01:56pm 13 September 2026
NEWS
വീടുകളിലെ പ്രസവങ്ങൾ വർദ്ധിക്കുന്നു; ചൂഷകരായി കപടചികിത്സകരും വ്യാജസിദ്ധൻമാരും
10/05/2025  10:42 PM IST
നെല്ലിക്കുത്ത് ഹനീഫ
വീടുകളിലെ പ്രസവങ്ങൾ വർദ്ധിക്കുന്നു; ചൂഷകരായി കപടചികിത്സകരും വ്യാജസിദ്ധൻമാരും

വീട്ടിൽവെച്ച് പ്രസവിച്ചത് കാരണം, അധികൃതർ നാല് മാസമായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷന് മുന്നിൽ യുവദമ്പതികൾ. ബോധപൂർവ്വം ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ പ്രസവം നടത്തിയത് കാരണം നാല് കുഞ്ഞുങ്ങളുടെ മാതാവായ അസ്മ എന്ന വീട്ടമ്മ രക്തം വാർന്ന് മരണപ്പട്ട സംഭവം മറ്റൊന്ന്. കോഴിക്കോടും, മലപ്പുറത്തുമാണ്. കേരളം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ സംഭവങ്ങൾ. അക്യുപങ്ചർ ചികിത്സ നടത്തുന്നവരാണ് ഈ രണ്ട് സംഭവങ്ങളിലും നായകൻമാർ. 

വീട്ടിൽവെച്ച് പ്രസവിച്ചു എന്ന കാരണത്താൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അധികൃതർ നിഷേധിച്ചതോടെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ പരാതിയുമായി എത്തിയത്. ഈ ദമ്പതികൾ അക്യുപങ്ചർ പ്രാക്ടീഷണറുമാണ്. കഴിഞ്ഞ വർഷം നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്നതാണ് പരാതി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ഹസ്‌നാ ജാസ്മിൻ ഗർഭകാല ചികിത്സ തേടിയത്. 

ഹസ്‌നാ ജാസ്മിൻ ഒക്ടോബർ 28-ന് പ്രസവിക്കുമെന്ന് ആശുപത്രിക്കാർ പറഞ്ഞതായി പറയുന്നു. എന്നാൽ ആ ദിവസം പ്രസവവേദന അനുഭവപ്പെടാത്തതിനാൽ ഇവർ വീട്ടിൽ തന്നെ തുടർന്നു. പിന്നീട് നവംബർ രണ്ടാം തീയതി രാവിലെ 11 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതായും, അപ്പോൾതന്നെ പ്രസവം നടന്നതായുമാണ് ഷറാഫത്ത് വ്യക്തമാക്കുന്നത്. കുഞ്ഞ് പുറത്ത് വന്നതോടെ ബ്ലേഡ് ഉപയോഗിച്ച് പൊക്കിൾക്കൊടി മുറിച്ച് മാറ്റിയതായും ഷറാഫത്ത് പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കെ സ്മാർട്ട് വഴി ജനന സർട്ടിഫിക്കറ്റിന് ഷറാഫത്ത് അപേക്ഷ നൽകി. നാല് ദിവസം കഴിഞ്ഞ് ആശാവർക്കർ എത്തി പരിശോധന നടത്തുകയും, ഇതുവരെ ജനന സർട്ടിഫിക്കറ്റ് നൽകാത്തത് കാരണം ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയുമായിരുന്നു. പ്രസ്തുത തീയതിയിൽ പ്രസ്തുത വിലാസത്തിൽ പ്രസവം നടന്നതിന്റെ രേഖകൾ ഹാജരാക്കിയാൽ ജനന സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതും.

