05:46am 13 November 2026
NEWS
ദർശനും പെൺസുഹൃത്തിനും ജയിലിൽ വീട്ടുഭക്ഷണം: വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
21/01/2026  11:30 AM IST
വിഷ്ണുമംഗലം കുമാർ
ദർശനും പെൺസുഹൃത്തിനും ജയിലിൽ വീട്ടുഭക്ഷണം: വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ബംഗളുരു: വിവാദം സൃഷ്‌ടിച്ച രേണുകസ്വാമി കൊലക്കേസിലെ പ്രധാന പ്രതികളായ സൂപ്പർ സ്റ്റാർ ദർശനും പെൻസുഹൃത്ത് പവിത്ര ഗൗഡയും സഹായികളും ജയിലിലാണ്. ഹൈക്കോടതി ഈ പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കുറച്ചുകാലം പുറത്തായിരുന്ന പ്രതികൾ വീണ്ടും ജയിലിലായത്. ഇക്കഴിഞ്ഞ ഡിസംബർ 29 ന് കേസ് വിളിച്ചപ്പോൾ പ്രതികളായ നാഗരാജും ലക്ഷ്മണും വിചാരണക്കോടതിയിൽ ഒരു വാക്കാൽ നിർദ്ദേശം വെച്ചിരുന്നു. ദർശനും പവിത്ര ഗൗഡയ്ക്കും അവരുടെ വീട്ടിൽ നിന്ന് ഭക്ഷണം വരുത്തി കഴിക്കാൻ അനുമതി നൽകണമെന്നായിരുന്നു പ്രതികൾ വാക്കാൽ ആവശ്യപ്പെട്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ കോടതി അനുമതി നൽകുകയും ചെയ്തു. ആ ഉത്തരവിൽ വ്യക്തത വരുത്താൻ ഗവണ്മെന്റ് പ്രസ്തുത കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ജനവരി ആറിന് കോടതി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവർക്കും വീടുകളിൽ നിന്ന് ഭക്ഷണം വരുത്താനുള്ള അനുമതിയാണ് കോടതി നൽകിയത്. ഗവണ്മെന്റിന്റെ അപേക്ഷ പരിഗണിച്ച് ആ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കയാണ്. ജയിൽ നിയമങ്ങൾ പരിശോധിക്കാതെയും സുപ്രീം കോടതിയുടെ മാർഗ്ഗനിർദേശങ്ങൾ പരിഗണിക്കാതെയുമാണ് വിചാരണക്കോടതി വിധി പ്രസ്താവിച്ചതെന്ന് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന കുറ്റപ്പെടുത്തി. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി എൻ ജഗദീഷാണ് വിചാരക്കോടതി വിധിയിലെ അപാകതകൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ചില പ്രത്യേക സാഹചര്യങ്ങളിൽ , അതും ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പ്രതികൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം വരുത്താനാവൂ എന്നാണ് ജയിൽ നിയമം. അത് പാലിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. അധികാരത്തിന്റെ ഉന്നതങ്ങളിൽ സ്വാധീനമുള്ള വ്യക്തിയാണ് ദർശൻ. കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിലായത് മുതൽ ഇദ്ദേഹവുമായി ബന്ധപ്പെട്ട് നിയമലംഘന ആരോപണങ്ങൾ ഉയരുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img