
'മികവ് 2026' ന്റെ ഉദ്ഘാടനം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു. ടി.ജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എം.പി,
മേയർ വി.കെ മിനിമോൾ തുടങ്ങിയവർ സമീപം
ടി .ജെ. വിനോദ് എം.എൽ.എ ഏർപ്പെടുത്തിയ എക്സലന്റ് അവാർഡുകളുടെ വിതരണം നടന്നു മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി ടി.ജെ. വിനോദ് എം.എൽ.എ ഏർപ്പെടുത്തിയ എക്സലന്റ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിനാധ്വാനത്തിലൂടെയും അച്ചടക്കത്തിലൂടെയും മാത്രമേ വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ ഉന്നത വിജയങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂ. മലയാളികൾ ലോകത്തിന്റെ നെറുകയിലെത്തിയത് വിദ്യാഭ്യാസത്തിന്റെ കരുത്തിലാണ്.ജീവിതത്തിൽ ഇംപോസിബിൾ എന്ന വാക്ക് ഉണ്ടാകരുതെന്നും എല്ലാ കാര്യങ്ങളെയും എങ്ങനെ പോസിബിൾ ആക്കി മാറ്റാം എന്നാണ് വിദ്യാർത്ഥികൾ ചിന്തിക്കേണ്ടതെന്നും നെപ്പോളിയൻ ബോണപ്പാർട്ടിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളും അധ്യാപകരും കാണിച്ചുതരുന്ന സൻമാർഗ്ഗത്തിലൂടെ സഞ്ചരിച്ച് ഉന്നത ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ വിദ്യാർത്ഥി ജീവിതമെന്ന സുവർണ്ണകാലഘട്ടം പ്രയോജനപ്പെടുത്തണമെന്നും, നേട്ടങ്ങൾ കൈവരിക്കുമ്പോഴും സമൂഹത്തിലെ പാവപ്പെട്ടവരെയും സാധുക്കളെയും ഓർക്കണമെന്നും അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കഴിയുന്നതാണ് യഥാർത്ഥ ജീവിതവിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ലഹരിക്കെതിരെ വലിയ പോരാട്ടമാണ് നടക്കുന്നത്. സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ മഹാ യജ്ഞത്തിൽ വിദ്യാർത്ഥികൾ അണിനിരക്കണം. യുവത്വത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെയും ലഹരിക്കെതിരെയും വിദ്യാർത്ഥികൾ ‘തൂഫാൻ വാരിയേഴ്‌സ്’ ആയി മാറണമെന്നും ജീവിതത്തിൽ ഒരിക്കലും ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഹൈബി ഈഡൻ എം.പി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ ആദരിക്കുന്നതിനൊപ്പം, മികച്ച പൗരബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ 'മികവ് 2026' പരിപാടി സംഘടിപ്പിച്ചത്.സംസ്‌ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനമായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്ന മാന്ത്രികൻ സാമ്രാജിന്റെ പ്രത്യേക മാജിക് ഷോ മികവ് 2026 ൻ്റെ വേദിയിൽ അരങ്ങേറി. കലയും സന്ദേശവും സമന്വയിപ്പിക്കുന്ന ഈ അവതരണം ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും ശക്തമായ ബോധവത്കരണം നൽകി.
എറണാകുളം നിയോജക മണ്ഡലത്തിലെ 1500ൽ അധികം വിദ്യാർത്ഥികൾ
'മികവ് 2026' എം.എൽ.എ അക്കാദമിക് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി. 100% വിജയം കരസ്‌ഥമാക്കിയ സർക്കാർ വിദ്യാലയങ്ങൾക്കും പുരസ്‌കാരം നൽകി.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, ഡിവിഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്‌റ്റ്യൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക , സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ, പ്രശസ്ത മന്ത്രികൻ സാമ്രാജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ഹിണ്ടാൽകോ ഇൻഡസ്ട്രീസ്എറണാകുളം യൂണിറ്റ് പ്ലാന്റ് ഹെഡ് ഹരേന്ദ്ര സിംഗ് , അലിംസ് ബി സ്‌കൂൾ മാനേജിങ്ങ് ഡയറക്ടർ അഷ്‌റഫ് വാഫി, തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google










