12:24pm 04 September 2026
NEWS
ബിൽഡറുടെ വീഴ്ചയ്ക്ക് ഹോംബയർമാർ പിഴയൊടുക്കേണ്ടതില്ല; നിർണായക വിധിയുമായി സുപ്രീം കോടതി
04/09/2026  09:33 AM IST
സുരേഷ് വണ്ടന്നൂർ
ബിൽഡറുടെ വീഴ്ചയ്ക്ക് ഹോംബയർമാർ പിഴയൊടുക്കേണ്ടതില്ല; നിർണായക വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: പാപ്പരായി പ്രഖ്യാപിക്കപ്പെട്ട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ വീഴ്ച മൂലമുണ്ടാകുന്ന കാലതാമസത്തിനും പിഴകൾക്കും ഹോംബയർമാരെയും പുതിയ റിസൊല്യൂഷൻ അപേക്ഷകരെയും ഉത്തരവാദികളാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
​നോയിഡയിലെ സെക്ടർ 100, 110 എന്നിവിടങ്ങളിലെ ‘ലോട്ടസ് ബൊവാർഡ്’, ‘ലോട്ടസ് പനാഷെ’ എന്നീ ഹൗസിങ് പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. കമ്പനി പാപ്പരായതിനെ തുടർന്ന്, ഹോംബയർമാർ സ്വന്തം ഫണ്ട് സ്വയം സമാഹരിച്ച് ('Pool and Build' സംവിധാനം) നിർമ്മാണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് M/s SMV ഏജൻസീസിനെ പുതിയ റിസൊല്യൂഷൻ അപേക്ഷകനായി അംഗീകരിക്കുകയും ചെയ്തു.
​എന്നാൽ പ്രോജക്റ്റ് വൈകിയെന്നാരോപിച്ച് നോയിഡ അതോറിറ്റി മൂന്ന് ടവറുകൾ സീൽ ചെയ്യുകയും സമയപരിധി നീട്ടിയതിനുള്ള ഭീമമായ പിഴത്തുക ആവശ്യപ്പെടുകയും ചെയ്തു. ഈ നടപടിയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്.
​യഥാർത്ഥ ഡെവലപ്പർ വീഴ്ച വരുത്തിയതിന്, സ്വന്തം പണം മുടക്കി പ്രോജക്റ്റ് ഏറ്റെടുത്ത് നടത്തുന്ന സാധാരണക്കാരായ ഹോംബയർമാരെ ശിക്ഷിക്കുന്നത് അനീതിയാണെന്ന് കോടതി നിരീക്ഷിച്ചു. ബിൽഡർമാരുടെ "പഴയ പാപങ്ങൾക്ക്" (Past Sins) നിഷ്കളങ്കരായ ഉപയോക്താക്കളെയും പുതിയ റിസൊല്യൂഷൻ അപേക്ഷകരെയും ഉത്തരവാദികളാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, നോയിഡ അതോറിറ്റിയുടെ പിഴ ഈടാക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
​സ്തംഭിച്ചുപോയ ഭവന നിർമ്മാണ പദ്ധതികളിൽ അകപ്പെട്ട് പ്രതിസന്ധിയിലാകുന്ന ലക്ഷക്കണക്കിന് ഹോംബയർമാർക്ക് വലിയ ആശ്വാസമാണ് ഈ സുപ്രീം കോടതി വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img