07:17pm 19 August 2026
NEWS
കേരള പോലീസിന് ആധുനിക മുഖം നല്‍കുന്ന മൂന്ന് പദ്ധതികള്‍ കൂടി ആഭ്യന്തരവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

18/08/2026  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള പോലീസിന് ആധുനിക മുഖം നല്‍കുന്ന മൂന്ന് പദ്ധതികള്‍ കൂടി ആഭ്യന്തരവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു
സൈബര്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ആധുനിക ലോകത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ്  കേരള പോലീസും അതിനനുസരിച്ച് മാറുന്നു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത'എ.ഐ. ട്രാക്ക്', സ്മാര്‍ട്ട് പോലീസിംഗ് എന്ന ആശയം കാര്യക്ഷമമാക്കാനായുള്ള 'ഇന്‍റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്‍റ് സിസ്റ്റം', സൈബര്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള 'സൈബര്‍ വാള്‍'  എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
 
ഭാവിയില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും പോലീസിന്‍റെ സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടും ജനകീയവുമാക്കാനും പുതിയ സൈബര്‍ പദ്ധതികള്‍ സഹായിക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി പറഞ്ഞു.
 
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. ആധുനിക സാങ്കേതിക വിദ്യയെ ജനങ്ങളുടെ സ്വത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്നതിന്‍റെ ദൃഷ്ടാന്തമാണ് കേരള പോലീസിൻ്റെ ഈ പുതിയ പദ്ധതികള്‍. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് 600- ഓളം ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. പദ്ധതിയുടെ ഗുണഫലങ്ങള്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് എത്തുന്നതിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
 
കഴിഞ്ഞ നാല് വര്‍ഷത്തെ റോഡപകടവിവരങ്ങള്‍, അപകടസാധ്യതയുള്ള പ്രദേശങ്ങള്‍, എന്‍ഫോഴ്സ്മെന്‍റ് രേഖകള്‍ തുടങ്ങിയവ അപഗ്രഥിച്ച് കൃത്യമായ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് എ.ഐ. ട്രാക്ക് (AI TRACK) വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ബീറ്റ്/പട്രോളിംഗുമായി ബന്ധപ്പെട്ടുള്ള ഡ്യൂട്ടി നിര്‍വ്വഹണം, ഫീല്‍ഡ് തല പരിശോധന, മേല്‍നോട്ടം, തത്സമയ ആശയവിനിമയം, റിപ്പോര്‍ട്ടിംഗ് എന്നിവയെ ഡിജിറ്റല്‍ രീതിയില്‍ ഏകോപിപ്പിക്കുന്ന സമഗ്രമായ  ഫീല്‍ഡ് പോലീസിംഗ് സംവിധാനമാണ് ഇന്‍റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്‍റ് സിസ്റ്റം.
 
സംശയാസ്പദമായ ഫോണ്‍ വിളികള്‍, സന്ദേശങ്ങള്‍, ലിങ്കുകള്‍, ഓഫറുകള്‍ തുടങ്ങിയവ പരിശോധിച്ച് അപകടസാധ്യത തിരിച്ചറിയാനും ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കാനും പൊതുജനങ്ങളെ സഹായിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് സൈബര്‍ വാള്‍ (Cyber Wall).
 
പോലീസ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അധ്യക്ഷത വഹിച്ചു. ക്രമസമാധാന വിഭാഗം  എ.ഡി.ജി.പി  പി. വിജയന്‍ പദ്ധതി വിശദീകരണം നടത്തി. മുന്‍ ഡി.ജി.പിയും സംസ്ഥാന പൊലീസ് ഉപദേഷ്ടാവുമായ എ. ഹേമചന്ദ്രന്‍ ആശംസകളര്‍പ്പിച്ചു. ഇന്‍റലിജന്‍സ് എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ്,  മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
ചടങ്ങിന്  സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഐ.ജി.പി  പി .പ്രകാശ് സ്വാഗതവും ട്രാഫിക്ക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജി.പി. ഡോ. എസ്. സതീഷ് ബിനൊ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img