06:25am 10 November 2026
NEWS
ആഭ്യന്തരമന്ത്രിയുടെ അതൃപ്തിയും രോഷവും മറനീക്കുന്നു; കർണാടകത്തിൽ സംഭവിക്കുന്നതെന്ത്?
25/06/2025  10:53 AM IST
വിഷ്ണുമംഗലം കുമാർ
ആഭ്യന്തരമന്ത്രിയുടെ അതൃപ്തിയും രോഷവും മറനീക്കുന്നു; കർണാടകത്തിൽ സംഭവിക്കുന്നതെന്ത്

ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി പ്രത്യക്ഷത്തിൽ നല്ല സൗഹൃദമാണെങ്കിലും ഉള്ളിൽ കടുത്ത വിദ്വേഷവും വിയോജിപ്പും കൊണ്ടുനടക്കുന്ന നേതാവാണ് ആഭ്യന്തരമന്ത്രി ഡോക്ടർ ജി.പരമേശ്വര എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കാഴ്ചപ്പാട്. അതിന് അടിസ്ഥാനമുണ്ടുതാനും.  "വികസനത്തിന്‌ ഞങ്ങളുടെ കയ്യിൽ പണമില്ല. ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും അതാണ് പറയുന്നത്. ഗ്യാരണ്ടികൾ നൽകാൻ പോലും പണമില്ല. വികസനം വേണമെങ്കിൽ  നിങ്ങൾ വലിയ പ്രൊജക്ടുകൾ തയ്യാറാക്കി കേന്ദ്രത്തിന് കൊടുക്കൂ. എങ്കിലേ വല്ലതും നടക്കൂ "  ബാദാമിയിലെ ഒരു സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി അങ്ങനെ പ്രസംഗിച്ചതിന് പല മാനങ്ങളുണ്ട്. പിന്നീട് തിരുത്തിയെങ്കിലും പരമേശ്വരയുടെ ഉള്ളിലിരിപ്പാണ് പുറത്തുവന്നത്. ഭരണകക്ഷി എംഎൽഎമാർ ഒന്നിന് പിറകെ ഒന്നായി ഗവണ്മെന്റിന്റെ ഭരണസ്തംഭനത്തെ പഴിക്കുമ്പോഴാണ് ആഭ്യന്തരമന്ത്രിയുടെ തുറന്നുപറച്ചിൽ. കാര്യങ്ങൾ അത്ര പന്തിയല്ല. വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കഴിയാതെ കുഴങ്ങുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. സമ്പന്ന സംസ്ഥാനമായ കർണാടകത്തിൽ ഇങ്ങനെയൊരു സാഹചര്യം ആദ്യമാണ്. നമുക്ക് പരമേശ്വരയിലേക്ക് വരാം. 2013ൽ മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. പിസിസി അധ്യക്ഷനായിരിക്കെ പരമേശ്വരയുടെ നേതൃത്വത്തിലാണ് അത്തവണ കോൺഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഹൈക്കമാണ്ടിന്റെ മുഖ്യമന്ത്രിസ്ഥാനാർത്ഥി പരമേശ്വരയായിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ്സ് ഭൂരിപക്ഷം നേടിയെങ്കിലും സ്വന്തം മണ്ഡലമായ കൊരട്ട ഗെരെയിൽ പരമേശ്വര അപ്രതീക്ഷിതമായി തോറ്റു. അതൊരു അട്ടിമറിയായിരുന്നു. നറുക്ക് വീണത് പാർട്ടിയിൽ പരമേശ്വരയേക്കാൾ വളരെ ജൂണിയറായ സിദ്ധരാമയ്യയ്ക്കാണ്. എൺപതുകളുടെ അവസാനം അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയാണ് പരമേശ്വരയെ കോൺഗ്രസ്സിലേക്ക് കൈപിടിച്ചുകയറ്റിയത്. ആസ്‌ട്രേലിയയിലെ അഡെലെഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലാന്റ് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ വിദ്യാസമ്പന്നനാണ് പരമേശ്വര. സിദ്ധരാമയ്യയാകട്ടെ ജെഡിഎസ് വിട്ട് കോൺഗ്രസ്സിലെത്തിയത് 2005ലാണ്. തന്നെ കാലുവാരിയത് സിദ്ധരാമയ്യയുമായി അടുപ്പമുള്ളവരാണെന്ന് അക്കാലത്ത്‌ പരമേശ്വര ആരോപിച്ചിരുന്നു. എന്നാൽ ഏറെ വൈകാതെ തന്നെ അദ്ദേഹം സിദ്ധരാമയ്യയുമായി സമരസപ്പെട്ടു. എം എൽ സി യായി മന്ത്രിസഭയിൽ ചേരുകയും ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിൽ പ്രതിഛായയ്ക്ക് തിളക്കം കൂട്ടി ജനസമ്മതി വർധിപ്പിച്ച് സിദ്ധരാമയ്യ മുന്നോട്ടുപോയപ്പോൾ പരമേശ്വര അദ്ദേഹത്തിന്റെ നിഴലിലൊതുങ്ങി. തുടർന്നുവന്ന കോൺഗ്രസ്സ്- ജെഡിഎസ്സ് കൂട്ടുമന്ത്രിസഭയിൽ കുമാരസ്വാമിയുടെ കീഴിൽ ഉപമുഖ്യമന്ത്രിയായെങ്കിലും ആ മന്ത്രിസഭയ്ക്ക് ഒരുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ബിജെപി ഭരണം വന്നപ്പോൾ പരമേശ്വരയുടെ ഗ്രാഫ് വീണ്ടും താഴോട്ടുപോയി. 2023ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് അതിനകം ഹൈക്കമാണ്ടിന്റെ ആശീർവാദത്തോടെ പിസിസി അധ്യക്ഷനായ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയും ചേർന്നാണ്. കോൺഗ്രസ്സ് വൻ വിജയം നേടി. രാഷ്ട്രീയചിത്രം മാറിയപ്പോൾ രണ്ടാംസ്ഥാനത്ത് അതിശക്തനായി നിലയുറപ്പിച്ചിരിക്കുന്നത് ഉപമുഖ്യമന്ത്രിപദവും പിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചുവഹിക്കുന്ന ശിവകുമാറാന്. ഒരു ഉപമുഖ്യമന്ത്രിയേ പാടുള്ളൂ എന്ന് ശിവകുമാർ ശഠിച്ചതിനാൽ പരമേശ്വര പിന്നെയും പിറകിലേക്ക് തള്ളിനീക്കപ്പെട്ടു. മുഖ്യമന്ത്രിയാകാനുള്ള അടുത്ത ഊഴം ശിവകുമാറിന്റെതാണ്. കാലാവധി തീരുംമുമ്പ് സിദ്ധരാമയ്യ ഒഴിഞ്ഞാലും അടുത്ത തവണ ഭരണം കിട്ടിയാലും മുഖ്യമന്ത്രിക്കസേര ശിവകുമാറിന് ഉറപ്പിച്ചതാണ്.രാഷ്ട്രീയ സാഹചര്യം ഈ വിധം തുടർന്നാൽ 75 പിന്നിടുന്ന പരമേശ്വരയ്ക്ക് മുഖ്യമന്ത്രിക്കസേര കിട്ടാനുള്ള സാധ്യത വിരളമാണ്. ഈ യാഥാർഥ്യമാണ് പരമേശ്വരയെ അലട്ടുന്നതും അസ്വസ്ഥനാക്കുന്നതും. കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് എത്തിയിട്ടില്ലെന്നേയുള്ളൂ. രണ്ടും കല്പിച്ച് പോരാട്ടത്തിനിറങ്ങാൻ നിയമസഭാകക്ഷിയിൽ പരമേശ്വരയ്ക്ക് വേണ്ടത്ര പിന്തുണയില്ല എന്ന പ്രശ്നമുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് പണമില്ല എന്ന പ്രസ്താവന പിന്നീട് തിരുത്തിയെങ്കിലും ആഭ്യന്തരമന്ത്രിയുടെ അന്തരാളത്തിൽ അതൃപ്തിയുടെ അലമാലകൾ ആഞ്ഞടിക്കുന്നുണ്ടെന്നത് വ്യക്തമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img