ഒരു കുട്ടിയുടെ ജനനം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാന നിയമമാണ് 'രജിസ്ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത്ത് ആക്ട്'. ഇതനുസരിച്ച് കുട്ടി ജനിക്കുന്ന സ്ഥലത്തെ മുതിർന്ന ആൾ ജനനവിവരം ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് നിയമം. വീട്, വാഹനം എന്നിങ്ങനെ എവിടെ വെച്ച് ജനിച്ചാലും, എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് ആക്ടിൽ കൃത്യമായി പറയുന്നുണ്ട്. ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, ജനനസ്ഥലം രേഖപ്പെടുത്താൻ പ്രത്യേക കോളവുമുണ്ട്. അതിൽ ഒരു ഓപ്ഷൻ വീട് എന്നും, രണ്ടാമത്തേത് മറ്റുള്ളവ എന്നുമാണ്. വീട്ടിൽ ജനിച്ച കുട്ടിയ്ക്ക് ഏത് വിധേനയും ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള നിയമ സാധ്യത നിലനിൽക്കെ, അത് നിഷേധിക്കുന്നത് കുറ്റകരമാണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് വീട്ടമ്മ മരണപ്പെട്ട സംഭവത്തോടെയാണ് വീടുകളിലെ പ്രസവം സാർവ്വത്രികമായി ചർച്ച ചെയ്യപ്പെടുന്നത്. ചട്ടിപ്പറമ്പ് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ-വണ്ടാനം സ്വദേശിയും, മതപ്രഭാഷകനുമായ സിറാജുദ്ദീൻ മുസ്ല്യാരുടെ ഭാര്യ പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടത്. അസ്മയ്ക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ട് അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും, ഭർത്താവ് സിറാജുദ്ദീൻ മുസ്ല്യാർ  ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന് പറയുന്നു. 

കുഞ്ഞിന് ജന്മം നൽകിയ ശേഷം അസ്മ മരണപ്പെട്ടു. തുടർന്ന്  ഭർത്താവ് സിറാജുദ്ദീൻ മുസ്ല്യാർ ഭാര്യയുടെ ജഡം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു. അസ്മയുടെ ബന്ധുക്കളുടെ പരാതിയിൽ കേസ്സെടുത്ത പോലീസ്, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ജഡം പോസ്റ്റ്‌മോർട്ടം നടത്തി. അമിത രക്തസ്രാവമാണ് മരണകാരണമെന്നും, കൃത്യസമയത്ത് ചികിത്സ നടത്തിയിരുന്നുവെങ്കിൽ രക്ഷിക്കാൻ ആകുമായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കിയതോടെ, അസ്മയുടെ ഭർത്താവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് അയാളേയും, പ്രസവമെടുക്കാൻ സഹായിച്ച  മലപ്പുറം-ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

വീട്ടിലെ പ്രസവങ്ങൾ

2020-21 വർഷത്തിൽ കേരളത്തിൽ നടന്ന പ്രസവങ്ങളുടെ 67.06 ശതമാനം സ്വകാര്യ ആശുപത്രികളിലും, 31.75 ശതമാനം സർക്കാർ ആതുരാലയങ്ങളിലുമാണെന്നാണ് കണക്കുകൾ. അതോടൊപ്പം വീട്ടിൽ പ്രസവമെടുക്കുന്ന സംഭവങ്ങളും കേരളത്തിൽ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ട സംഭവമായി ഇത് കാണാനാകില്ല. ആരോഗ്യമേഖലയിൽ ലോക നിലവാരം പുലർത്തുന്ന കേരളത്തിൽ ഏതാണ്ടെല്ലാ ജില്ലയിലും വീടുകളിലെ പ്രസവം നടക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ഭാഗമായും വീട്ടിലെ പ്രസവങ്ങൾ നടക്കുന്നതായി പറയപ്പെടുന്നു. 

എന്നാൽ വീടുകളിൽ പ്രസവം നടത്താൻ ഒരു മതവും അനുശാസിക്കുന്നുമില്ല. വീടുകളിലെ പ്രസവം വർദ്ധിച്ച് വരുന്ന അവസ്ഥ ആശങ്കാജനകമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നുണ്ട്. മുഖ്യമായും രണ്ട് കാരണങ്ങളാലാണ് പ്രസവങ്ങൾ വീടുകളിൽ നടത്താൻ കാരണമായി പറയപ്പെടുന്നത്. വയനാട്, ഇടുക്കി പോലുള്ള മലയോര പ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ നിന്ന് യഥാസമയം ആശുപത്രിയിൽ  എത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ വീടുകളിൽ പ്രസവം നടത്തേണ്ടിവരുന്നു. ബോധപൂർവ്വം ആശുപത്രിയിൽ പോകാതെ വീട്ടിൽ  വെച്ച് തന്നെ പ്രസവം നടത്താമെന്ന് തീരുമാനിക്കുന്നു എന്നതാണ് മറ്റൊരു രീതി. മുൻ കാലങ്ങളിലെപ്പോലെ വീടുകളിൽ പ്രസവിച്ചാൽ മതി എന്ന ചിന്ത മൂലമാണിത്. ഗർഭം ഒരു അസുഖമല്ലെന്നും, മരുന്നുകൾ വിഷ സമാനമാണെന്നും, ആധുനിക വൈദ്യശാസ്ത്രം അപ്പാടെ ചൂഷണമാണെന്നുള്ള ഒരു ധാരണ ശക്തിപ്പെട്ട് വരികയുമാണ്. പ്രസവത്തിന് ആശുപത്രികളിൽ പോയാൽ വാണിജ്യ ലക്ഷ്യത്തോടെ അനാവശ്യമായി സിസേറിയൻ നടത്തുമെന്ന വിശ്വാസവും പൊതുവിലുണ്ട്.

