01:43am 26 June 2026
NEWS
ലഹരിക്കെതിരെ ഒറ്റക്കെട്ട് ഭാവി തലമുറയെ രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിചേരുക ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
25/06/2026  07:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരെ ഒറ്റക്കെട്ട്  ഭാവി തലമുറയെ രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിചേരുക ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
HIGHLIGHTS

കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ദി നർക്കോ ഹണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കൊച്ചി സെന്റ് തെരേസാസ് കോളേജിൽആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു

ഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' അന്താരാഷ്ട്ര മാഫിയയെ തകർക്കാൻ മാസ് ആക്ഷനുമായി കേരള പോലീസ്  കേരളത്തെ മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കാനും  ഭാവി തലമുറയെ ലഹരിയുടെ  പിടിയിൽ നിന്നും  രക്ഷപ്പെടുത്താനുമുള്ള ദൗത്യത്തിൽ രാഷ്ട്രീയ-സാമൂഹിക ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന്   ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച  'ഓപ്പറേഷൻ തൂഫാൻ' ദി നർക്കോ ഹണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കൊച്ചി സെന്റ് തെരേസാസ് കോളേജിൽ നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കേരളം ഒരു കൊളംബിയ ആകാൻ പാടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചെറുപ്പക്കാരുടെ ജീവിതം പുകച്ചു കളയേണ്ടതല്ലെന്നും ജീവിതമാണ് ലഹരി എന്ന് കണ്ട് വളരാൻ യുവത്വത്തിന് കഴിയണമെന്നും ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സീറോ കോംപ്രമൈസ് അപ്രോച്ച്' ആയിരിക്കും സർക്കാരിന്റേത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് 18 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് ഇതിന്റെ തെളിവാണ്. ലഹരി വിറ്റ് കാശുണ്ടാക്കുന്നവർക്ക് കേരളത്തിൽ സ്ഥാനമില്ല. ലഹരി മാഫിയയുടെ കൗണ്ട് ഡൗൺ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ന് ഓപ്പറേഷൻ തൂഫാൻ ഒരു നാഷണൽ മോഡലാണ്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ സാമ്രാജ്യം തകർക്കാൻ ഡി.ജി.പി മുതൽ കോൺസ്റ്റബിൾ വരെ 100 ശതമാനം ആത്മാർത്ഥതയോടെ രംഗത്തിറങ്ങും. ലഹരി വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ യാതൊരുവിധ രാഷ്ട്രീയ-വിഭാഗീയ പരിഗണനകളുമില്ലാതെ 'സീറോ കോംപ്രമൈസ് അപ്രോച്ച്' സ്വീകരിക്കും.

​ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി മരണത്തിന്റെ വ്യാപാരികളായ മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന 'തൂഫാൻ സ്ട്രൈക്ക്', വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തിയുള്ള 'തൂഫാൻ വാരിയേഴ്സ്', ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന 'തൂഫാൻ കെയർ' എന്നീ മൂന്ന് ഘടകങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിൽ 'തൂഫാൻ വാരിയേഴ്സ്' പദ്ധതിയുടെ ആദ്യ അംബാസഡറായി നടൻ മോഹൻലാൽ സ്വയം ചുമതലയേറ്റിട്ടുണ്ട്.

 നമ്മുടെ ക്യാമ്പസ് എങ്ങനെയാകണം എന്നുള്ളതും നമ്മുടെ ചോയ്സ് ആകണം. ഞാൻ എന്റെ ക്യാമ്പസിന്റെ കാവലാളാണ്, ക്യാമ്പസിൽ മയക്കുമരുന്ന് കയറ്റാൻ  അനുവദിക്കുകയില്ല" എന്നുള്ള നിശ്ചയദാർഢ്യത്തോടെ  മുന്നോട്ട് പോകാൻ കഴിയണം. പരിപാടിയുടെ ഭാഗമായി ഉയർത്തിയ തൂഫാൻ ഫ്ലാഗ് ഒരു പ്രതീകാത്മകമാണ്. ജീവിതത്തിൽ ഡ്രഗ്സ് കൈകൊണ്ട് തൊടില്ല, ലഹരിക്ക് അടിമയാകില്ല എന്ന സന്ദേശമാണ് ഈ ഫ്ലാഗ് നമുക്ക് നൽകുന്നത് എന്നും മന്ത്രി ഓർമിപ്പിച്ചു.

നഗരങ്ങളിൽ സജീവമായ സ്വിഗ്ഗി, സൊമാറ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ഫുഡ്/ഹോം ഡെലിവറി ആപ്പുകളിലെ ചില ജീവനക്കാർ ഭക്ഷണത്തോടൊപ്പം മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി ഇന്റലിജൻസ് വിവരമുണ്ട്. ഇത്തരം സമൂഹവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ ഉടൻ പിന്മാറണമെന്നും അല്ലാത്തപക്ഷം അവരുടെ കൈകളിൽ വിലങ്ങ് വീഴുമെന്നും മന്ത്രി ശക്തമായ താക്കീത് നൽകി.

​കൊച്ചി നഗരത്തിന്റെ രാത്രികാല ജീവിതത്തിന് തടസമില്ലാതെയും മാഫിയകളുടെ ഭയമില്ലാതെയും ജനങ്ങൾക്ക് 24x7 സമയവും സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയുന്ന 'ആക്റ്റീവ് ആൻഡ് റെസ്പോൺസിബിൾ നൈറ്റ് ലൈഫ്' ഒരുക്കും. ഇതിനായി പോലീസ് കമ്മീഷണർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി കടന്നുവരുന്ന ലഹരി മാഫിയകളെ തടയുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം ആഭ്യന്തര മന്ത്രി ലഹരിക്കെതിരെ  തൂഫാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് തൂഫാൻ വാരിയേഴ്‌സ് ബാഡ്ജിൻ്റെ വിതരണവും നടത്തി. ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച  കാർട്ടൂൺ, റീൽസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ, അധ്യക്ഷനായി.  ടി.ജെ. വിനോദ് എം.എൽ.എ,  കൊച്ചി മേയർ വി.കെ. മിനിമോൾ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വാർഡ് കൗൺസിലർ അഗസ്‌റ്റിൻ സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പോലീസ്  മേധാവി എസ്. കാളി രാജ് മഹേഷ് കുമാർ, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ,
വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ അനു ജോസഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷനുകൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img