
തൃശൂർ: പൊയ്യയിൽ കിടപ്പിലായിരുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന് ഗോവയിലേക്ക് രക്ഷപ്പെട്ട ഹോംനഴ്സും സുഹൃത്തും മാള പോലീസിന്റെ പിടിയിലായി. എറണാകുളം നെട്ടൂർ സ്വദേശിനി അനുഷ, ഇവരുടെ സുഹൃത്ത് പത്തനംതിട്ട മൈലപ്ര സ്വദേശി പ്രിൻസ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രിൻസ് വ്യവസായികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഒരാഴ്ച മുമ്പാണ് മോഷണം നടന്നത്. പൊയ്യ സ്വദേശിയായ 80-കാരൻ എഫ്രയീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കിടപ്പിലായ ഭാര്യയെ പരിചരിക്കാനെത്തിയ അനുഷ ഒന്നര പവന്റെ മാല, ഒരു പവന്റെ വള, രണ്ട് ഗ്രാം തൂക്കമുള്ള മോതിരം എന്നിവ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. ഏകദേശം 3.75 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. അന്വേഷണത്തിനിടെ പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഗോവയിലാണെന്ന് മാള പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ നീക്കത്തിൽ അനുഷയെയും സുഹൃത്തായ പ്രിൻസിനെയും ഗോവയിൽ നിന്ന് അറസ്റ്റ് ചെയ്തു.
പ്രിൻസിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും, വ്യവസായികളുടെ നവമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടിയ സംഭവങ്ങളിലും ഇയാൾ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. മോഷ്ടിച്ച മുഴുവൻ സ്വർണാഭരണങ്ങളും ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.











