
ദോഹ: ഖത്തറിന്റെ സമുദ്രപരിധിയിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന അവശിഷ്ടങ്ങളോ അപരിചിതമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. മിസൈലുകളോ ഡ്രോണുകളോ തടഞ്ഞതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ കടലിൽ കാണപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്.
ഇത്തരം വസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കളോ സ്ഫോടകവസ്തുക്കളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും ഇവ തൊടാനോ അടുത്തേക്ക് പോകാനോ പാടില്ലെന്ന് മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇവ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് മാത്രമേ അനുവാദമുള്ളൂ.
കടലിൽ പോകുന്നവരും തീരപ്രദേശങ്ങളിൽ ഉള്ളവരും അപരിചിതമായ വസ്തുക്കൾ കണ്ടാൽ ഉടൻ 999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കുക.പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുറപ്പെടുവിച്ചിട്ടുള്ള ഈ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.










