമായ ഹുർമുഖ്-ൽ നിന്ന് കടം കൊണ്ടതാണ് ഈ പേരെന്നും വാദമുണ്ട്. ഇപ്പോഴും ഇറാനിയൻ നാടൻ ഭാഷയിൽ ഹോർമുസിന് ഹുർമുഖ് എന്നുതന്നെയാണ് വിളിപേര്.
ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന ഏത് ഉപരോധവും ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തന്നെ പിടിച്ചുലക്കും. വിവിധ കയറ്റ്-ഇറക്കുമതി ചരക്കുകളുമായി ഏതാണ്ട് മൂവായിരത്തോളം കപ്പലുകൾ പ്രതിമാസം ഹോർമുസ് കടലിടുക്ക് കടക്കുന്നുണ്ട്. ഇതിൽ നല്ലൊരു ശതമാനവും പെട്രോളിയം ഉൽപ്പന്നങ്ങളാണ്. ഹോർമുസ് വഴി ലിക്വിഡ് നാച്ച്വറൽ ഗ്യാസിന്റെ ഉയർന്ന കയറ്റുമതി നടക്കുന്നതു ഖത്തറിൽ നിന്നാണ്. പ്രതിദിനം 9.3 ബില്യൻ, ക്യുബിക് ഫിറ്റ് ആണ് ഖത്തറിന്റെ കയറ്റുമതി. പ്രകൃതിവാതകം ദ്രാവകരൂപത്തിൽ മാറ്റിക്കൊണ്ട് പോകുന്നത് കൊണ്ട് കണ്ടെയ്‌നറിന്റെ വലിപ്പത്തിൽ 600 മടങ്ങ് ലാഭിക്കാം. ലോകത്തിലെ കുക്കിംഗ്, പവർ, ഹീറ്റിംഗ് ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നത് ഈ പ്രകൃതിവാതക കയറ്റുമതിയാണ്. രാസവളങ്ങളുടെ ഒരു പ്രധാന സ്രോതസ്സും ഗൾഫ് രാജ്യങ്ങളാണ്. ലോകത്തിനാവശ്യമായ രാസവളങ്ങളുടെ മൂന്നിലൊന്ന് കടന്നുപോകുന്നതും ഹോർമുസ് വഴിയാണ്. മധ്യപൂർവേഷ്യയിലെ ജനങ്ങൾക്കാവശ്യമായ ആഹാരസാധനങ്ങൾ, മരുന്നുകൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവയുടെ ഒക്കെ ഇറക്കുമതിയുടെ നല്ലൊരു പങ്കും ഹോർമുസ് കടലിടുക്ക് വഴിയാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ നിയമങ്ങളനുസരിച്ച് ഒരു രാജ്യത്തിന്റെ അതിർത്തി തീരത്തുനിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ (ഏതാണ്ട് 13.8 കി.മി) ദൂരം വരെയുള്ള സമുദ്രഭാഗങ്ങൾ ആ രാജ്യത്തിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. അങ്ങനെ വരുമ്പോൾ ഹോർമുസ് കടലിടുക്കിലെ വീതി കുറഞ്ഞ ഭാഗങ്ങളിലെ ഏതാണ്ട് പരിപൂർണ്ണ നിയന്ത്രണം ഒരറ്റത്ത് ഒമാനും, മറ്റേ അറ്റത്ത് ഇറാനും ലഭിക്കും. ഇറാന്റെ ഡ്രോണുകൾ, മിസൈലുകൾ, സൈനികബോട്ടുകൾ, വിതറിയ മൈനുകൾ ഒക്കെ ഇതുവഴി മറികടന്ന് പോകുന്ന ചരക്കുകപ്പലുകൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏപ്രിൽ ആദ്യവാരം വരെയുള്ള കണക്കനുസരിച്ച് കുറഞ്ഞത് 24 കപ്പലുകൾക്ക് ഇറാനിൽ നിന്നുള്ള ആക്രമണം നേരിട്ടതായി പറയുന്നുണ്ട്. ഇറാനെ സംബന്ധിച്ചിടത്തോളവും ഹോർമുസ് കടലിടുക്ക് അവരുടെ സാമ്പത്തിക സ്രോതസ്സിന്റെ നാഡീവ്യൂഹമാണ്. ഇന്ധന കയറ്റുമതിയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ ഇറാന്റെ മാത്രമല്ല ഏഷ്യൻ രാജ്യങ്ങളുടെയും നടുവൊടിക്കുന്നതാണ്. ഇറാന്റെ എണ്ണകയറ്റുമതിയുടെ 90 ശതമാനവും കമ്പോളത്തിൽ വാങ്ങുന്നത് ചൈനയാണ്. പ്രധാന ഇരുട്ടടി അവർക്കുതന്നെ. ഇൻഡ്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലും പല യൂറോപ്യൻ രാഷ്ട്രങ്ങളിലും ഇന്ധനക്ഷാമം അനുഭവപ്പെടുന്നത് ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണമാണ്.
