
ദോഹ: റമദാൻ മാസത്തിൽ രാജ്യത്തെ വിവിധ വകുപ്പുകളുടെയും സേവന കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.പാസ്‌പോർട്ട്, നാഷണാലിറ്റി സേവനങ്ങൾ: ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്‌സ്, ക്രിമിനൽ എവിഡൻസ് (സി.ഇ.ഐ.ഡി) എന്നീ വിഭാഗങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രവർത്തിക്കും.മദീനത് ഖലീഫയിലെ ട്രാഫിക് ആസ്ഥാനം, അൽ മമ്മൂറയിലെ എക്സ്റ്റേണൽ സർവീസ് വിഭാഗം എന്നിവ രാവിലെ 8 മുതൽ വൈകിട്ട് 4:30 വരെ തുറന്നു പ്രവർത്തിക്കും.ട്രാഫിക് വകുപ്പിന് കീഴിലെ ഡ്രൈവിംഗ് ലൈസൻസിംഗ് (ഡ്രൈവിംഗ് സ്കൂളുകൾ), സാങ്കേതിക പരിശോധന (Technical Inspection) എന്നീ വിഭാഗങ്ങൾ രാവിലെ 6 മുതൽ 11 മണി വരെയായിരിക്കും പ്രവർത്തിക്കുക.ഏയ്ൻ ഖാലിദിലെ പ്ലേറ്റ് നിർമ്മാണ വിഭാഗം ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 4:30 വരെയും ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും പ്രവർത്തിക്കും. അൽ ഇഗ്‌ദ, അൽ വുഖൈർ, അൽ മസ്‌റൂഅ എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ ഉച്ചയ്ക്ക് 1 മണി വരെയാണ് പ്രവർത്തിക്കുക.സുരക്ഷാ വകുപ്പുകളും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗവും റമദാനിലും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും. മെട്രാഷ്2 (Metrash2) വഴിയുള്ള ഓൺലൈൻ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.റമദാൻ കാലത്തെ തിരക്ക് ഒഴിവാക്കാൻ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലുകളോ മെട്രാഷ്2 ആപ്പോ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു











