07:13am 03 November 2026
NEWS
ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
09/01/2025  05:01 PM IST
nila
ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ്  എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹർജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി.

അഡ്വ. ബി.രാമൻപിള്ളയാണ്  ബോബി ചെമ്മണൂരിനായി കോടതിയിൽ ഹാജരായത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ വാദിച്ചു.

പരാതിക്കടിസ്ഥാനമായ ഉദ്ഘാടന ചടങ്ങിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരും പിന്നീട് മറ്റൊരു പരിപാടിയിലും ഒരുമിച്ച് പങ്കെടുത്തു. പരാതിക്ക് പിന്നിൽ മറ്റെന്തെങ്കിലും താത്പര്യമാകാം. പ്രസ്തുത പരിപാടിയുടെ വീഡിയോ തെളിവുകളുണ്ട്. നടി തന്നെ ഈ വീഡിയോകൾ പങ്കുവെച്ചിരുന്നു. ഈ വീഡിയോകൾ കോടതി കാണണമെന്നും പാസ്പോർട്ട് ഹാജരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

അതേസമയം, ബോബി ചെമ്മണൂരിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടി നൽകിയ പരാതിയിലെ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദ്വയാർഥ പദപ്രയോഗം നടത്തിയ പ്രതി തുടർച്ചയായി നടിയെ അധിക്ഷേപിച്ചു. അനുവാദമില്ലാതെ മോശമായരീതിയിൽ നടിയുടെ ശരീരത്തിൽ സ്പർശിച്ചു. ആയിരക്കണക്കിനാളുകളുടെ മുന്നിൽവെച്ചാണ് നടിയെ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുംചെയ്തു. ആ ഉദ്ഘാടനചടങ്ങിൽനിന്ന് ഏറെ വേദനിച്ചാണ് നടി മടങ്ങിയതെന്നും ജാമ്യം നൽകിയാൽ പ്രതി ഒളിവിൽപോകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img