NEWS
സമൂഹത്തിന് റോള്‍ മോഡല്‍ ആകാന്‍ പോലീസിന് കഴിയണം അഭ്യന്തര വകുപ്പുമന്ത്രി
07/08/2026 06:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്ന കാര്യത്തില്‍ സമൂഹത്തിന് റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഏറ്റെടുക്കുന്ന ഏതൊരു ദൗത്യവും അച്ചടക്കത്തോടെയും കര്‍മ്മ ധീരതയോടെയും വിജയകരമായി നടപ്പാക്കുന്നതില്‍ കേരള പോലീസ് എന്നും മാതൃക കാണിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പുതുതായി പോലീസിലേയ്ക്ക് എത്തുന്ന സേനാഗംങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അടൂര്‍ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനില്‍ നിന്നുള്ള 205 ഉം കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയനില്‍ നിന്നുള്ള126ഉം ഉള്‍പ്പെടെ 331 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. സൂരജ് എസ് നയിച്ച പരേഡിന്‍റെ സെക്കന്‍റ് ഇന്‍ കമാന്‍ഡ് അഭിജിത്ത് കെ.എസ് ആയിരുന്നു.
കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഹരികൃഷ്ണന്‍ എസ് ആണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി സൂരജ് എസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് ഹരികൃഷ്ണന്‍ ജി. എസ് ആണ്. വിഷ്ണു വി ആണ് മികച്ച ആള്‍ റൗണ്ടര്‍.
കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് അനന്തു സുരേഷ് ആണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായ അഭിജിത്ത് കെ. എസ് തന്നെയാണ് മികച്ച ആള്‍ റൗണ്ടറും. എല്‍ദോ പൗലോസ് ആണ് മികച്ച ഷൂട്ടര്‍.
ഒന്‍പതുമാസത്തെ അടിസ്ഥാന പരിശീലനത്തന്‍റെ ഭാഗമായി ഇവര്‍ക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വര്‍ധിപ്പിക്കുന്ന പാഠങ്ങളാണ് പകര്‍ന്നു നല്‍കിയത്. ഔട്ട്ഡോര്‍ വിഭാഗത്തില്‍ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തല്‍, വിവിധ സെല്‍ഫ് ഡിഫന്‍സ് പരിശീലനങ്ങള്‍, ഫയറിംഗ് എന്നിവയില്‍ പരിശീലനം ലഭിക്കുകയുണ്ടായി.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സന്‍ഹിത, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ മീഡിയ, സൈബര്‍ കുറ്റകൃത്യങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നല്‍കിയിട്ടുണ്ട്.
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, പീനോളജി, വിക്ടിമോളജി, സൈബര്‍ ഫോറന്‍സിക് എന്നീ വിഷയങ്ങളിലും പരിശീലനം നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയവ പോലീസിന്‍റെ മാനവിക മുഖത്തിന്‍റെ സാക്ഷ്യം കൂടിയാണ്.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










