03:03am 03 November 2026
NEWS
രാ​ഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്ന് ഹണി റോസ്
09/01/2025  01:02 PM IST
nila
രാ​ഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്ന് ഹണി റോസ്

വസ്ത്രധാരണവുമായി ബന്ധപ്പെട്ട രാഹുല്‍ ഈശ്വറിന്റെ നിലപാടുകളെ വിമർശിച്ച് നടി ഹണി റോസ്. രാ​ഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നായിരുന്നു താരത്തിന്റെ വിമർശനം. രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ ഈശ്വര്‍ പ്രത്യേക ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ്‌ പരിഹസിച്ചു. രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നും സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നു. 

​ഹണി റോസിന്റെ കുറിപ്പ് ഇങ്ങനെ..

ശ്രീ രാഹുല്‍ ഈശ്വര്‍

താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗത്തും ഉണ്ടെങ്കിലേ ചര്‍ച്ചയ്ക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടുതന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യം ആക്കും.

പക്ഷെ തന്ത്രികുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്‌കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം.

അതേസമയം, ഹണി റോസിന് വിമർശിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം. സമൂഹത്തിൽ വ്യാപകമായി അവരുടെ വസ്ത്രധാരണത്തിനെതിരെ വിമർശനങ്ങളുണ്ടെന്ന കാര്യം അവർ ഓർക്കണമെന്നും രാ​​​ഹുൽ ഈശ്വർ പറഞ്ഞു. ജനുവരി പത്തിന് അവരുടെ പുതിയ സിനിമയായ റേച്ചൽ ഇറങ്ങും. അവർക്ക് എല്ലാവിധ വിജയങ്ങളുമുണ്ടാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img