06:20am 13 November 2026
NEWS
രേണുകസ്വാമി കൊലക്കേസ് പ്രതികൾക്ക് വീട്ടുഭക്ഷണം: വിചാരണക്കോടതി ഉത്തരവ് തടഞ്ഞ് ഹൈക്കോടതി.
05/03/2026  03:11 PM IST
വിഷ്ണുമംഗലം കുമാർ
രേണുകസ്വാമി കൊലക്കേസ് പ്രതികൾക്ക് വീട്ടുഭക്ഷണം: വിചാരണക്കോടതി ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

ബംഗളുരു: പ്രമാദമായ രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശൻ, പവിത്രഗൗഡ, നാഗരാജ്, ലക്ഷ്മണൻ എന്നിവർക്ക് വീട്ടുഭക്ഷണം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു. " മനുഷ്യാവകാശ സംരക്ഷണം ജയിൽ കവാടത്തിനകത്ത് ഒതുങ്ങുന്നില്ല. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെടാനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനുമുള്ള സ്വാതന്ത്ര്യം തടവുകാർക്ക് നിഷേധിക്കപ്പെടുന്നില്ല. വീട്ടിൽ നിന്ന് ഭക്ഷണം വരുത്തി കഴിക്കാൻ അനുവദിക്കണമെന്ന് തടവുകാർക്ക് ആവശ്യപ്പെടാം. എന്നാൽ തടവുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അത് നടപ്പിലാക്കണമെന്ന് ഒരു കോടതിയ്ക്കും ഉത്തരവിടാനാവില്ല. തടവുകാരുടെ ആരോഗ്യ സ്ഥിതിയും അവർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ജയിൽ ഡോക്ടർമാരോ ഡയറ്റീഷന്മാരോ പരിശോധിച്ച് റിപ്പോർട്ട് നൽകണം. അതിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റിന്റെ നിലപാടും പരിഗണിച്ചുകൊണ്ടേ കോടതികൾക്ക് ഉത്തരവിടാനാവൂ- ഹൈക്കോടതി ജസ്റ്റിസ് എം. നാഗപ്രസന്ന നിരീക്ഷിച്ചു. വിചാരണക്കോടതി ഉത്തരവ് വ്യക്തതയ്ക്കായി ഗവണ്മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. അത് പരിഗണിച്ചാണ് ജസ്റ്റിസ് നാഗപ്രസന്ന ഉത്തരവിട്ടത്. നാലുനേരത്തെ ഭക്ഷണത്തിനും കൂടി ഗവണ്മെന്റ് ചെലവിടുന്നത് 85 രൂപയാണെന്നും ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയാൻ അത് കാരണമാകുന്നുണ്ടെന്നും പ്രതികളുടെ അഭിഭാഷകർ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ചിരുന്നു. ഭക്ഷണത്തിന്റെ ഡിജിറ്റൽ പട്ടിക പ്രസിദ്ധപ്പെടുത്താൻ കോടതി ഗവണ്മെന്റിന് നിർദ്ദേശം നൽകി. അതിൽ കാലോചിതമായ മാറ്റം വേണമെങ്കിൽ കോടതി ഇടപെടും. വിദഗ്ദ്ധ പരിശോധന തടവുകാരുടെ ആരോഗ്യത്തിന്റെയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന്റെയും കാര്യത്തിൽ ഉണ്ടാകണം. നിയമാനുസൃതമായേ കോടതികൾക്ക് തീരുമാനം കൈക്കൊള്ളാനാവൂ. കുറച്ചു തടവുകാർക്ക് അന്യായമായി വീട്ടുഭക്ഷണം അനുവദിക്കാനാവില്ല. എല്ലാ തടവുകാർക്കും നല്ല ഭക്ഷണം നിയമാനുസൃതമായി ലഭിക്കണമെന്നാണ് കോടതി നിലപാട്. വിവേചനം പാടില്ല-വിചാരണക്കോടതി ഉത്തരവ് തടഞ്ഞുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു. കോളിളക്കം സൃഷ്‌ടിച്ച രേണുകസ്വാമി കൊലക്കേസിന്റെ വിചാരണ നടന്നുവരികയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img