
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2026-ലെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. പുതിയ സിബി750 ഹോർനെറ്റ് ഇ-ക്ലച്ച്, എക്‌സ്എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് മോഡലുകൾക്കൊപ്പം, ഗോൾഡ് വിംഗിൻ്റെ പുതിയ കളർ ഓപ്ഷനും, സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി സൂപ്പർസ്പോർട്സ് ബൈക്കും കമ്പനി അവതരിപ്പിച്ചു. രാജ്യത്തെ ഹോണ്ട ടോപ്പ്‌ലൈൻ, ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഹോണ്ടയുടെ പുതിയ ഇ-ക്ലച്ച് സാങ്കേതികവിദ്യയോടെയാണ് സിബി750 ഹോർനെറ്റ്, എക്‌സ്എൽ750 ട്രാൻസാൽപ്പ് മോഡലുകൾ എത്തുന്നത്. 755 സിസി പാരലൽ-ട്വിൻ എൻജിൻ കരുത്ത് പകരുന്ന ഈ ബൈക്കുകൾ കൂടുതൽ സൗകര്യപ്രദവും ആത്മവിശ്വാസം നൽകുന്നതുമായ റൈഡിങ് അനുഭവം ലക്ഷ്യമിട്ടാണ് വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.
സിബി750 ഹോർനെറ്റ് ഇ-ക്ലച്ച് മോഡൽ 67.5 കിലോവാട്ട് കരുത്തും 75 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനോടെയാണ് എത്തുന്നത്. 5 ഇഞ്ച് ഫുൾ-കളർ ടിഎഫ്‌ടി ഡിസ്പ്ലേ, ഹോണ്ട റോഡ്‌സിങ്ക് കണക്ടിവിറ്റി, ഒന്നിലധികം റൈഡിങ് മോഡുകൾ, ഡ്യുവൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഇതിൻ്റെ സവിശേഷതകളാണ്.
ഗ്രാവൽ മോഡ് ഉൾപ്പെടെയുള്ള റൈഡിങ് മോഡുകൾ, ഷോവ ഫ്രണ്ട് സസ്പെൻഷൻ, ടിഎഫ്‌ടി ഡിസ്പ്ലേ, ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവ എക്‌സ്എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് മോഡലിലുണ്ട്. നഗര റോഡുകളിലും ഹൈവേയിലും ഓഫ്-റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുന്ന തരത്തിലാണ് ബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ആഡംബര ടൂറിംഗ് മോട്ടോർസൈക്കിളായ ഗോൾഡ് വിംഗ് 2026-ൽ പുതിയ കളർ ഓപ്ഷനോടെയാണ് എത്തുന്നത്. 1833 സിസി ആറ് സിലിണ്ടർ എൻജിൻ, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്‌മിഷൻ, ഇലക്ട്രോണിക് വിൻഡ്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ, എയർബാഗ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിൻ്റെ പ്രധാന സവിശേഷതകളാണ്.
ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സൂപ്പർസ്പോർട് ബൈക്കായ സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി, 1000 സിസി ഇൻലൈൻ ഫോർ സിലിണ്ടർ എൻജിനിൽ നിന്ന് 160 കിലോവാട്ട് കരുത്ത് ഉത്പാദിപ്പിക്കുന്നു. ഒഹ്ലിൻസ് സ്‌മാർട്ട് സസ്പെൻഷൻ, ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റം, അക്രാപോവിച്ച് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് എന്നിവയും ഈ മോഡലിലുണ്ട്.
സിബി750 ഹോർനെറ്റ് ഇ-ക്ലച്ചിൻ്റെ എക്‌സ്-ഷോറൂം വില 10.49 ലക്ഷം രൂപയും എക്‌സ്എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ചിൻ്റെ വില 13.20 ലക്ഷം രൂപയുമാണ്. ഗോൾഡ് വിംഗ് 44.30 ലക്ഷം രൂപയ്ക്കും സിബിആർ1000ആർആർ-ആർ ഫയർബ്ലേഡ് എസ്‌പി 33.50 ലക്ഷം രൂപയ്ക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
Photo Courtesy - Google