ഏറെ സങ്കീർണ്ണത ഉണ്ടായേക്കാവുന്ന ഒരു പ്രക്രിയയാണ് പ്രസവം. യഥാസമയം അത് പരിഹരിക്കുന്നതിനുള്ള  സംവിധാനമില്ലെങ്കിൽ മാതാവിനും, കുഞ്ഞിനുമെല്ലാം അപകടം സംഭവിച്ചേക്കാം. വീടുകളിലെ പ്രസവങ്ങളിൽ ഈ അപകട സാധ്യതയാണ് നിഴലിക്കുന്നതും. പ്രസവത്തിനിടെ അമിതമായ രക്തസ്രാവം, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം, പ്രസവസമയം നീണ്ടുപോകൽ എന്നിങ്ങനെ പല തരത്തിലുള്ള സങ്കീർണ്ണതകൾ സ്വാഭാവികമാണ്. മുൻകൂട്ടി കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളാണത്. പ്രസവസമയം നീണ്ടുനിന്നാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിൽ കുറവ് വന്ന് ബുദ്ധിമാന്ദ്യസാധ്യതയും പറയുന്നുണ്ട്. 

മുൻകാലത്ത് വയറ്റാട്ടിമാർ സാഹസികമായി കൈകാര്യം ചെയ്തിരുന്ന പ്രസവമെടുക്കൽ, വൈദ്യശാസ്ത്രവും, ആതുരാലയങ്ങളും വികാസം പ്രാപിച്ചതോടെ വൈദ്യസംഘത്തിന്റെ മേൽനോട്ടത്തിലായി പ്രസവമെടുക്കൽ. അതോടെ പ്രസവാനന്തര അപകടങ്ങളും ഇല്ലാതായി. ഇപ്പോൾ വ്യാപകമായി നടക്കുന്ന വീട്ടുപ്രസവങ്ങളിൽ, വീടുകളിലെ പ്രസവങ്ങളിൽ എത്ര കുഞ്ഞുങ്ങൾ മരണപ്പെട്ടിട്ടുണ്ട്, അംഗവൈകല്യം സംഭവിച്ചിട്ടുണ്ട് എന്നതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ല. എത്രപേർ പ്രസവാനന്തരം മരണപ്പെട്ടിട്ടുണ്ട് എന്നതിനും കൃത്യമായ കണക്കുകളില്ല. മരണം നടന്നിട്ടില്ലെങ്കിൽ പോലും, ശിഷ്ട ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നതിനും രേഖകളില്ല. വീട്ടുപ്രസവങ്ങൾക്കുള്ള ദൂഷ്യങ്ങളാണിതൊക്കെ. 