ഇസ്രായേലിന്റെയും, അമേരിക്കയുടെയും വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ തിരിച്ചടി നൽകിയത് ഹോർമുസ് കടലിടുക്കിലെ സുഗമഗതാഗതം അട്ടിമറിച്ചുകൊണ്ടാണ്. ഹോർമുസ് ആന്റിഷിപ്പ് ക്രൂഡ് മിസൈൽ സൈറ്റുകൾക്ക് നേരെ ആക്രമണം നടത്തി അമേരിക്ക ഇറാനെ വിരട്ടി നോക്കിയെങ്കിലും വലിയ ഫലം കണ്ടില്ല. ചൈന ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളോട് ഹോർമുസ് ഗതാഗതം സുഗമമാക്കാൻ സൈനികകപ്പലുകളെ അയയ്ക്കാൻ ട്രംപ് അഭ്യർത്ഥിച്ചിട്ടും ആരും തയ്യാറായില്ല. ഇനി കാര്യങ്ങൾ തനിയെ നോക്കിക്കൊള്ളാമെന്നാണ് ട്രംപിന്റെ നിലപാട്. എൺപതുകളിൽ ഇറാൻ, ഇറാക്ക് യുദ്ധകാലത്ത് കുവൈറ്റി ടാങ്കറുകളെ രക്ഷപ്പെടുത്താൻ അമേരിക്കൻ യുദ്ധുകപ്പലുകൾ അകമ്പടി പോയ ചരിത്രം ആവർത്തിക്കുമെന്ന് ട്രംപ് പറയുന്നു. ഇറാൻ അധികാരികളോട് സഹകരിക്കുന്ന ടാങ്കറുകൾക്ക് സുഗമമായി കടന്നുപോകാനുള്ള സൗകര്യം നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പതിവ് യാനങ്ങളുടെ യാത്രയുടെ 95 ശതമാനവും ഇപ്പോൾ നിലച്ച മട്ടാണ്.
ഹോർമുസിനെ കയ്യൊഴിഞ്ഞ് മറ്റ് മാർഗ്ഗങ്ങളിലൂടെയുള്ള കയറ്റുമതി ഇറക്കുമതികൾക്ക് അവസരങ്ങൾ തേടുകയാണ് മിക്ക ലോകരാഷ്ട്രങ്ങളും. സൗദി അറേബ്യയുടെ 1200 കി.മീ നീളമുള്ള ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ ഹോർമുസിന് മറുഭാഗത്ത് ചെങ്കടലിലാണ് തുറക്കുന്നത്. യു.എ.ഇയുടെ ഹബ്ഷാൻ ഫ്യൂജ്‌റാ പൈപ്പ് ലൈൻ ഹോർമുസിന്റെ ഒമാൻ ഭാഗത്താണ് അവസാനിക്കുന്നത്. ഇതുവഴി ദിവസവും പതിനഞ്ചുലക്ഷം ബാരൽ വരെ എണ്ണ പുറത്തേക്ക് കൊണ്ടുപോകാനാകും. ഇറാന്റെ ഡ്രോൺ ആക്രമണം ഈ പൈപ്പുലൈനിന് നേരെയും ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയുടെ ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ ചെങ്കടലിലെത്തിക്കുന്ന എണ്ണ ഏഥൻ ഉൾക്കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലും, നൈൽ വഴി മെഡിറ്റേറിയൻ കടലിലും കൊണ്ടെത്തിച്ച് ഹോൽമുസിലെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചെങ്കടലിനെയും, ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽമരുമ്പ് കടലിടുക്ക് അടക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ രംഗത്ത് വന്നിട്ടുണ്ട്. ഇറാൻ സംഘർഷത്തിൽ ഹൂതികൾ അവരുടെ പക്ഷം പിടിച്ചാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഏഷ്യയെയും, ആഫ്രിക്കയെയും വേർതിരിക്കുന്ന ബാബ് അൽ മരുമ്പ് ഏഥൻ ഉൾക്കടലിലേക്ക് തുറക്കുന്ന വാതിലാണ്. ഏഷ്യൻ ഭാഗത്ത് യെമനും ആഫ്രിക്കൻ തീരത്ത് ജിബൂട്ടി, എറിത്രിയ എന്നീ രാജ്യങ്ങളുമാണ് ബാബ് അൽ മരുമ്പിന്റെ ഇരുഭാഗത്തും. 130 കിലോമീറ്റർ നീളവും പരമാവധി 40 കിലോമീറ്റർ വീതിയുമാണ് ഈ കടലിടുക്കിന്. ബാബ് അൽമരുമ്പ് എന്ന വാക്കിന്റെ അർത്ഥം 'കണ്ണുനീരിന്റെ കവാടം' എന്നാണ്. എറിത്രിയ, ജിബൂട്ടി പ്രദേശങ്ങൾ ഒരു ഭൂകമ്പത്തിൽ ഏഷ്യയിൽ നിന്ന് വേർപെടുകയും, ആ ഭാഗത്ത് ഒരു കടലിടുക്ക് രൂപപ്പെടുകയും ചെയ്തു. അന്ന് ആ കടലിൽ മുങ്ങി മരിച്ചവരുടെ ഓർമ്മയ്ക്കാണ് ബാബ് അൽമരുമ്പ് എന്ന പേര്.
കടലിലൂടെ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ ഏതാണ്ട് 12 ശതമാനം ഈ കടിലിടുക്കിലൂടെയാണ്. വിമതന്മാരായ ഹൂതികളുടെ ഒരു ശക്തികേന്ദ്രമാണ് ഈ ഭാഗം. അവരുടെ ഭീഷണി ഫലവത്തായാൽ ലോകത്തിലെ ഇന്ധന പ്രതിസന്ധി ഇനിയും രൂക്ഷമാകും. ഒരിക്കൽ അടച്ചാൽ മനുഷ്യരാശി ഒന്നിച്ച് വിചാരിച്ചാലും ഇത് തുറക്കാൻ കഴിയില്ലെന്ന ഹൂതികളുടെ അന്ത്യശാസനം ഗൗരവമായി എടുക്കേണ്ടതാണ്.










