
കർണാടകത്തിലെ സിദ്ധരാമയ്യ മന്ത്രിസഭയിലെ രണ്ടുപ്രമുഖരാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആഭ്യന്തരമന്ത്രി ഡോ: ജി പരമേശ്വരയും. രണ്ടുപേരും മുഖ്യമന്ത്രിയാകാൻ തീവ്രമായി ആഗ്രഹിക്കുന്നവരാണ്. 2013ൽ ഹൈക്കമാണ്ടിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു പരമേശ്വര. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയെങ്കിലും സ്വന്തം മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനാലാണ് പരമേശ്വരയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. ഭാഗ്യം കടാക്ഷിച്ചത് സിദ്ധരാമയ്യയെ ആയിരുന്നു. പിന്നീട് മുൻനിരയിലേക്ക് കയറിവന്ന നേതാവാണ് ശിവകുമാർ. ബംഗളുരുവിന് തെക്ക് കിഴക്കായി കിടക്കുന്ന രാമനഗര ജില്ലയിലെ കനകപുരയാണ് ശിവകുമാറിന്റെ മണ്ഡലം. ബംഗളുരുവിന്റെ ബ്രാൻഡ് വാല്യൂ വളരെ വലുതാണ്. ബംഗളുരുവിന്റെ വികസന ചുമതല വഹിക്കുന്നത് ശിവകുമാറാണ്. രാമനഗര ജില്ലയുടെ പേര് ബംഗളുരു സൗത്ത് എന്നാക്കി മാറ്റാനും അത് ക്യാബിനെറ്റിനെ കൊണ്ട് അംഗീകരിപ്പിക്കാനും ശിവകുമാറിന് കഴിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലാണ് രാമനഗര ബംഗളുരു സൗത്തായി മാറിയത്. ബംഗളുരുവും രാമനഗര ജില്ലയും സംഗമിക്കുന്ന ബിഡദി വൻ ടൌൺഷിപ്പാക്കാനുള്ള പദ്ധതി ധൃതഗതിയിൽ പുരോഗമിക്കുകയാണ്. ഏക്രകണക്കിന് കൃഷിഭൂമി പൊന്നുംവിലയ്ക്കെടുത്താണ് ശിവകുമാറിന്റെ നേതൃത്വത്തിൽ ഈ പദ്ധതി പുരോഗമിക്കുന്നത്. ബംഗളുരുവിന്റെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ജില്ലയാണ് തുമകൂരു. ഈ ജില്ലയിലെ കൊരട്ടഗെരെയാണ് പരമേശ്വരയുടെ മണ്ഡലം. തുമകൂരു ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് അദ്ദേഹം. ബംഗളുരുവിലെ രണ്ടാമത്തെ ഇന്റർ നാഷണൽ എയർപോർട്ട് തങ്ങളുടെ ഏരിയയിൽ കൊണ്ടുവരാൻ ശിവകുമാറും പരമേശ്വരയും പരസ്പരം മത്സരബുദ്ധിയോടെ ശ്രമിച്ചുവരികയാണ്. ബംഗളുരു നഗരകേന്ദ്രത്തിൽ നിന്നും തുമകൂരു നഗരത്തിലേക്ക് അറുപത് കിലോമീറ്റർ ദൂരമുണ്ട്. തുമകൂരു ജില്ലയുടെ പലഭാഗങ്ങളും വ്യാവസായികമേഖലയായി മാറിക്കഴിഞ്ഞു. നമ്മ മെട്രോ സർവീസ് ബംഗളുരുവിലെ തുമകൂരു റോഡിലെ മാധവാരയിൽ നിന്ന് തുമകൂരു വരെ നീട്ടാനുള്ള സ്വപ്നപദ്ധതിയുമായി( ദൈഘ്യം 59 കിലോമീറ്റർ) പരമേശ്വര മുന്നോട്ടുപോവുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തുമകൂരു ജില്ല ബംഗളുരു നോർത്ത് ജില്ലയായി മാറ്റണമെന്ന ആവശ്യം പരമേശ്വര ഉന്നയിച്ചത് ഗവണ്മെന്റ് മൂന്നുവർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇതിന് അനുകൂലമാണ്. എന്നാൽ പ്രതിപക്ഷം ഈ നീക്കത്തെ എതിർക്കുണ്ട്. രാമനഗര ജില്ല എന്നപോലെ തുമകൂരു ജില്ലയും അധികം താമസിയാതെ ബംഗളുരുവിന്റെ ഭാഗമായേക്കും.
Photo Courtesy - Google