കൂടുതലും മലപ്പുറം ജില്ലയിൽ

വീടുകളിൽ പ്രസവിക്കുക എന്നത് ഭാവിതലമുറയെ കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്നമായി മാറുകയാണ്. ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്നവരും കേരളത്തിൽ എമ്പാടുമുണ്ട്. ശിശു-മാതൃ മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 1000 ജനനത്തിൽ 5 മരണം എന്നതാണ് കേരളത്തിലെ കണക്ക്. ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതയും, ബോധവത്ക്കരണവും കൊണ്ടാണ് മാതൃ നവജാത ശിശു മരണനിരക്ക് കേരളത്തിൽ കുറയാൻ കാരണം. ഇത് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴാണ്, വീടുകളിലെ പ്രസവത്തിന് വേണ്ടി പ്രചാരകർ വർദ്ധിക്കുന്നത്. പ്രസവം വീടുകളിൽ ആകുമ്പോൾ, മാതാവിന്റേയോ, സഹോദരിമാരുടേയോ, മറ്റ് ബന്ധുക്കളുടേയോ സാന്നിദ്ധ്യം ഗർഭിണികൾക്ക് എല്ലാ നിലയിലും ആശ്വാസമാകുന്നു എന്ന് കരുതപ്പെടുന്നുമുണ്ട്. വീട്ടിലെത്തി പ്രസവം എടുക്കുന്ന വയറ്റാട്ടിമാരും സജീവമാണിന്ന്. 

ഭാര്യയുടെ പ്രസവം ഭർത്താവ് സ്വയം കൈകാര്യം ചെയ്ത സംഭവവും, യൂട്യൂബ് നോക്കി സ്വയം പ്രസവം നടത്തിയ 19-കാരിയും മലപ്പുറത്തുണ്ട്. വികസിത രാജ്യങ്ങളിൽ വീടുകളിലെ പ്രസവം   സാധാരണമാണ്. അവിടങ്ങളിൽ ഒരു കുഴപ്പവുമില്ലെങ്കിൽ എന്തുകൊണ്ട് ഇവിടേയും അതായിക്കൂടെന്ന് പറയുന്നവരും ഏറെയാണ്. 2024-25 വർഷത്തിൽ 192 ഗാർഹിക പ്രസവങ്ങളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാമൂഹിക സാഹചര്യങ്ങളും, പെരുകിവരുന്ന സ്വകാര്യ ആശുപത്രികളെക്കുറിച്ചുള്ള ആശങ്കകളും ഇതിനൊരു കാരണമായി വരുന്നുണ്ട് എന്നതും പറയേണ്ടതുണ്ട്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2022-23 വർഷത്തിൽ 700-ലേറെ പ്രസവങ്ങൾ നടന്നത് വീടുകളിലാണ്. ഇതിൽ ആദിവാസി-തോട്ടം മേഖലകളിലുള്ള പ്രസവങ്ങളും ഉൾപ്പെടുമെങ്കിലും, കൂടുതൽ പ്രസവങ്ങളും ബോധപൂർവ്വം വീട് തെരഞ്ഞെടുത്തവരാണ്. കേരള സർക്കാറിന്റെ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് 2023 മെയ് മാസത്തിൽ പുറത്ത് വിട്ട വാർഷിക 'വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്' പ്രകാരം, 2020-21-ൽ ഗാർഹിക പ്രസവങ്ങൾ 560 ആയിരുന്നിടത്ത് 2021-22-ൽ 740 ആയി ഉയർന്നു.  2019-20-ലെ ജില്ല തിരിച്ചുള്ള ഗാർഹിക പ്രസവങ്ങളുടെ കണക്ക് ഇപ്രകാരമാണ്. തിരുവനന്തപുരം 26. കൊല്ലം 33. പത്തനംതിട്ട 18. ആലപ്പുഴ 21. കോട്ടയം 05. ഇടുക്കി 60. എറണാകുളം 26. തൃശൂർ 09. പാലക്കാട് 66. മലപ്പുറം 215. കോഴിക്കോട് 12. വയനാട് 152. കണ്ണൂർ 75. കാസർകോട് 22. 2021-22 വർഷത്തെ അപേക്ഷിച്ച് പിന്നീടുള്ള മൂന്ന് വർഷങ്ങളിൽ വീട്ടു പ്രസവത്തിന്റെ എണ്ണം കുറഞ്ഞു. 2021-22-ൽ 273 ഗാർഹിക പ്രസവമാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 2022-23-ൽ 266 ആയും, 2023-24-ൽ 252 ആയും, 2024-25-ൽ 191 ആയും അത് കുറഞ്ഞു. വീട്ടുപ്രസവത്തിനെതിരെ ജില്ലയിൽ ആരോഗ്യ പ്രവർത്തകർ നടത്തുന്ന ക്യാമ്പയിന്റെ ഫലമാണിതെന്ന് പറയുന്നു. പിന്നിട്ട ആറ് വർഷത്തിനിടെ, മലപ്പുറത്തുണ്ടായ  വീട്ടു പ്രസവങ്ങളിൽ ഏറ്റവും കുറവ് കഴിഞ്ഞ വർഷമാണെന്നും പറയുന്നു.

