
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ്. ജൂൺ ഒന്നു മുതൽ ‘ഓപ്പറേഷൻ തുഫാൻ – ദ നാർക്കോ ഹണ്ട്’ എന്ന പേരിൽ പ്രത്യേക കർമപദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
മയക്കുമരുന്ന് ശൃംഖലകൾ തകർക്കുന്നതിനായി വിശദമായ പ്രവർത്തനരേഖ തയ്യാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കെമിക്കൽ ലഹരിവസ്തുക്കളുടെയും ഹൈബ്രിഡ് കഞ്ചാവിന്റെയും വ്യാപനം പൂർണമായി തടയുകയാണ് ലക്ഷ്യമെന്നും സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിലും അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഷനുകളിൽ എത്തുന്ന പരാതിക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേൾക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. വർഷങ്ങളായി സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കുന്നതിനും നടപടിയുണ്ടാകും.
പൊലീസ് സ്റ്റേഷനുകളെ ജനസൗഹൃദ സേവനകേന്ദ്രങ്ങളാക്കി മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്റ്റേഷനുകളിൽ എത്തുന്നവരെ കുറ്റവാളികളായി കാണുന്ന സമീപനം അവസാനിപ്പിക്കുമെന്നും പരാതിക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഷൻ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് നൽകുന്ന കാര്യം പഠനവിധേയമാക്കുമെന്നും ഇതിനായി പൊലീസ് ആസ്ഥാനത്തെ എഡിജിപിക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പഠന റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