2023 ജനുവരി മുതൽ ആഗസ്റ്റ് വരെ 172 കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. ഗാർഹിക പ്രസവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജില്ലയിൽ താനാളൂർ, മംഗലശ്ശേരി, ചെറിയമുണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ്. വേങ്ങര ആരോഗ്യ ബ്ലോക്കിന് കീഴിലാണ് കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടന്നത്. 19 എണ്ണം. കുറവ് മേലാറ്റൂർ ആരോഗ്യ ബ്ലോക്കിലും. ഒന്ന് മാത്രം. അതേസമയം, 2022-23 സാമ്പത്തിക വർഷത്ത ജില്ലയിലെ കണക്കെടുത്താൽ 266 പ്രസവങ്ങളാണ് വീട്ടിൽ നടന്നതായി കണ്ടെത്തിയത്. ബ്ലോക്ക് അടിസ്ഥാനത്തിൽ വേങ്ങര  41, പൂക്കോട്ടൂർ 34, എടവണ്ണ 22, കുറ്റിപ്പുറം 21, നെടുവ 16, ചുങ്കത്തറ 13, വണ്ടൂർ 9, മേലാറ്റൂർ 8, വെട്ടം -8, മങ്കട 7, കൊണ്ടോട്ടി  7, മാറഞ്ചേരി 6, ഒമാനൂർ 6, തവനൂർ 5 എന്നിങ്ങനെയാണ്. എടയൂർ പി.എച്ച്.സി ക്ക് കീഴിൽ ഇരട്ടക്കുട്ടികളുടെ പ്രസവംവരെ വീട്ടിൽ നടന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താനാളൂർ ഭാഗത്ത് ഗാർഹിക പ്രസവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ് ഗ്രൂപ് തന്നെ പ്രവർത്തിക്കുന്നുണ്ട്.   

തെക്കൻ കേരളത്തിൽ ഗാർഹിക പ്രസവങ്ങളുടെ കണക്ക് താരതമ്യേന കുറവാണ്. കൊല്ലം ജില്ലയിൽ 2022-23 സാമ്പത്തിക വർഷത്തിൽ 23 ഗാർഹിക പ്രസവങ്ങളുണ്ടായി. കൊല്ലം ജില്ലയിലെ അക്യുപങ്ചർ പ്രാക്റ്റീഷണറുടെ ഭാര്യ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രണ്ട് കുഞ്ഞുങ്ങൾക്ക് വീട്ടിൽ വെച്ച് ജന്മം നൽകി. താനാണ് ഭാര്യയുടെ പ്രസവം എടുത്തതെന്ന് ടിയാൻ യൂട്യൂബ് വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇവരുടെ ആദ്യ കുഞ്ഞ് പിറന്ന വേളയിൽ ആരോഗ്യപ്രവർത്തകരിൽ നിന്ന് മോശം പ്രതികരണം ഉണ്ടായതിനെ തുടർന്ന്, രണ്ടാം ഗർഭം പൂർണ്ണമായും അക്യുപങ്ചർ പ്രാക്ടീഷണറായ ഭർത്താവിന്റെ പരിചരണത്തിലാണ് നടത്തിയതത്രെ. തനിയ്ക്ക് കംഫർട്ടബിളായ രീതി എന്ന നിലയിൽ ഭാര്യ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു അതെന്നും പറയുന്നു. 

കോഴിക്കോട് ജില്ലയിൽ 2022-23 വർഷത്തിൽ 38 വീട്ട് പ്രസവ കേസ്സുകളാണുണ്ടായത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മൂന്നും, ഓമശ്ശേരി പി.എച്ച്.സി പരിധിയിൽ നാലും, മറ്റ് എട്ട് പി.എച്ച്.സികളുടെ പരിധികളിലായി ഓരോന്ന് വീതവുമാണ് നടപ്പ് വർഷം റിപ്പോർട്ട് ചെയ്തത്.  കാസർകോട് ജില്ലയിൽ 2023-ൽ 13 പ്രസവങ്ങളും വീടുകളിൽ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാർഹിക പ്രസവ സമ്പ്രദായം നില നിൽക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലും, ആഫ്രിക്കൻ രാജ്യങ്ങളിലുമടക്കം ഈ രീതി സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ സാഹചര്യം വ്യത്യസ്തമാണ്. ഗർഭിണിയാവുന്നത് മുതൽ ആവശ്യമായ എല്ലാവിധ പരിശോധനകൾ നടത്തുകയും, യുക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്ത് ഡോക്ടറുടെ അനുമതി പ്രകാരം പ്രൊഫഷണൽ മിഡ് വൈഫിന്റെ സഹായത്തോടെ വീട്ടിലോ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലോ പ്രസവിക്കുകയാണ് അവിടങ്ങളിലെ രീതി. ഇവിടങ്ങളിൽ ഗർഭിണികൾക്ക് പ്രസവവേദന തുടങ്ങി എന്ന് അറിയിക്കുമ്പോൾ തന്നെ ആരോഗ്യപ്രവർത്തകർ എല്ലാ തയ്യാറെടുപ്പുകളുമായി വീട്ടിലെത്തും. എന്തെങ്കിലും തരത്തിലുള്ള സങ്കീർണ്ണത ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യങ്ങളും അവർക്കുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഈ രീതികളൊന്നും നിലവിൽ വന്നിട്ടില്ല. 

ബോധവത്ക്കരണം

വീട്ടു പ്രസവകാര്യങ്ങളെ ചൊല്ലി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ് ഇയ്യിടെ കളക്‌ട്രേറ്റിൽ വിപുലമായ യോഗം വിളിച്ച് കൂട്ടിയിരുന്നു. ഈ യോഗത്തിൽ വിവിധ മത നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരെല്ലാം പങ്ക് കൊണ്ടിരുന്നു. ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും, ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്‌കർഷിക്കുന്നു എന്നും, ഇക്കാര്യത്തിലുള്ള തെറ്റിദ്ധാരണകൾ അകറ്റണമെന്നും യോഗത്തിൽ പങ്കെടുത്ത മതനേതാക്കൾ വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിൽ മത സംഘടനകളുടേയോ, മത തത്വങ്ങളുടേയോ പിൻബലമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പിന്റേയും, ജില്ലാ ഭരണകൂടത്തിന്റേയും ശ്രമങ്ങൾക്ക് എല്ലാ മതസംഘടനാ നേതാക്കളും പിന്തുണയും ഉറപ്പ് നൽകി. അതേസമയം, അനാവശ്യമായി സിസേറിയൻ  നടത്തുന്ന ആശുപത്രികളെക്കുറിച്ച് സംശയമുളവാക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണമെന്നും, സിസേറിയൻ നടത്താനുള്ള കാരണം ബോധ്യപ്പെടുത്തേണ്ടത് ഡോക്ടരുടെ ചുമതലയാണ്. 

എന്നാൽ പൊതുജനത്തിന്റെ അജ്ഞത മുതലെടുപ്പ് നടത്തി അനാവശ്യ സിസേറിയനുകൾ ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യവകുപ്പ് സന്നദ്ധമാകണമെന്നും യോഗത്തിൽ  ആവശ്യമുയർന്നു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി ഷുബിൻ, ജില്ലാ ആർ.സി. എച്ച് ഓഫീസർ ഡോ. എൻ എൻ പമീലി, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി സാദിക്കലി, എം.ഇ.എസ് മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധൻ ഡോ. പുരുഷോത്തമൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രീഷൻ പ്രസിഡണ്ട് ഡോ. ഇ.എസ് സജീവൻ, എം.ഇ.എസ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. പി മുംതാസ്, മഞ്ചേരി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം തലവൻ ഡോ. സി പി അഷ്‌റഫ്, വിവിധ മത സംഘടനകളെ പ്രതിനിധീകരിക്കുന്നവരും പങ്കെടുത്തു.

 വീടുകളിലെ പ്രസവം ഒഴിവാക്കി മാതൃശിശുമരണം ഇല്ലാതാക്കാൻ ജില്ലയിൽ ആരോഗ്യവകുപ്പ് ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. 'കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തെരഞ്ഞെടുക്കാം' എന്ന പേരിലാണ്  ക്യാമ്പയിൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img